ആ പഴയ താലൂക്കാഫീസ് കെട്ടിടം കഥ പറയുമ്പോള്‍...
പഴയ താലൂക്ക് ആഫീസ് ചരിത്ര മ്യൂസിയം. ഇനി 1983 വരെ എന്റെ കാസര്‍കോടന്‍ ജീവിതത്തില്‍ ആ പഴയ ബ്രിട്ടീഷ് നിര്‍മ്മിത കെട്ടിടവുമായി ബന്ധപ്പെട്ട് എന്തെന്തു ഓര്‍മ്മകള്‍... ഹാസ്യ നടന്‍ ബഹദൂര്‍ കുടുംബപരമായി എനിക്കൊരു ബന്ധുവാണ്. അദ്ദേഹത്തെ ഞാനും ടി.പി. ഹുസൈന്‍ വക്കീലും കൂടി മണിക്കൂറുകള്‍ ഒളിപ്പിച്ചു നിര്‍ത്തിയത് ആ കെട്ടിടത്തിലാണ്. ആദ്യം ബാര്‍ അസോസിയേഷന്‍ റൂമില്‍ ബഹദൂറിനെ ഇരുത്തി. ജനം സമ്മതിക്കുന്നില്ല. 1981ലാണ്. ഒരു കാറില്‍ ബഹദൂര്‍ കയറിപ്പോയതായി 'നാടകം' കളിച്ചു, ബഹദൂറിനെ റവന്യൂ റിക്കവറി തഹസില്‍ദാരുടെ […]
പഴയ താലൂക്ക് ആഫീസ് ചരിത്ര മ്യൂസിയം. ഇനി 1983 വരെ എന്റെ കാസര്‍കോടന്‍ ജീവിതത്തില്‍ ആ പഴയ ബ്രിട്ടീഷ് നിര്‍മ്മിത കെട്ടിടവുമായി ബന്ധപ്പെട്ട് എന്തെന്തു ഓര്‍മ്മകള്‍... ഹാസ്യ നടന്‍ ബഹദൂര്‍ കുടുംബപരമായി എനിക്കൊരു ബന്ധുവാണ്. അദ്ദേഹത്തെ ഞാനും ടി.പി. ഹുസൈന്‍ വക്കീലും കൂടി മണിക്കൂറുകള്‍ ഒളിപ്പിച്ചു നിര്‍ത്തിയത് ആ കെട്ടിടത്തിലാണ്. ആദ്യം ബാര്‍ അസോസിയേഷന്‍ റൂമില്‍ ബഹദൂറിനെ ഇരുത്തി. ജനം സമ്മതിക്കുന്നില്ല. 1981ലാണ്. ഒരു കാറില്‍ ബഹദൂര്‍ കയറിപ്പോയതായി 'നാടകം' കളിച്ചു, ബഹദൂറിനെ റവന്യൂ റിക്കവറി തഹസില്‍ദാരുടെ […]

പഴയ താലൂക്ക് ആഫീസ് ചരിത്ര മ്യൂസിയം. ഇനി 1983 വരെ എന്റെ കാസര്‍കോടന്‍ ജീവിതത്തില്‍ ആ പഴയ ബ്രിട്ടീഷ് നിര്‍മ്മിത കെട്ടിടവുമായി ബന്ധപ്പെട്ട് എന്തെന്തു ഓര്‍മ്മകള്‍...
ഹാസ്യ നടന്‍ ബഹദൂര്‍ കുടുംബപരമായി എനിക്കൊരു ബന്ധുവാണ്. അദ്ദേഹത്തെ ഞാനും ടി.പി. ഹുസൈന്‍ വക്കീലും കൂടി മണിക്കൂറുകള്‍ ഒളിപ്പിച്ചു നിര്‍ത്തിയത് ആ കെട്ടിടത്തിലാണ്. ആദ്യം ബാര്‍ അസോസിയേഷന്‍ റൂമില്‍ ബഹദൂറിനെ ഇരുത്തി. ജനം സമ്മതിക്കുന്നില്ല. 1981ലാണ്. ഒരു കാറില്‍ ബഹദൂര്‍ കയറിപ്പോയതായി 'നാടകം' കളിച്ചു, ബഹദൂറിനെ റവന്യൂ റിക്കവറി തഹസില്‍ദാരുടെ ഓഫീസില്‍ ഇരുത്തി. കൊമേഡിയനെങ്കിലും ആ മുറിയില്‍ ഇരുന്നു. കുഞ്ഞാലിക്ക (ബഹദൂറിന്റെ തറവാട്ടില്‍ എല്ലാവരും വിളിച്ചത് അങ്ങനെ. സിനിമയിലെത്തി കുഞ്ഞാലിയെ ബഹദൂറാക്കിയത് തിക്കുറിശ്ശി സുകുമാരന്‍ നായര്‍.) ഒരു വിദേശ നിര്‍മ്മിത കാറിന്റെ കേസുമായി ബന്ധപ്പെട്ട് സാക്ഷി പറയാന്‍ വന്നതാണ് ബഹദൂര്‍. ഞാന്‍ ആ വാര്‍ത്ത പകര്‍ത്താന്‍ പത്ര ലേഖകന്റെ വേഷത്തിലും. ആപത് സന്ധിയില്‍ സഹായിക്കാനെത്തിയതാണ് ഹുസൈന്‍ച്ച.
