കാസര്‍കോട്: പ്രവാചകന് മുഹമ്മദ് നബിയുടെ 1496-ാം ജന്മദിനത്തോടനുബന്ധിച്ച് നാടെങ്ങും വിശ്വാസികള്‍ പ്രവാചക പ്രകീര്‍ത്തനങ്ങളും മൗലീദ് സദസുകളും തീര്‍ത്തു. പള്ളികളും മദ്രസകളും വര്ണാലംകൃതമാക്കിയിരുന്നു. വിവിധ സ്ഥലങ്ങളില്‍ നബിദിന ഘോഷയാത്രകളും നബിദിന കലാപരിപാടികളും നടന്നു. കോവിഡിന് ശേഷം വിപുലമായ രീതിയില്‍ നടന്ന ആദ്യത്തെ നബിദിന ആഘോഷമായിരുന്നു ഇത്തവണ. തളങ്കര ദീനാര്‍ നഗറില്‍ ദീനാര്‍ ഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന നബിദിനാഘോഷത്തില്‍, പ്രവാചക സ്നേഹം ഊട്ടിയുറപ്പിച്ചും സ്നേഹവും സാഹോദര്യവും മുഖമുദ്രയാക്കിയും മുന്നേറാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്ന് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് ആഹ്വാനം ചെയ്തു. മാലിക്ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍മജീദ് ബാഖവി അടക്കമുള്ളവര്‍ സംബന്ധിച്ചു. പുത്തിഗെ മുഹിമ്മാത്ത് സാരഥികള്‍ ഇത്തവണയും കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പഴ വര്‍ഗ്ഗങ്ങളുമായി എത്തി. ടാറ്റാ കോവിഡ് ആസ്പത്രിയിലും പഴവര്‍ഗങ്ങള്‍ വിതരണം ചെയ്തു. ദേളി സഅദിയ ദഅ്വ സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. മദ്രസകളില്‍ നബിദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് പതാകകള്‍ ഉയര്‍ന്നു. ശുചീകരണ പ്രവര്‍ത്തനം നടത്തിയും സേവന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചും നബിദിനത്തെ വിവിധ സംഘടനകള്‍ വരവേറ്റു. തളങ്കര ദീനാര്‍ നഗറില്‍ അടക്കം പലയിടത്തും നെയ്ച്ചോര്‍ പൊതി വിതരണവും മധുരപാനീയ വിതരണവും ഉണ്ടായിരുന്നു.