കുമ്പള: കുമ്പള പഞ്ചായത്തിലെ കിദൂര്‍ വില്ലേജില്‍ കുണ്ടങ്കാരടുക്കയില്‍ ജില്ലാ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ലക്ഷങ്ങള്‍ ചെലവഴിച്ച് സംസ്ഥാന ടൂറിസം വകുപ്പ് മുഖേന നിര്‍മ്മിക്കുന്ന പക്ഷിഗ്രാമം പദ്ധതി ഇഴഞ്ഞു നീങ്ങുന്നതായി പരാതി. കുമ്പളയുടെ ടൂറിസം വികസനത്തിന് ഏറെ സാധ്യത കല്‍പ്പിച്ച പദ്ധതിയായിരുന്നു കിദൂരിലെ പക്ഷി ഗ്രാമം. 2018ലാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. അഞ്ചുവര്‍ഷം പിന്നിടുമ്പോഴും പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തന്നെ മന്ദഗതിയിലാണ്. അപൂര്‍വങ്ങളായ ദേശാടന പക്ഷികളെയടക്കം ഇതിനകം 200 നോടടുത്തുള്ള പക്ഷികളെ കണ്ടെത്തിയ ഇടമാണ് കിദൂര്‍ കുണ്ടങ്കാരടുക്ക. ഏകദേശം 10 ഏക്കര്‍ വിസ്തൃതിയുള്ള പ്രദേശത്താണ് നിര്‍ദിഷ്ട പക്ഷിഗ്രാമം. ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് ഈ പ്രദേശം. ആവശ്യമായ വെള്ളവും ഭക്ഷണവും ശാന്തതയും ഉള്ള പ്രദേശമായതിനാലാണ് പക്ഷികള്‍ കൂട്ടത്തോടെ ഇവിടെ എത്തുന്നതെന്ന് പക്ഷി നിരീക്ഷകര്‍ പറയുന്നു. മുന്‍ ജില്ലാ കലക്ടര്‍ ഡോ. ബി. സജിത് ബാബു മുന്‍കൈയെടുത്താണ് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പദ്ധതിക്ക് ഫണ്ട് ലഭ്യമാക്കിയത്.
കിദൂര്‍ പക്ഷിഗ്രാമം പദ്ധതി പൂര്‍ത്തീകരിക്കാനായാല്‍ കുമ്പളയുടെ സമഗ്രമായ ടൂറിസം വികസനത്തിന് വഴിയൊരുങ്ങും. പക്ഷി നിരീക്ഷണത്തിനായി എത്തുന്ന ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും, ഗവേഷകര്‍ക്കും, നിരീക്ഷകര്‍ക്കും ഉപകരിക്കുന്ന ‘ഡോര്‍മിറ്ററി’യുടെ നിര്‍മ്മാണമാണ് തുടക്കത്തില്‍ നടന്നു വരുന്നത്. നേരത്തെ പദ്ധതി ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അഞ്ചുവര്‍ഷം പിന്നിട്ടിട്ടും പദ്ധതി പാതിവഴിയിലാണ്.
പക്ഷിഗ്രാമം പദ്ധതി യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മാനവ സംസ്‌കൃതി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.