ആ കെട്ടിടം മ്യൂസിയം ആവുന്നു. ബഹദൂര്‍ മരിച്ചു. അഡ്വ. ടി.പി. ഹുസൈന്‍ മരിച്ചു.
***
ജീവിതത്തിലൊരിക്കലും രണ്ടിടം കാണരുതെന്നും അവിടെ കയറരുതെന്നും ഞാന്‍ കൊതിച്ചു. പക്ഷെ; നടന്നില്ല. ഒന്ന് കോടതി, രണ്ട് ആസ്പത്രി...
മ്യൂസിയം ആവുന്ന ആ കെട്ടിടത്തിലാണ് എന്റെ ജയില്‍ വാസത്തിന് ആധാരമായ കേസ് വിസ്തരിച്ചത്. ജയിലില്‍ ഇടാനുള്ള പൊലീസ് ശ്രമത്തിന്റെ കഥ ഓര്‍മ്മകളില്‍ പറഞ്ഞതാണ്. പക്ഷെ; സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ നായരോട് കെ.എം. അഹ്‌മദ് മധ്യസ്ഥത പറഞ്ഞ് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കിയതാണ്.
ഇടയ്ക്ക് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. കൃഷ്ണന്‍ നായര്‍ ഞാന്‍ മുഖാന്തിരം ശകലം ഭയന്നു. കാരണം അന്ന് റവന്യൂ മന്ത്രി ആയിരുന്ന കെ.ആര്‍. ഗൗരിയമ്മയുടെ കാസര്‍കോട് സന്ദര്‍ശനവുമായി ബന്ധപ്പെട്ടതും. ഗൗരിയമ്മ ഒരു ഉച്ച നേരം മംഗലാപുരത്തേക്ക് പോകുന്ന തീവണ്ടിയിലാണ് കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയത്. ഞാന്‍ ഒരു വാര്‍ത്തയുടെ പുറകെ പോകാന്‍ തീവണ്ടിയില്‍ കയറാന്‍ വന്നതും. തീവണ്ടി വന്നതും ഞാന്‍ റെയില്‍വെ ഗേറ്റിലെത്തി പകച്ച് നിന്നതും ഗൗരിയമ്മയുടെ മുന്നില്‍. തൊട്ടരികില്‍ സുരക്ഷാ വലയം തീര്‍ത്ത സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിരണ്ടുപോയി. മന്ത്രിയുടെ വഴി തടഞ്ഞാണ് എന്റെ നില്‍പ്പ്. ഗൗരിയമ്മ എന്നെ തുറിച്ചു നോക്കി. കൃഷ്ണന്‍ നായര്‍ എന്നെ പിടിച്ചുമാറ്റി. അദ്ദേഹം തെറ്റിദ്ധരിച്ചത് ഞാന്‍ നക്‌സല്‍ ആക്ഷന്റെ ഭാഗമായി മന്ത്രിയെ തടയാനോ മറ്റോ വന്നതാണെന്ന്. മലപോലെ വന്നത് എലിപോലെആയി. സര്‍ക്കിള്‍ കെ.എം. അഹ്‌മദിനോട് സംഭവം സൂചിപ്പിച്ചു. ആ ഭയം കൃഷ്ണന്‍ നായരെ കുപിതനാക്കി. മുഖ്യമന്ത്രി നായനാരുടെ നേരെ വധ ഭീഷണി എന്നൊരു വകുപ്പും ചെലുത്തിയാണ് കേസ്. അഡ്വ. ശ്രീധരന്‍ നായര്‍ സൗജന്യമായി ആ കേസ് വാദിച്ചു. കാസര്‍കോട് പൊലീസിനെനിറുത്തി പൊരിച്ചു. കെ.ജി. വിത്സനായിരുന്നു മജിസ്‌ട്രേറ്റ്. ഒരു രാത്രിയിലെ ജയില്‍ വാസത്തിന് ശേഷമായിരുന്നു ആ കേസ്. വെറും പുക.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ നായര്‍ മരണപ്പെട്ടു. വക്കീല്‍ ശ്രീധരന്‍ നായരും മരിച്ചു. എല്ലാറ്റിനും സാക്ഷ്യം വഹിച്ച് ആ ചിരപുരാതന കെട്ടിടം മാത്രം ഇന്നും അവിടെ നിലകൊള്ളുന്നു.
