പള്ളഞ്ചി വെള്ളരിക്കയത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞു; ഒലിച്ചുപോയ കാറില്‍ നിന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ആദൂര്‍: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടെ കാര്‍ പുഴയിലേക്ക് മറിഞ്ഞു. ഒലിച്ചുപോയ കാര്‍ മരത്തില്‍ തട്ടി നിന്നതിനാല്‍ കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 5.30 മണിയോടെ പള്ളഞ്ചി-പാണ്ടി റോഡില്‍ വെള്ളരിക്കയത്താണ് സംഭവം. പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തില്‍ നിന്ന് കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. അമ്പലത്തറ ഏഴാംമൈലിലെ അഞ്ചില്ലത്ത് തസ്രീഫ്(36), അമ്പലത്തറ പുല്ലൂര്‍ മുനമ്പത്തിലെ അബ്ദുല്‍ റഷീദ്(38) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇരുവരും അമ്പലത്തറയില്‍ നിന്ന് കര്‍ണ്ണാടക ഉപ്പിനങ്ങാടിയിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന […]

ആദൂര്‍: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്യുന്നതിനിടെ കാര്‍ പുഴയിലേക്ക് മറിഞ്ഞു. ഒലിച്ചുപോയ കാര്‍ മരത്തില്‍ തട്ടി നിന്നതിനാല്‍ കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ 5.30 മണിയോടെ പള്ളഞ്ചി-പാണ്ടി റോഡില്‍ വെള്ളരിക്കയത്താണ് സംഭവം. പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തില്‍ നിന്ന് കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. അമ്പലത്തറ ഏഴാംമൈലിലെ അഞ്ചില്ലത്ത് തസ്രീഫ്(36), അമ്പലത്തറ പുല്ലൂര്‍ മുനമ്പത്തിലെ അബ്ദുല്‍ റഷീദ്(38) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇരുവരും അമ്പലത്തറയില്‍ നിന്ന് കര്‍ണ്ണാടക ഉപ്പിനങ്ങാടിയിലെ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ സ്വിഫ്റ്റ് കാറില്‍ പോവുകയായിരുന്നു. ഗൂഗിള്‍ മാപ്പ് നോക്കി യാത്ര തുടരുന്നതിനിടെ വെള്ളരിക്കയത്ത് എത്തിയപ്പോള്‍ പുഴവെള്ളം നിറഞ്ഞതിനാല്‍ റോഡ് പാലം ഇവരുടെ ശ്രദ്ധയില്‍പെട്ടില്ല. കൈവരിയില്ലാത്ത ഈ പാലത്തിലേക്ക് കടന്ന കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. കാര്‍ മുക്കാല്‍ കിലോമീറ്റര്‍ വരെ പുഴയിലൂടെ ഒഴുകി ഒരു മരത്തില്‍ തട്ടി നിന്നു. ഇതോടെ രണ്ടുപേരും കാറില്‍ നിന്നിറങ്ങി മരത്തില്‍ പിടിച്ച് നില്‍ക്കുകയായിരുന്നു.
വിവരമറിഞ്ഞ് കുറ്റിക്കോലില്‍ നിന്ന് ഫയര്‍ഫോഴ്സും ആദൂര്‍ പൊലീസും എത്തി ഒരു മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തസ്രീഫിനെയും അബ്ദുല്‍ റഷീദിനെയും പുഴയില്‍ നിന്ന് കരയ്ക്കെത്തിച്ചത്.
പാലത്തിന് കൈവരി നിര്‍മ്മിക്കണമെന്ന് നാട്ടുകാര്‍ നിരവധി തവണ അധികൃതരോടാവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം ഒരു ബൈക്കും ഈ ഭാഗത്ത് നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ടിരുന്നു.

Related Articles
Next Story
Share it