താജോളം വളര്‍ന്ന അറിവിന്‍ ഗോപുരം...

ടി. ഉബൈദ് മാഷിന്റെ ഇടതും വലതും എപ്പോഴും അവര്‍ രണ്ടുപേരുണ്ടായിരുന്നു. കെ.എം അഹ്മദ് മാഷും പി.എ അഹമദ് താജും. എഴുത്തിനേയും വായനയേയും ഏറെ ഇഷ്ടപ്പെട്ടവര്‍. ഉബൈദ് മാഷ് കവിത എഴുതുമ്പോള്‍ രണ്ടുപേരും അത് കേട്ട് എഴുതും. എഴുതുക മാത്രമല്ല ചൊല്ലിക്കേല്‍പ്പിക്കേണ്ട ചുമതല കൂടി താജ് അഹ്മദിനുണ്ടായിരുന്നു. മനോഹരമായി അദ്ദേഹം അതുചൊല്ലി കേള്‍പ്പിക്കുമ്പോള്‍ ഉബൈദ് മാഷിന്റെ മുഖത്ത് നിറയുന്ന സന്തോഷത്തെ കുറിച്ച് അഹ്മദ് മാഷ് പലപ്പോഴും വര്‍ണ്ണിക്കുന്നത് കേട്ടിട്ടുണ്ട്. കവിയുടെ രണ്ട് പ്രിയപ്പെട്ട ശിഷ്യന്മാര്‍. ടി. ഉബൈദ് എന്നാല്‍ […]

ടി. ഉബൈദ് മാഷിന്റെ ഇടതും വലതും എപ്പോഴും അവര്‍ രണ്ടുപേരുണ്ടായിരുന്നു. കെ.എം അഹ്മദ് മാഷും പി.എ അഹമദ് താജും. എഴുത്തിനേയും വായനയേയും ഏറെ ഇഷ്ടപ്പെട്ടവര്‍. ഉബൈദ് മാഷ് കവിത എഴുതുമ്പോള്‍ രണ്ടുപേരും അത് കേട്ട് എഴുതും. എഴുതുക മാത്രമല്ല ചൊല്ലിക്കേല്‍പ്പിക്കേണ്ട ചുമതല കൂടി താജ് അഹ്മദിനുണ്ടായിരുന്നു. മനോഹരമായി അദ്ദേഹം അതുചൊല്ലി കേള്‍പ്പിക്കുമ്പോള്‍ ഉബൈദ് മാഷിന്റെ മുഖത്ത് നിറയുന്ന സന്തോഷത്തെ കുറിച്ച് അഹ്മദ് മാഷ് പലപ്പോഴും വര്‍ണ്ണിക്കുന്നത് കേട്ടിട്ടുണ്ട്. കവിയുടെ രണ്ട് പ്രിയപ്പെട്ട ശിഷ്യന്മാര്‍. ടി. ഉബൈദ് എന്നാല്‍ രണ്ടുപേര്‍ക്കും ജീവനായിരുന്നു. അതുകൊണ്ട് തന്നെ കവിയെ ഈ 'അഹ്മദു'മാര്‍ മത്സരിച്ചാണ് സ്‌നേഹിച്ചത്.
കുട്ടിക്കാലംതൊട്ടെ ലോക കാര്യങ്ങളോട് വല്ലാത്ത കൗതുകമായിരുന്നു പി.എ അഹ്മദ് താജിന്. അടങ്ങാത്ത സാഹിത്യ താല്‍പര്യം തലക്കുപിടിച്ച് കെ.എം അഹ്മദ് മാഷ് സാഹിത്യ പരിസരങ്ങളിലൂടെ ഓടി നടക്കുമ്പോള്‍ താന്‍ സമ്പാദിച്ച ലോക കാര്യങ്ങളെ കുറിച്ചുള്ള അറിവ് സുഹൃത്തുക്കളോട് പങ്കുവെക്കുന്ന തിരക്കിലായിരിക്കും പി.എ അഹ്മദ്.