***
വാര്‍ത്തകള്‍ തേടി എന്നും മൂന്നു മണിമുതല്‍ ആ കെട്ടിടമാകെ ഞാന്‍ അരിച്ചുപെറുക്കും. ബാലകൃഷ്ണന്‍ മാങ്ങാട്, പി. ദാമോദരന്‍, പി.എസ്. ധരന്‍, മാത്യു കദളിക്കാട് ഒക്കെ എന്നെ ആശ്രയിക്കും. എക്‌സ്‌ക്ലുസീവ് ഒഴിച്ച് ചില്ലറ കേസുകള്‍ ഞാന്‍ നല്‍കും. എനിക്ക് ആ കെട്ടിടത്തില്‍ ഭേദപ്പെട്ട പിടിപാടാണ്. കെ.പി. രാമകൃഷ്ണന്‍ തഹസീല്‍ദാറുണ്ട്. ലാന്‍ഡ് അസൈന്‍മെന്റില്‍ കൃഷ്ണന്‍ മണിയാണിയുണ്ട്. റവന്യൂ റിക്കവറിയില്‍ ഷേക് സാഹിബുണ്ട്. ട്രഷറിയിലും ബാര്‍ അസോസിയേഷനിലും എനിക്ക് സധൈര്യം കടന്ന് കയറി ഫയലുകള്‍ പരതാന്‍ സാവകാശം ഉണ്ടായിരുന്നു.
ആ കെട്ടിടത്തിലെ റവന്യൂ റിക്കവറിയില്‍ നിന്ന് അത്യന്തം സംഭവ ബഹുലമായ ഒരു 'സ്റ്റോറി' കിട്ടി. അന്ന് 'കലാകൗമുദി' ക്ക് വേണ്ടി കൗമുദി ന്യൂസ് സര്‍വ്വീസില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാം കുറിച്ചെടുത്ത് എഴുതും മുമ്പ് കലാകൗമുദി എഡിറ്റര്‍ എസ്. ജയചന്ദ്രന്‍ നായരുമായി സംസാരിച്ചു. അദ്ദേഹം ആ സ്റ്റോറി കേരള കൗമുദിക്ക് അന്നുരാത്രി തന്നെ ഫോണ്‍ വഴി നല്‍കാനാണ് നിര്‍ദ്ദേശിച്ചത്. കാരണം; കലൗകൗമുദി ലേഔട്ട് കഴിഞ്ഞു. അടുത്ത ലക്കം ആവുമ്പോഴേക്കും മറ്റു പത്രങ്ങള്‍ വാര്‍ത്ത പൊക്കും. സംഭവം രസകരമാണ്.
ബദിയടുക്കയിലെ ഒരു പുരാതന തറവാട്ടിലെ സപ്രമഞ്ചകട്ടിലാണ് കഥാ പുരുഷന്‍. തറവാട് ഭാഗം വെച്ചു. അവശേഷിക്കുന്ന കുഞ്ഞമ്പു മണിയാണിക്ക് കുറേ ഓട്ടു പാത്രങ്ങളും ഈ കട്ടിലുമാണ് കിട്ടിയത്. ഭാര്യ മരിച്ച അദ്ദേഹം ഏകാന്ത ജീവി. മക്കളില്ല. കരക്കുടിശ്ശിക വര്‍ധിച്ചത് സാധുമണിയാണി അറിഞ്ഞില്ല.
