റിചാര്‍ലിസന്റെ തോളിലേറി ബ്രസീല്‍; സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ പതാകയുമായി തളങ്കര സ്വദേശികള്‍

ടി.എ. ഷാഫിദോഹ: ലുസൈല്‍ ഇന്നലെ ഒരു സ്റ്റേഡിയം മാത്രമായിരുന്നില്ല. ആര്‍ത്തിരമ്പിയ മഞ്ഞക്കടല്‍ തന്നെയായിരുന്നു. തൊട്ടുമുമ്പ് സ്റ്റേഡിയം 974ല്‍ പോര്‍ച്ചുഗല്‍ ഘാനയോട് പൊരുതി നേടിയതിന്റെ ആവേശലഹരി അടങ്ങും മുമ്പേ സെര്‍ബിയക്ക് മേല്‍ ബ്രസീല്‍ ഖത്തര്‍ ലോകകപ്പിലെ ആദ്യ വിജയം നേടുന്നത് കാണാന്‍ അണമുറിയാത്ത മഞ്ഞപ്പട സ്റ്റേഡിയത്തിലേക്ക് ആര്‍ത്തിരമ്പി എത്തിയിരുന്നു.ലുസൈല്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞവര്‍ക്ക് പുറമെ ദോഹയിലെ വിവിധ ഫാന്‍ സോണുകളിലും ബ്രസീല്‍ ആരാധകരുടെ കുത്തൊഴുക്ക് കാണാമായിരുന്നു. ലോകകപ്പ് ഫുട്‌ബോള്‍ അതിന്റെ ആവേശ മൂര്‍ധന്യത്തില്‍ എത്തിയത് ഇപ്പോഴാണ്. പോര്‍ച്ചുഗലും ബ്രസീലും നേരിട്ടല്ലെങ്കിലും […]

