ബേക്കല്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ അതിഥിതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ബേക്കല്‍: ബേക്കല്‍ പുതിയ കടപ്പുറത്ത് കടലില്‍ കുളിക്കുന്നതിനിടെ തിരമാലകളില്‍പെട്ട് കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് ജില്ലയിലെ ബാബുല്‍തലിയില്‍ സഫിജുള്‍ ഇസ്ലാമി(19)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. തൃക്കണ്ണാട് കടലിന് നടുവിലുള്ള പാണ്ഡ്യങ്കല്ലില്‍ ഫിഷറീസിന്റെ റസ്‌ക്യുബോട്ടാണ് മൃതദേഹം കണ്ടെത്തി കരയിലെത്തിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.20 മണിയോടെയാണ് ബേക്കല്‍ പുതിയകടപ്പുറത്ത് കടലില്‍ കുളിക്കുന്നതിനിടെ സഫിജുള്‍ ഇസ്ലാമിനെ കാണാതായത്. സുഹൃത്തുക്കളായ ആസിഫ്, ഹാസിഫ്, ആസിക്, മുമണ്‍, മൂസ, ഹംസ, റുബിയുള്‍ ഇസ്ലാം എന്നിവര്‍ക്കൊപ്പമാണ് സഫിജുള്‍ ഇസ്ലാം ബേക്കല്‍ […]

ബേക്കല്‍: ബേക്കല്‍ പുതിയ കടപ്പുറത്ത് കടലില്‍ കുളിക്കുന്നതിനിടെ തിരമാലകളില്‍പെട്ട് കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് ജില്ലയിലെ ബാബുല്‍തലിയില്‍ സഫിജുള്‍ ഇസ്ലാമി(19)ന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. തൃക്കണ്ണാട് കടലിന് നടുവിലുള്ള പാണ്ഡ്യങ്കല്ലില്‍ ഫിഷറീസിന്റെ റസ്‌ക്യുബോട്ടാണ് മൃതദേഹം കണ്ടെത്തി കരയിലെത്തിച്ചത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.20 മണിയോടെയാണ് ബേക്കല്‍ പുതിയകടപ്പുറത്ത് കടലില്‍ കുളിക്കുന്നതിനിടെ സഫിജുള്‍ ഇസ്ലാമിനെ കാണാതായത്. സുഹൃത്തുക്കളായ ആസിഫ്, ഹാസിഫ്, ആസിക്, മുമണ്‍, മൂസ, ഹംസ, റുബിയുള്‍ ഇസ്ലാം എന്നിവര്‍ക്കൊപ്പമാണ് സഫിജുള്‍ ഇസ്ലാം ബേക്കല്‍ പുതിയകടപ്പുറത്ത് കുളിക്കാനിറങ്ങിയത്. ഇതിനിടയില്‍ ഇവര്‍ തിരമാലയില്‍പ്പെടുകയായിരുന്നു. തിരമാലയില്‍ അകപ്പെട്ട സുഹൃത്തുക്കള്‍ക്ക് സഫിജുള്‍ ഇസ്ലാം ഒഴുകിപ്പോകുമ്പോള്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ദുരെ നിന്നും കൈ ഉയര്‍ത്തിയെങ്കിലും സുഹൃത്തുക്കള്‍ക്ക് നിസഹായരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. തീരദേശ പൊലീസ്, ലൈഫ് ഗാര്‍ഡ്, അഗ്നി രക്ഷാസേന, സിവില്‍ ഡിഫന്‍സ് എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഞായറാഴ്ച രാത്രിവരെ ബേക്കല്‍ കോസ്റ്റല്‍ എ.എസ്.ഐ എം.ടി.പി സൈഫുദ്ദീന്‍, സിവില്‍ ഡിഫന്‍സ് ഗാര്‍ഡ് നിധിന്‍ കാഞ്ഞങ്ങാട്, ലൈഫ് ഗാര്‍ഡ് ജോണ്‍പോള്‍ എന്നിവര്‍ കടലിലിറങ്ങി തിരച്ചില്‍ നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കാനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്.

Related Articles
Next Story
Share it