1800 രൂപ വരെ എത്തിയപ്പോള്‍ റവന്യൂ റിക്കവറി നോട്ടീസ് അയച്ചു. മറുപടി കിട്ടാതെ വന്നപ്പോള്‍ കട്ടിലും ഓട്ടുപാത്രങ്ങളും ജപ്തി ചെയ്യാന്‍ ഉത്തരവായി. ആ വിവരത്തിന്റെ നൂലില്‍ പിടിച്ച് ഞാന്‍ ബദിയടുക്കക്ക് വിട്ടു. കട്ടിലിന്റെ കഥ രസകരം. മൈസൂര്‍ കൊട്ടാരത്തിലെ രാജ സപ്രമഞ്ചങ്ങള്‍ പണിത തച്ചു ശാസ്ത്ര വിദഗ്ധരാണ് കട്ടിലിന്റെ ശില്‍പ്പി. ഞാന്‍ കാണുമ്പോള്‍ 80 വയസിനടുത്തുള്ള മണിയാണി മൂന്നോ നാലോ തലമുറകളുടെ കഥ പറഞ്ഞു. മൈസൂര്‍ രാജാക്കന്മാരുടെ ഖജനാവ് സൂക്ഷിപ്പുകാരായിരുന്നു ആ കുടുംബത്തിലെ കാരണവന്മാര്‍. കോഴിപ്പോരും പോത്തോട്ടവും മദ്യപാനവും തലമുറ തലമുറ ആയി പകര്‍ന്നു പടര്‍ന്നപ്പോള്‍ ഓരോ ഇഞ്ചുഭൂമിയും അന്യാധീനമായി. ഈ കട്ടിലില്‍ കിടന്നവരൊക്കെ അപമൃത്യുവിന് ഇരയായി. അതുമാത്രം അവശേഷിച്ചു. കേരള കൗമുദിയില്‍ വാര്‍ത്ത വന്നതും ബംഗ്ലൂരില്‍ നിന്ന് ചലച്ചിത്ര പ്രവര്‍ത്തകരും ബഡാ മാര്‍വാഡികളും എത്തി. നികുതി അടച്ച് കട്ടില്‍ മൈസൂരിലെ ഒരു ലോറിയില്‍ കയറിപ്പോയി. മണിയാണിക്ക് എല്ലാം കിഴിച്ച് കയ്യില്‍ കിട്ടിയത് 1800 രൂപ.
അടുത്തകാലം വരെ എന്റെ ഫയലുകളില്‍ കട്ടിലിന്റെ ചിത്രവും കേരള കൗമുദി കട്ടിംഗ്‌സും ഉണ്ടായിരുന്നു. വീടിന്റെ അറ്റകുറ്റപ്പണികളും എക്സ്റ്റന്‍ഷനായി ഞാന്‍ ഹോംലൈബ്രറിയും പണിതപ്പോള്‍ ഫയലുകളെല്ലാം മണ്ണും സിമന്റും പാറി നശിച്ചു. നിരവധി ഫയലുകള്‍ നശിച്ച കൂട്ടത്തില്‍ അമൂല്യമായ പലതും...
****
ഏറ്റവും ഒടുവില്‍ ഞാനാ താലൂക്കാഫിസില്‍ കയറിയത് ഒരു ചങ്ങാതിയുടെ ലൗമാര്യേജിനാണ്. 'പ്രതികള്‍' ജീവിച്ചിരിപ്പുണ്ട്. പൊലീസ് ഇടപെടുന്ന കേസായതിനാല്‍ ബദിയടുക്ക രജിസ്ട്രാഫീസില്‍ കല്യാണം കഴിഞ്ഞു.
സന്ധ്യയോടെ പെണ്ണിനെ മുത്തച്ഛനും വീട്ടുകാരും പിടിച്ചുകൊണ്ടുപോയി. നിസ്സഹായനായ കാമുകന്‍ തൊണ്ട വരണ്ട് നാവുളുക്കി ആ കാഴ്ച നോക്കി നിന്നു. എനിക്കും കിട്ടി നവവധുവിന്റെ കുടുംബം വക തെറി അഭിഷേകം...
മ്യൂസിയം ആയാല്‍ ആ കെട്ടിടത്തില്‍ സംഭവങ്ങള്‍ ആലേഖനം ചെയ്യുമ്പോള്‍ ഈ കുറിപ്പ് ഫോട്ടോസ്റ്റാറ്റ് ആയി വെക്കാന്‍ അധികൃതര്‍ തയ്യാറാവട്ടെ...!!