തിരുവനന്തപുരം: പാറശ്ശാലയില്‍ ആണ് സുഹൃത്ത് ഷാരോണ്‍ രാജിന് കഷായത്തിലും ജ്യൂസിലും കീടനാശിനി കലര്‍ത്തി നല്കി കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു. പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനിയായ ലൈസോള്‍ കുടിച്ചാണ് ഗ്രീഷ്മ ആത്മഹത്യാ ശ്രമം നടത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഛര്‍ദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കൊളേജ് ആസ്പതിയിലേക്ക് മാറ്റി. ശുചിമുറിയില്‍ പോയി വന്ന ശേഷമായിരുന്നു ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. ഇന്നലെ രാത്രി ഒന്നേകാലോടെയാണ് ഗ്രീഷ്മയെ നെടുമങ്ങാട് ഡി.വൈ.എസ്.പി ഓഫീസില്‍ എത്തിച്ചത്. ഗ്രീഷ്മയുടെ ആരോഗ്യാവസ്ഥ ഗുരുതരമല്ലെങ്കിലും മെഡിക്കല്‍ ഐ.സി.യുവിലേക്ക് മാറ്റി. അതിനിടെ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
ഷരോണിന്റെ മരണത്തില്‍ ഇന്നലെയാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. ഷരോണുമായി പ്രണയത്തിലായിരുന്നുവെങ്കിലും ഗ്രീഷ്മക്ക് വരുന്ന ഫെബ്രുവരിയില്‍ മറ്റൊരു വിവാഹം നടത്താന്‍ തീരുമാനിച്ചുറപ്പിച്ചിരുന്നു. ഇതോടെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും കഷായത്തില്‍ വിഷം കലര്‍ത്തി കുടിപ്പിച്ചതെന്നും ഗ്രീഷ്മ പൊലീസിന് മൊഴി നല്കി. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്.