ഉദുമ: സുഹൃത്തുക്കളെ ഒപ്പം കൂട്ടി പതിനേഴുകാരന് ഓടിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് എരോലില്‍ നിന്നാണ് മേല്‍പ്പറമ്പ് എസ്.ഐ വി.കെ വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാര്‍ കസ്റ്റഡിയിലെടുത്തത്. കോട്ടിക്കുളം സ്വദേശിയായ പതിനേഴുകാരനാണ് സുഹൃത്തുക്കളെ ഒപ്പം കൂട്ടി കാര്‍ ഓടിച്ചുവന്നത്. എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെ ചുവന്ന നിറത്തിലുള്ള കാര്‍ ഓടിച്ചുവരുന്നത് ശ്രദ്ധയില്‍പെട്ടു. പൊലീസിനെ കണ്ടതോടെ കാര്‍ പിറകോട്ടെടുത്തു. സംശയം തോന്നിയ പൊലീസ് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ് കാര്‍ ഓടിച്ചതെന്ന് വ്യക്തമായി. കാര്‍ കസ്റ്റഡിയിലെടുത്ത പൊലീസ് പതിനേഴുകാരനെയും മറ്റ് കുട്ടികളെയും ബന്ധുവിനൊപ്പം വിട്ടു. ആര്.സി ഉടമക്കെതിരെ കേസെടുത്തു.