മാലിക്ദീനാര്‍ പള്ളിയിലെ ചിരിതൂകുന്ന ആ മുഖം ഇനിയില്ല

ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഏതാണ്ട് ഇസ്ലാമിന്റെ ആവിര്‍ഭാവ കാലത്ത് തന്നെ നിര്‍മ്മിക്കപ്പെട്ട പുരാതനവും ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതുമായ പള്ളിയാണ് കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി. ഹിജ്‌റ 22ല്‍ (ഇപ്പോള്‍ ഹിജ്‌റ 1442) മാലിക് ബിനു ദീനാര്‍(റ.) തങ്ങളുടെ നേതൃത്വത്തില്‍ സ്ഥാപിതമായ പള്ളിയാണിത്. ദിനേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. മാലിക്ദീനാര്‍ പള്ളിയില്‍ ഖാസിമാരും ഖത്തീബുമാരും മുദരീസുമാരുമായി ഒരുപാട് പ്രമുഖര്‍ […]

ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഏതാണ്ട് ഇസ്ലാമിന്റെ ആവിര്‍ഭാവ കാലത്ത് തന്നെ നിര്‍മ്മിക്കപ്പെട്ട പുരാതനവും ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്നതുമായ പള്ളിയാണ് കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി. ഹിജ്‌റ 22ല്‍ (ഇപ്പോള്‍ ഹിജ്‌റ 1442) മാലിക് ബിനു ദീനാര്‍(റ.) തങ്ങളുടെ നേതൃത്വത്തില്‍ സ്ഥാപിതമായ പള്ളിയാണിത്. ദിനേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് തീര്‍ത്ഥാടകര്‍ എത്തുന്ന ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. മാലിക്ദീനാര്‍ പള്ളിയില്‍ ഖാസിമാരും ഖത്തീബുമാരും മുദരീസുമാരുമായി ഒരുപാട് പ്രമുഖര്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. പള്ളി പരിപാലകരായും ഒട്ടനവധി പേര്‍ സേവനം ചെയ്തിട്ടുണ്ട്. പലരുടെയും സേവനം പള്ളിയുടെ പുരോഗതിയിലും ദൈനംദിന പ്രവര്‍ത്തനങ്ങളിലും വലിയ സഹായകമായിട്ടുണ്ട്. ദീര്‍ഘകാലം പള്ളിയിലെ ജീവനക്കാരില്‍ ഒരാളായിരുന്നു (അറ്റന്റര്‍) തളങ്കര ഖാസിലേന്‍ സ്വദേശിയായ മമ്മുച്ച. മാലിക് ദീനാര്‍ പള്ളിയിലെത്തുന്നവര്‍ക്കെല്ലാം അദ്ദേഹം വളരെ സുപരിചിതനാണ്. പള്ളിയിലെ പുഞ്ചിരിക്കുന്ന മുഖമായിരുന്നു അദ്ദേഹം. തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്വം വളരെ കൃത്യനിഷ്ഠയോടെ ചെയ്യുമായിരുന്നു. സുബ്ഹിക്ക് മുമ്പ് എത്തി പള്ളിയിലെ വിളക്കുകള്‍ എല്ലാം തെളിയിച്ച് ശുചീകരണം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കി രാത്രി ഇശാ നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയാണ് പതിവ്. പള്ളിയുടെ എല്ലാ കാര്യങ്ങളും അദ്ദേഹം ഭംഗിയായി നിര്‍വ്വഹിച്ചിരുന്നു. ഖത്തീബുമാര്‍ അടക്കം പലരും മാറിപ്പോവുകയും പുതിയ ഖത്തീബുമാരും ഇമാമുമാരും അടക്കം വരികയും ചെയ്തപ്പോഴും മമ്മൂച്ച ഒരുപാട് വര്‍ഷമായി മാലിക്ദീനാര്‍ പള്ളിയില്‍ ഉണ്ടായിരുന്നു. മാലിക്ദീനാര്‍ മഖ്ബറയുടെ കാര്യങ്ങള്‍ അടക്കം അദ്ദേഹം കൃത്യമായി ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും ഇടപെടലുകളും എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു.
ദീര്‍ഘകാലം മാലിക്ദീനാര്‍ പള്ളിയുടെ ഒരു അടയാളം കണക്കെയാണ് അദ്ദേഹം ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്. ഇത്തരം സേവകരെ കാലം ഒരിക്കലും മറക്കില്ല. പ്രമുഖരായ പണ്ഡിതരെ എപ്പോഴും ഓര്‍ക്കാറുണ്ടെങ്കിലും ജീവനക്കാര്‍ പലരും വിശ്വാസികളുടെ മനസില്‍ മറയാതെ നില്‍ക്കുന്നത് അവരുടെ സേവന മികവും ജോലിയിലെ ആത്മാര്‍ത്ഥതയും കൊണ്ട് തന്നെയാണ്.
മാലിക്ദീനാര്‍ പള്ളിയില്‍ പതിറ്റാണ്ടുകളോളം ബാങ്ക് വിളിച്ചിരുന്ന അബ്ബാസ് മുസ്ലിയാര്‍ വിടപറഞ്ഞ് പോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും തേജസുറ്റ ആ മുഖം ഇപ്പോഴും എല്ലാവരുടെയും ഹൃദയത്തിലുണ്ട്. സേവന മികവും പള്ളിയില്‍ എത്തുന്ന വിശ്വാസികളോട് കാണിച്ചിരുന്ന മഹിതമായ മാന്യതകൊണ്ടും മമ്മൂച്ചയും ഏവരുടെയും ഹൃദയത്തില്‍ എപ്പോഴും നിറഞ്ഞു നില്‍ക്കും. അദ്ദേഹത്തിന്റെ സേവനത്തില്‍ മാലിക് ദീനാര്‍ പള്ളി കമ്മിറ്റി സംതൃപ്തരായിരുന്നു. മമ്മൂച്ചയുടെ സേവന മികവിനെ കുറിച്ച് പറയുമ്പോള്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവിക്കും ഇമാം ഹാഫിസ് ബാസിത് മൗലവിക്കും പള്ളികമ്മിറ്റി പ്രസിഡണ്ട് യഹ്‌യ തളങ്കര, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ അടക്കമുള്ള ഭാരവാഹികള്‍ക്കും വലിയ ആവേശമാണ്.
വാര്‍ധക്യ സഹജമായ ആരോഗ്യ പ്രശ്‌നങ്ങളാല്‍ പള്ളിയിലേക്ക് വരാന്‍ കഴിയാതെയിരുന്നത് വരെ അദ്ദേഹം മാലിക്ദീനാര്‍ പള്ളിയില്‍ സേവനവ്യാപൃതനായിരുന്നു. മമ്മൂച്ചയുടെ വേര്‍പാട് വിവരമറിഞ്ഞ് തളങ്കര ഒന്നടങ്കം വേദനിച്ചു.
പള്ളി പരിപാലനം എന്ന മഹത്തായ ദൗത്യം വളരെ ഭംഗിയായി നിര്‍വ്വഹിച്ച മമ്മൂച്ചയ്ക്ക് പടച്ചവന്‍ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ... ആമീന്‍.

Related Articles
Next Story
Share it