ഭോപ്പാല്‍: ഒരു കുടുംബത്തിലെ അഞ്ച് പേരെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയില്‍ പാടത്ത് കണ്ടെത്തി. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം. മെയ് 13ന് നെമാവര്‍ നഗരത്തിലെ വീട്ടില്‍ നിന്ന് കാണാതായ മമത ഭായ് കസ്തേ (45), ഇവരുടെ പെണ്മക്കളായ രൂപാലി (21), ദിവ്യ (14), ബന്ധുക്കളായ പൂജാ ഓസ്വാള്‍ (15), പവന് ഓസ്വാള്‍ (14) എന്നിവരുടെ മൃതദേഹങ്ങളാണ് പാടത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. അഞ്ചുപേരെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പത്ത് അടി ആഴത്തില്‍ കുഴിച്ചിടുകയായിരുന്നു.
മൃതദേഹങ്ങള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പോലീസ് കുഴിച്ചെടുത്തു. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. മൃതദേഹങ്ങള്‍ക്കൊന്നിനും വസ്ത്രമില്ലായിരുന്നു. പ്രതികള്‍ വസ്ത്രങ്ങള്‍ ഊരിമാറ്റിയ ശേഷം കത്തിച്ചുവെന്നാണ് പോലീസ് പറയുന്നത്. കാണാതായെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കൊല്ലപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളുമായി ബന്ധമുള്ള വീട്ടുടമസ്ഥനും ഇയാളുടെ കൂട്ടാളികളുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പ്രധാന പ്രതിയായ സുരേന്ദ്ര ചൗഹാനേയും മറ്റ് അഞ്ച് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് ഏഴ് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കുഴിച്ചിട്ട മൃതദേഹങ്ങള്‍ വേഗത്തില്‍ അഴുകുന്നതിനായി ഉപ്പും യൂറിയയും ഉപയോഗിച്ചിരുന്നു.
ചൗഹാന് കൊലപാതകം ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തപ്പോള്‍ മറ്റ് അഞ്ച് പേര് കുഴിയെടുക്കാനും മൃതദേഹങ്ങള്‍ മറവ് ചെയ്യാനും സഹായിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുടുംബത്തെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ രൂപാലിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉയോഗിച്ച് കൊലയാളികള്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. രൂപാലി സ്വന്തം ആഗ്രഹപ്രകാരം വിവാഹം കഴിച്ചുവെന്നും അനുജത്തിയും ബന്ധുക്കളായ രണ്ട് കുട്ടികളും കസിന്സും അമ്മയും അവര്‍ക്കൊപ്പമുണ്ടെന്നും സുരക്ഷിതരാണെന്നും സന്ദേശങ്ങളില്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍ രൂപാലിയുടെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്ത പോലീസ് അവര്‍ അവരുടെ വീട്ടുടമയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി കണ്ടെത്തുകയായിരുന്നു. വീട്ടുടമസ്ഥനായ സുരേന്ദ്ര ചൗഹാന് കുടുംബത്തിന് പരിചിതനും ഇടയ്ക്ക് ഇവരുടെ വീട് സന്ദര്‍ശിക്കുന്നയാളുമായിരുന്നു. രൂപാലിയുമായി ബന്ധമുണ്ടായിരുന്ന ഇയാള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ രൂപാലി ഇയാളുടെ പ്രതിശ്രുത വധുവിന്റെ ചിത്രം ഫോണ്‍ നമ്പറിനൊപ്പം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നുവെന്നും ഇതില്‍ പ്രകോപിതനായ സുരേന്ദ്ര ചൗഹാന് ഇവരെ കൊലപ്പെടുത്തി പാടത്ത് കുഴിച്ചിടുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.