ശിശു സഹജമായ ആ പുഞ്ചിരി; കുഞ്ഞാമദ് മാഷ്...

വല്ലാത്ത ഭീതി എന്നെ വലയം ചെയ്യുന്നു. എന്നെ ഓര്‍ത്തല്ല... ഈ മാസം 'ടൈം മാഗസിനില്‍' ഒരു കഥ പറയുന്നുണ്ട്. മിച്ചിഗന്‍ സര്‍വ്വകലാശാലയില്‍ നിന്ന്... ഏത് നിമിഷവും കടന്നാക്രമിക്കാവുന്ന ഭീകര ജീവിയെ ഭയന്ന് ഒരു കാമ്പസും ചുറ്റുമുള്ള ക്വാര്‍ട്ടേഴ്‌സുകളിലെ അന്തേവാസികളും. നടുക്കുന്ന ഒരെഴുത്താണത്. നമ്മെ നടുക്കുന്ന രചനാ രീതി. കോവിഡ് മറവില്‍ ചാടി വീഴുന്ന മരണമെന്ന ഭീകര സത്യമാണ് പ്രതിപാദ്യം. ഒരു കറുത്ത കരടി... കുഞ്ഞാമ്മദ് മാസ്റ്റര്‍ അന്തരിച്ചു. വാര്‍ത്ത എന്നെ നടുക്കിയില്ല. നൗഷാദ് പൊയക്കരയുടെ വേര്‍പാട് ഞാന്‍ […]

വല്ലാത്ത ഭീതി എന്നെ വലയം ചെയ്യുന്നു. എന്നെ ഓര്‍ത്തല്ല... ഈ മാസം 'ടൈം മാഗസിനില്‍' ഒരു കഥ പറയുന്നുണ്ട്. മിച്ചിഗന്‍ സര്‍വ്വകലാശാലയില്‍ നിന്ന്...
ഏത് നിമിഷവും കടന്നാക്രമിക്കാവുന്ന ഭീകര ജീവിയെ ഭയന്ന് ഒരു കാമ്പസും ചുറ്റുമുള്ള ക്വാര്‍ട്ടേഴ്‌സുകളിലെ അന്തേവാസികളും. നടുക്കുന്ന ഒരെഴുത്താണത്. നമ്മെ നടുക്കുന്ന രചനാ രീതി. കോവിഡ് മറവില്‍ ചാടി വീഴുന്ന മരണമെന്ന ഭീകര സത്യമാണ് പ്രതിപാദ്യം. ഒരു കറുത്ത കരടി... കുഞ്ഞാമ്മദ് മാസ്റ്റര്‍ അന്തരിച്ചു. വാര്‍ത്ത എന്നെ നടുക്കിയില്ല. നൗഷാദ് പൊയക്കരയുടെ വേര്‍പാട് ഞാന്‍ ജീവിക്കുന്ന നഗരത്തിലായിട്ടും അവന്റെ മയ്യത്തെങ്കിലും കാണാന്‍ സമയം തരാത്ത കാലത്തിന്റെ ക്രൂരത.
കുഞ്ഞാമ്മദ് മാസ്റ്റര്‍...
ഞങ്ങള്‍ ഏറെ പരിചിതരും ഒരു വര്‍ഷം മുമ്പ് വരെ സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ കണ്ടത് എന്നാണ്.
തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ സ്‌കൂള്‍ ജൂബിലി സംബന്ധിച്ചു ആലോചനയോഗം. എല്ലാ പ്രമുഖരും ഉണ്ട്. നഗരത്തില്‍ അന്ന് ഞാന്‍ ഉണ്ട്. ടി.എ ഷാഫി സന്ദേശം തന്നു. 'വേഗം മുസ്ലിം ഹൈസ്‌കൂളിലേക്ക് വരിക.'
