പാരീസ്: അന്ന് ഡല്‍ഹി തെരുവിലൂടെ പൊലീസ് വലിച്ചിഴച്ച താരം ഇന്ന് ഒളിമ്പിക്സില്‍ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ സ്വര്‍ണത്തിനരികെ. ഇന്ന് രാത്രി വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് സ്വര്‍ണത്തിന് വേണ്ടി മത്സരിക്കും. സ്വര്‍ണം ലഭിച്ചില്ലെങ്കില്‍ വെള്ളി ഉറപ്പ്. സെമിയില്‍ ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാന് ലോപ്പസിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് ഫോഗട്ട് ഗുസ്തി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായത്. ക്യൂബന്‍ താരത്തിന് ഒന്ന് പൊരുതാന്‍ പോലും അവസരം നല്‍കാതെ 5-0നാണ് വിനേഷ് വീഴ്ത്തിയത്.
കഴിഞ്ഞ വര്‍ഷം ഡല്‍ഹി ജന്തര്‍ മന്ദിറില്‍ ഗുസ്തി ഫെഡറേഷന് അധ്യക്ഷനായിരുന്ന ബ്രിജ്ഭൂഷണ് ശരണ്‍ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിന്റെ മുന്നണി പോരാളിയായിരുന്ന വിനേഷ് ഫോഗട്ടിന്റെ വിജയം പാരീസില്‍ രാജ്യത്തിന്റെ അഭിമാനമുഖമായും മാറുകയാണ്.
രാജ്യമെങ്ങും ഫോഗട്ടിന്റെ പേര് ഉച്ചത്തില്‍ മുഴങ്ങുമ്പോള്‍ ഒരുപക്ഷെ അവളുടെ കാതില്‍ ഇപ്പോഴും പൊലീസ് ലാത്തിയുടെ ശബ്ദം മുഴങ്ങുന്നുണ്ടാവാം. ബ്രിജ്ഭൂഷണ് ശരണ്‍ സിംഗിനെതിരെ ലൈഗിക പീഡനം ഉള്‍പ്പെടെയുള്ള പരാതികളുമായി വിനേഷ് ഫോഗട്ടിനൊപ്പം റിയോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ സാക്ഷി മാലിക്, ടോക്യോ ഒളിമ്പിക്സ് മെഡല്‍ ജേതാവ് ബജ്റംഗ് പുണിയ തുടങ്ങിയവര്‍ തെരുവിലിറങ്ങിയിരുന്നു. താനടക്കമുള്ള താരങ്ങളെ പൊലീസ് തെരുവിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയത് വിനേഷ് ഫോഗട്ടിന് വലിയ വിഷമം സൃഷ്ടിച്ചിരുന്നു. ഈ വിഷമങ്ങള്‍ക്കിടയിലാണ് നിരന്തരം പരിശീലനം നടത്തി പാരീസ് ഒളിമ്പിക്സിന് എത്തിയതും വനിതകളുടെ ഗുസ്തി ഫൈനലില്‍ കടന്നതും. ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയും ഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കി.