ടി.എ. ഷാഫി
ദോഹ: ലുസൈല്‍ ഇന്നലെ ഒരു സ്റ്റേഡിയം മാത്രമായിരുന്നില്ല. ആര്‍ത്തിരമ്പിയ മഞ്ഞക്കടല്‍ തന്നെയായിരുന്നു. തൊട്ടുമുമ്പ് സ്റ്റേഡിയം 974ല്‍ പോര്‍ച്ചുഗല്‍ ഘാനയോട് പൊരുതി നേടിയതിന്റെ ആവേശലഹരി അടങ്ങും മുമ്പേ സെര്‍ബിയക്ക് മേല്‍ ബ്രസീല്‍ ഖത്തര്‍ ലോകകപ്പിലെ ആദ്യ വിജയം നേടുന്നത് കാണാന്‍ അണമുറിയാത്ത മഞ്ഞപ്പട സ്റ്റേഡിയത്തിലേക്ക് ആര്‍ത്തിരമ്പി എത്തിയിരുന്നു.
ലുസൈല്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞവര്‍ക്ക് പുറമെ ദോഹയിലെ വിവിധ ഫാന്‍ സോണുകളിലും ബ്രസീല്‍ ആരാധകരുടെ കുത്തൊഴുക്ക് കാണാമായിരുന്നു. ലോകകപ്പ് ഫുട്‌ബോള്‍ അതിന്റെ ആവേശ മൂര്‍ധന്യത്തില്‍ എത്തിയത് ഇപ്പോഴാണ്. പോര്‍ച്ചുഗലും ബ്രസീലും നേരിട്ടല്ലെങ്കിലും അവര്‍ മത്സരിക്കാനിറങ്ങിയ ഇന്നലെ ദോഹയിലെ സ്റ്റേഡിയങ്ങളില്‍ മാത്രമല്ല തെരുവീഥികളിലും ആവേശത്തിന് ഒട്ടും കുറവില്ലായിരുന്നു. രാത്രി 9.30ന് സ്റ്റേഡിയം 974ല്‍ പോര്‍ച്ചുഗലിന്റെ മിന്നുംതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാണാന്‍ തന്നെയായിരുന്നു അധിക പേരും എത്തിയത്. എന്നാല്‍ പോര്‍ച്ചുഗലിനെ ഘാന വിറപ്പിക്കുന്നത് കണ്ട് തുള്ളിച്ചാടി സ്റ്റേഡിയത്തെ ആവേശഭരിതമാക്കിയവരും ഏറെ. പോരാട്ടത്തിന് മൂര്‍ച്ച കൂട്ടി ഘാന ജയിച്ചു കളയുമോ എന്ന് പോലും തോന്നിപ്പിച്ച മുന്നേറ്റങ്ങള്‍ ഏറെയായിരുന്നു. മത്സരം അവസാനിക്കാന്‍ മിനുറ്റുകള്‍ മാത്രം ബാക്കിയിരിക്കെ റൊണാള്‍ഡൊയേയും ഫെലിക്‌സിനെയും പിന്‍വലിച്ചത് അബദ്ധമായോ എന്നു പോലും പോര്‍ച്ചുഗല്‍ ആരാധകര്‍ ചിന്തിച്ചു പോയിരുന്നു. പോര്‍ച്ചുഗലിനെ ശരിക്കും പിടിച്ചു കെട്ടി തങ്ങളുടെ ശക്തി തെളിയിക്കാന്‍ ഘാനക്ക് കഴിഞ്ഞു. തുടര്‍ച്ചയായ അഞ്ചു ലോകകപ്പില്‍ ഗോള്‍ നേടി റൊണാള്‍ഡോ ചരിത്രത്തിന്റെ ഭാഗമാവുന്നതിനും മത്സരം സാക്ഷ്യം വഹിച്ചു.
അര്‍ധരാത്രി ഇന്ത്യന്‍ സമയം 12.30ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ബ്രസീല്‍-സെര്‍ബിയ മത്സരത്തില്‍ ബ്രസീലിന് തന്നെയായിരുന്നു ആധിപത്യം. എങ്കിലും സെര്‍ബിയ അത്ര പെട്ടെന്ന് കീഴടങ്ങാന്‍ ഒരുക്കമല്ലായിരുന്നു. സെര്‍ബിയക്കെതിരെ ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ റിച്ചാര്‍ലിസന്‍ നേടിയ അക്രോബാറ്റിക് ഗോളിന്റെ സൗന്ദര്യം ഈ ലോകകപ്പ് അവസാനിച്ചാലും ഫുട്‌ബോള്‍ പ്രേമികളുടെ മനസില്‍ നിന്ന് മായില്ല. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ നേടിയാണ് ബ്രസീല്‍ ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ വെന്നിക്കൊടി പറത്തിയത്. രണ്ടു ഗോളുകളും റിചാര്‍ലിന്റെ വകയായിരുന്നു. ഇടതുവിങ്ങില്‍ മുന്നേറിയ സൂപ്പര്‍ താരം വിനീഷ്യസ് നല്‍കിയ മനോഹരമായ പാസ് ബോക്സില്‍ സ്വീകരിച്ച് മലക്കം മറിഞ്ഞ് റിചാര്‍ലിസണിന്റെ അതി മനോഹരമായ അക്രോബാറ്റിക് ഷോട്ടിന് മഴവില്ലഴകുണ്ടായിരുന്നു. ഗോളി പോലും ആ മനോഹാരിത ആസ്വദിച്ചു നിന്നു പോയോ എന്ന് സംശയം. ഗോളിയെ മറികടന്ന് പന്ത് വലയിലേക്ക്. ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരമായ ഗോളായിരുന്നു അത്.
മത്സരം അവസാനിക്കാന്‍ 10 മിനുറ്റ് മാത്രം ബാക്കി നില്‍ക്കെ സൂപ്പര്‍ താരം നെയ്മറെ പിന്‍വലിച്ചത് ബ്രസീല്‍ ആരാധകരെ നിരാശരാക്കി. നെയ്മറിന്റെ പരിക്ക് എത്രയും പെട്ടെന്ന് ഭേദമാവട്ടെ എന്നാണ് അവരുടെ പ്രാര്‍ത്ഥന.
സ്റ്റേഡിയങ്ങളില്‍ ഇന്നലെയും കാസര്‍കോട് ജില്ലക്കാരായ നിരവധി ഫുട്‌ബോള്‍ പ്രേമികള്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ പതാകയുമേന്തി എത്തിയ തളങ്കര ജദീദ് റോഡ് സ്വദേശികളായ റിയാസ് പീടേക്കാരനും ഇര്‍ഷാദ് വെല്‍ഫിറ്റും പ്രത്യേക ശ്രദ്ധ നേടി. ഇന്ത്യ ലോകകപ്പ് മത്സരത്തിന് യോഗ്യത നേടിയില്ലെങ്കിലും ബ്രസീലിന്റെ മത്സരത്തിനിടയില്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് റിയാസും ഇര്‍ഷാദും പറഞ്ഞു.

Related Articles
Next Story
Share it