ചെന്നതും എരിയാല്‍ ഷരീഫ് മുഖ്യ വേദിയില്‍ കസേര തന്ന് എന്നെ ആദരിച്ചു. സദസ്സിലെ പല കണ്ണുകളും എന്നിലാണ്. ഒരു മെലിഞ്ഞുണങ്ങിയ കൈ എന്റെ ചുമലില്‍ പതിഞ്ഞു. ഞാന്‍ എഴുന്നേറ്റു.
കുഞ്ഞാമദ് മാസ്റ്ററായിരുന്നു. കാസര്‍കോട്ടെ പതിമൂന്ന് വര്‍ഷ ജീവിതത്തില്‍ അത് പോലൊരു ചിരി; ഹൊ... എത്ര നിഷ്‌കളങ്കനാണീ മനുഷ്യന്‍.. ഞാന്‍ വിസ്മയിച്ചു. ഒരാള്‍ ഇത്ര സാധു ആകാമോ? കുഞ്ഞാമദ് മാഷെ പരിചയമുള്ളവര്‍ക്കറിയാം; ആ ശിശു സഹജമുഖവും ആ മുഖത്ത് വിരിയുന്ന നിഷ്‌കപട ചിരിയും.
ആരെയും കുറ്റപ്പെടുത്താത്ത ഒരാള്‍, ശത്രുവിനോടും നിറഞ്ഞ പുഞ്ചിരി. ഒരാളെക്കുറിച്ചും കന്മഷം പറയാത്ത ഒരാള്‍. ഏറെ നേരം സുജൂദിലാവുന്ന ഒരാള്‍. താന്‍ പഠിപ്പിച്ച കുട്ടികളില്‍ കുരുത്തക്കേടും താന്‍ പോരിമയും കാട്ടുന്നവരെപ്പോലും 'എന്താടാ കുട്ട്യേ' എന്ന് മൃദുമന്ദഹാസവുമായി തലോടുന്ന ഒരാള്‍.
'ഗുസ്തി പഠിക്കണ്ട' നാടകവുമായി ബന്ധപ്പെട്ടാണ് ഞങ്ങളുടെ ആദ്യ കാഴ്ച. യാദൃശ്ചികമായി ഞാന്‍ ക്ഷണിക്കപ്പെട്ടതാണ് ആ നാടകത്തില്‍ അഭിനയിക്കാന്‍.
സ്‌ക്രിപ്റ്റ് എനിക്ക് നേരത്തെ പരിചയമുള്ളതാണ്. ടിപ്‌ടോപ് അസീസ് എന്ന നാടകകൃത്ത്. ബാല്യകാലത്തിലേ എനിക്ക് സുപരിചിതന്‍.
അബൂബക്കര്‍ മാസ്റ്ററോട് ഞാന്‍ ചോദിച്ചു.
ആരാ; കുഞ്ഞാലിയുടെ വേഷം ചെയ്യുന്നത്.
അബൂബക്കര്‍ മാസ്റ്റര്‍ മെലിഞ്ഞ് നിഷ്‌കളങ്കനായ ആ മനുഷ്യനെ എനിക്ക് മുന്നില്‍ നിര്‍ത്തി. എന്നെ അറിയില്ല; ആരാണെന്നോ എന്താണെന്നോ അറിയില്ല. കുഞ്ഞാമദ് മാസ്റ്റര്‍ പ്രകടിപ്പിച്ച ആ വിനയവും ബഹുമാനവും... തളങ്കര മൊത്തത്തില്‍ എന്നെ ബഹിഷ്‌കരിച്ച സംഭവം ആയിരുന്നു ഒരു കഥാപ്രസംഗം.. മുസ്ലിം ഹൈസ്‌കൂള്‍ സ്റ്റാഫ് നോണ്‍ സ്റ്റാഫംഗങ്ങളെ പരിഹസിച്ച് ഞാന്‍ തയ്യാറാക്കിയ കഥാപ്രസംഗം
ആയിരങ്ങള്‍ അത് ആസ്വദിച്ചു. ഗള്‍ഫില്‍ നൂറു കണക്കിന് കാസറ്റുകളിലൂടെ കാസര്‍കോട്ടെ പ്രവാസികള്‍ അതു കേട്ടു. ഒരു നാള്‍ കുഞ്ഞാമദ് മാസ്റ്റര്‍ ബസ്സ്റ്റാന്റ് ക്രോസ് റോഡില്‍ പ്രത്യക്ഷപ്പെട്ടു. ഹൃദ്യമായ ആ ചിരി സമ്മാനിച്ച് എനിക്ക് മുന്നില്‍ ഇരുന്നു.
