കെ റെയില്‍ വിരുദ്ധ പദയാത്ര തളങ്കരയില്‍ സമാപിച്ചു

കാസര്‍കോട്: കാസര്‍കോടിനോടുള്ള മുഖ്യമന്ത്രിയുടെ വലിയ സ്‌നേഹം കൊണ്ടാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതെന്നും പദ്ധതി നിലവില്‍ വരുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുക വടക്കേയറ്റത്തുള്ള എം.എല്‍.എമാരായ എനിക്കും എ.കെ.എം അഷ്‌റഫിനുമാണെന്നും പറയുന്നവര്‍ കാസര്‍കോടിനോട് അത്രക്ക് സ്‌നേഹമാണെങ്കില്‍ നിയമസഭ ഇങ്ങോട്ടേക്ക് മാറ്റാന്‍ തയ്യാറാവട്ടേയെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. 'കെ റെയില്‍ വേണ്ട, കേരളം വേണം' എന്ന മുദ്രാവാക്യം ഉയര്‍ത്തി സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റി നടത്തി വന്ന ജില്ലാതല പദയാത്രയുടെ സമാപനം തളങ്കര ദീനാര്‍ നഗറില്‍ […]

കാസര്‍കോട്: കാസര്‍കോടിനോടുള്ള മുഖ്യമന്ത്രിയുടെ വലിയ സ്‌നേഹം കൊണ്ടാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കുന്നതെന്നും പദ്ധതി നിലവില്‍ വരുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുക വടക്കേയറ്റത്തുള്ള എം.എല്‍.എമാരായ എനിക്കും എ.കെ.എം അഷ്‌റഫിനുമാണെന്നും പറയുന്നവര്‍ കാസര്‍കോടിനോട് അത്രക്ക് സ്‌നേഹമാണെങ്കില്‍ നിയമസഭ ഇങ്ങോട്ടേക്ക് മാറ്റാന്‍ തയ്യാറാവട്ടേയെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ. 'കെ റെയില്‍ വേണ്ട, കേരളം വേണം' എന്ന മുദ്രാവാക്യം ഉയര്‍ത്തി സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ കമ്മിറ്റി നടത്തി വന്ന ജില്ലാതല പദയാത്രയുടെ സമാപനം തളങ്കര ദീനാര്‍ നഗറില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയില്‍ ചെല്ലുമ്പോള്‍ സഹ പ്രവര്‍ത്തകരായ ഇടതുപക്ഷ എം.എല്‍.എമാരാണ്, സില്‍വര്‍ ലൈന്‍ പദ്ധതി ഏറ്റവും പ്രയോജനപ്പെടുക എനിക്കും അഷ്‌റഫിനുമാണെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ക്ക് നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തിയത് കൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. ഞങ്ങളോട് അത്രയ്ക്ക് സ്‌നേഹമാണെങ്കില്‍ നിയമസഭ കാസര്‍കോട്ട് സ്ഥാപിക്കുകയോ അതുമല്ലെങ്കില്‍ കോഴിക്കോട്ടെങ്കിലും സ്ഥാപിക്കാന്‍ തയ്യാറാവുകയോ ആണ് വേണ്ടത്-എം.എല്‍.എ പറഞ്ഞു. 28ന് കാലിക്കടവില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.
ഇന്നലെ പദയാത്രക്ക് നെല്ലിക്കുന്നിലും തളങ്കരയിലെ വിവിധ മേഖലകളിലും സ്വീകരണം നല്‍കി. നെല്ലിക്കുന്നില്‍ എന്‍. സുബ്രഹ്‌മണ്യന്‍ ഉദ്ഘാടനം ചെയ്തു. ഹനീഫ് നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. എന്‍.എം സുബൈര്‍ സ്വാഗതം പറഞ്ഞു. തളങ്കര പടിഞ്ഞാറില്‍ ടി.ടി ഇസ്മയിലും മാലിക് ദീനാര്‍ പള്ളിക്ക് സമീപം കെ.എം അബ്ദുല്‍റഹ്‌മാനും ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന് മുന്നില്‍ ടി.ഇ അബ്ദുല്ലയും സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍ ഹാജി തളങ്കര അധ്യക്ഷത വഹിച്ചു. ഇന്നലെ ഉച്ച തിരിഞ്ഞ് തളങ്കര പടിഞ്ഞാര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച പദയാത്ര ദീനാര്‍ നഗര്‍, പള്ളിക്കാല്‍, റെയില്‍വേ സ്റ്റേഷന്‍ റോഡ്, പള്ളം, നെല്ലിക്കുന്ന് ജംഗ്ഷന്‍, പഴയ ഗീതാ തിയേറ്റര്‍ റോഡ് വഴി എം.ജി റോഡിലൂടെ കടന്നുവന്ന് ആറ് മണിക്ക് തളങ്കര ദീനാര്‍ നഗറില്‍ സമാപിക്കുകയായിരുന്നു. സമാപന യോഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, കെ.എം അബ്ദുല്‍റഹ്‌മാന്‍, സുബ്രഹ്‌മണ്യന്‍ മാസ്റ്റര്‍, രാജേന്ദ്രന്‍, രാജീവന്‍, ഹനീഫ് നെല്ലിക്കുന്ന്, ബി.യു അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.
ഹസൈനാര്‍ ഹാജി തളങ്കര സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it