കാഞ്ഞങ്ങാട്: വിരണ്ടോടിയ പോത്ത് പരാക്രമം കാട്ടിയത് മണിക്കൂറുകളോളം. മഡിയനിലെ അറവുശാലയിലേക്ക് കൊണ്ടു വന്ന പോത്താണ് ഇന്നലെ രാവിലെ കയര്‍ പൊട്ടിച്ച് വിരണ്ടോടിയത്. അടോട്ട്, വിഷ്ണുമംഗലം വഴി മാവുങ്കാല്‍ മൂലക്കണ്ടത്തെത്തിയ പോത്ത് കെ.സരോജിനിയുടെ വീട്ടുപറമ്പില്‍ പതിനൊന്നു മണിയോടെയെത്തി. പ്രാണരക്ഷാര്‍ത്ഥം വീട്ടുകാര്‍ വാതിലടച്ച് അകത്ത് കൂടിയ ശേഷം പൊലീസിലും അഗ്നിരക്ഷാസേനയേയും വിവരം അറിയിച്ചു. ഇതിനിടെ ഫോറസ്റ്റ് റെസ്ക്യു ടീമും എത്തി. നാട്ടുകാരും പോത്തിന്റെ ഉടമസ്ഥരും സ്ഥലത്തെത്തി പിടികൂടാന്‍ ശ്രമിച്ചെങ്കിലും പോത്ത് അക്രമകാരിയായി. പോത്തിനെ പിടികൂടുന്നതിടെ ഒരാള്‍ കിണറ്റിനു മുകളിലെ വലയില്‍ വീണതിനാല്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. പിന്നിട് മറ്റൊരാള്‍ മരത്തിനുമുകളില്‍ കയറിയതിനാലും രക്ഷപ്പെട്ടു. ഇതിനിടെ വിറളി പൂണ്ട് മതിലില്‍ ആഞ്ഞ് കുത്തി മതില് തകര്‍ത്തു. വൈദ്യുതി തൂണിന്റെ സ്റ്റേ വയറിനു കേടുപറ്റി. വാഴകളും തെങ്ങിന് തൈയും നശിച്ചു. മുന്നു മണിയോടെ മണ്ണുമാന്തി യന്ത്രം എത്തിച്ച് പോത്തിനെ പിടികൂടാന്‍ ശ്രമം തുടങ്ങി. 3.40ഓടെ ബൈജു, കെ.വിജേഷ്, സജിത്ത്, കെ. സുനില്‍, ആര്. ബൈജു എന്നിവര്‍ ചേര്‍ന്ന് പിടികൂടി. ഇതോടെയാണ് അഞ്ചു മണിക്കൂറോളം നാടിന മുള്‍മുനയില്‍ നിര്‍ത്തിയ സംഭവത്തിനു വിരാമമായത്. സിവില്‍ ഡിഫന്‍സ് അംഗങ്ങളും ഉണ്ടായിരുന്നു.