'കഥാപ്രസംഗം ഞാന്‍ കേട്ടു'... ധാരാളം ചിരിച്ചു. ഒരു സംശയം; നമ്മുടെ സ്വന്തം സ്‌കൂളാവുമ്പോള്‍ പരസ്യമായി അത്രക്ക് വേണമായിരുന്നോ?
നീണ്ടകാല പരിചയത്തിനിടയില്‍ ആദ്യമായാണ് മാസ്റ്റര്‍ എന്നെ ഒന്നു തിരുത്തിയത്.
ഇന്ന് പിന്തിരിഞ്ഞു നോക്കുമ്പോള്‍ എനിക്കു തോന്നുന്നു.
'വേണ്ടായിരുന്നു'
കാരണം; ഒട്ടേറെ സുമനസ്സുകളെ അത് വേദനിപ്പിച്ചു.
പരിഹസിച്ചു പവിത്രീകരിക്കയായിരുന്നു ലക്ഷ്യം. പക്ഷെ; ഇത്തിരി ഓവറായി. പ്രേരിപ്പിച്ചവരും കൂടെ നിന്ന് പാടിയവരില്‍ ടി.വി ഗംഗാധരനും ഒഴിച്ചുള്ളവര്‍ എന്നെ തള്ളിപ്പറഞ്ഞു.
മുസ്ലിം ഹൈസ്‌കൂള്‍ മാവിന്‍ ചോട്ടില്‍ മാലിക്ദിനാര്‍ പള്ളി പരിസരത്ത്. വിവിധ ചടങ്ങുകളില്‍ കല്യാണ വീടുകളില്‍... ഞാനും കുഞ്ഞഹമ്മദ് മാസ്റ്ററും മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്.
തളങ്കരയുടെ.. തെരുവത്തെ... ധാരാളം കഥകള്‍ മാസ്റ്റര്‍ എനിക്ക് പറഞ്ഞു തന്നത് ഓര്‍മ്മകളിലുണ്ട്. എന്നെ വിവാഹം കഴിപ്പിക്കാനും ഒരിക്കല്‍ മാസ്റ്റര്‍ മുന്നിട്ടിറങ്ങി. ഞാന്‍ പിടികൊടുത്തില്ല. ഉവ്വ്, ആ നൈര്‍മല്യം നമ്മെ വിട്ടുപിരിഞ്ഞു.
തളങ്കരയില്‍ ഇനി എത്തുമ്പോള്‍; തെരുവത്ത് ചെന്നിറങ്ങിയാല്‍ പാല്‍പ്പുഞ്ചിരി നല്‍കി എന്നെ തലോടാന്‍ കുഞ്ഞാമദ് മാഷ് ഇനിയില്ല.
അല്ലാഹുവേ...ഒരുറുമ്പിനെപ്പോലും നോവിക്കാത്ത ഒരാള്‍. നിസ്‌കാരത്തിലും മറ്റ് അനുഷ്ഠാനങ്ങളിലും കൃത്യത പാലിച്ച നിന്റെ എളിയ ദാസന്‍.
സ്വര്‍ഗത്തില്‍ ഏറ്റവും ഉചിതമായ സിംഹാസനത്തില്‍ ആ ദേഹം പ്രതിഷ്ഠിക്കണേ...റബ്ബേ...

Related Articles
Next Story
Share it