എഴുത്തിനോടും അക്ഷരങ്ങളോടുമുള്ള അടങ്ങാത്ത പ്രണയംകൊണ്ടാണ് അദ്ദേഹം തായലങ്ങാടിയില്‍ നമ്പീശന്റെ പഴയ നെയ്യ് വില്‍ക്കുന്ന കടയ്ക്ക് സമീപം ബുക്ക് ഹൗസ് തുടങ്ങിയത്. ലോകാത്ഭുതങ്ങളിലൊന്നായ താജിന്റെ പേര് തന്നെ ബുക്ക് ഹൗസിനിട്ടു. നോട്ടുബുക്കുകളും സ്റ്റേഷനറി സാധനങ്ങളുമായിരുന്നു വില്‍പ്പന. പിന്നീട് അച്ചടിയിലേക്ക് കടന്നു. ഉബൈദ് മാഷിന്റെയടക്കം രചനകള്‍ പ്രിന്റ് ചെയ്യാനുള്ള ഒരു താവളം. താജ് പ്രസ് തുടങ്ങിയതോടെ പി.എ അഹ്മദ് താജ് അഹ്മദ് എന്നപേരില്‍ അറിയപ്പെട്ടുതുടങ്ങി. എന്നാല്‍ അധികം വൈകാതെ ഗള്‍ഫില്‍ നിന്നുള്ള വിളിയെത്തി. ഗള്‍ഫ് നാടുകളിലേക്ക് മലയാളികള്‍ എത്തിത്തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ അന്ന്. ആദ്യ പ്രവാസികളിലൊരാളായി 1965ല്‍ താജ് അഹ്മദ് ദുബായിലെത്തി. അവിടെ പ്രശസ്തമായ ഒരു കമ്പനിയില്‍ ഭേദപ്പെട്ട തൊഴില്‍ ലഭിച്ചതോടെ നാടിന്റെ പട്ടിണിയകറ്റാനുള്ള ചിന്തയായി താജ് അഹ്മദിന്റെ മനസ്സില്‍. തളങ്കര മേഖലയില്‍ നിന്ന് പലരേയും അദ്ദേഹം ദുബായിലെത്തിച്ചു. എന്നാല്‍ അഞ്ച് വര്‍ഷക്കാലം മാത്രമേ ദുബായില്‍ അദ്ദേഹം ഉണ്ടായിരുന്നുള്ളു. പിന്നീട് കുറച്ചുവര്‍ഷം മുംബൈയിലായിരുന്നു. ദുബായ് വാസവും മുംബൈ കാലവും താജ് അഹ്മദിന്റെ ലോകാറിവിന് കൂടുതല്‍ മാറ്റുകൂട്ടി. ആ അറിവുകള്‍ ജീവിതത്തില്‍ പകര്‍ത്താനും നിരക്ഷരര്‍ക്ക് മുന്നില്‍ അറിവിന്റെയും വിജ്ഞാനത്തിന്റെയും വാതിലുകള്‍ തുറന്നിടാനും അദ്ദേഹം പ്രയോജനപ്പെടുത്തി.
ഉബൈദ് മാഷിനോടുള്ള അതിരറ്റ സ്‌നേഹം ഒരിക്കലും അടങ്ങിയിരുന്നില്ല. ഉബൈദ് മാഷ് സ്ഥാപിച്ച മുഇസ്സുല്‍ ഇസ്ലാം സ്‌കൂളിന്റെ മുന്നേറ്റത്തിനും പുനര്‍നിര്‍മ്മാണത്തിനും വേണ്ടി മുന്നിട്ട് പ്രവത്തിച്ചു. കാസര്‍കോട്ട് കേന്ദ്രീകരിച്ച് ആദ്യമായി ഒരു മലയാളം വാരിക പ്രസിദ്ധീകരണം എന്നത് അഹ്മദ് മാഷിന്റെയും താജ് അഹ്മദിന്റെയും വലിയൊരു അഭിലാഷമായിരുന്നു. അതുവഴി ഉബൈദിന്റെ സംഭാവനകളെ തലമുറകളിലേക്ക് പകര്‍ന്നു നല്‍കുകയും ഉബൈദ് ആഗ്രഹിച്ചത് പോലെ പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയായിരുന്നു ഭാരിച്ച ഉത്തരവാദിത്ത്വത്തിന് പിന്നിലെ രഹസ്യം. 12 ഓളം ലക്കങ്ങള്‍ ഇറങ്ങിയെന്നും പിന്നീട് പ്രസിദ്ധീകരണം നിലച്ചെന്നും ഇരുവരുടെയും പഴയകാല സുഹൃത്തും കാസര്‍കോട്ട് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന എഴുത്തുകാരന്‍ കൂടിയായ പി.എ.എം ഹനീഫ് ഓര്‍ക്കുന്നു. ദഖീറത്തുല്‍ ഉഖ്‌റ സംഘത്തിന്റെ ആദ്യകാല മെമ്പര്‍മാരിലൊരാളായ താജ് അഹ്മദ് ദഖീറത്തിന്റെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് വലുതാണ്. മുസ്ലിം ഹൈസ്‌കൂളിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടി കെ.എസ്. അബ്ദുല്ലക്ക് ഒപ്പം ചേര്‍ന്ന് സമാനതകളില്ലാത്ത പ്രവര്‍ത്തനം നടത്തിയ അദ്ദേഹം മുസ്ലിം ഹൈസ്‌കൂളിന്റെ പഠനനിലവാരം തകര്‍ന്ന ഘട്ടത്തില്‍ ദഖീറത്തിന് കീഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിലും മുന്നിട്ട് പ്രവര്‍ത്തിച്ചു. മുഇസ്സുല്‍ ഇസ്ലാം സ്‌കൂളിന്റെ വളര്‍ച്ചയിലും മാനേജിംഗ് കമ്മിറ്റി അംഗമെന്ന നിലയില്‍ താജ് അഹ്മദിന്റെ കയ്യൊപ്പുണ്ട്. സ്‌കൂള്‍ പുനര്‍നിര്‍മ്മിക്കുന്നതിന് നേതൃത്വം നല്‍കിയ താജ് അഹ്മദ് ഇപ്പോള്‍ വീണ്ടും സ്‌കൂള്‍ പുനര്‍നിര്‍മ്മിക്കുന്ന ഘട്ടത്തില്‍, നഗരസഭാ ചെയര്‍മാന്‍ കൂടിയായ സഹോദര പുത്രന്‍ അഡ്വ. വി.എം. മുനീര്‍ അടക്കമുള്ള നേതൃത്വത്തിന് തന്റെ എല്ലാ ആശിര്‍വാദവും നല്‍കിയിരുന്നു.
തളങ്കരയിലെ ഒരു സുഹൃത്തുമായി ചേര്‍ന്ന് സൗദി അറേബ്യയില്‍ ടെക്‌സ്റ്റൈല്‍സ് വ്യാപാരവും താജ് അഹ്മദ് നടത്തിയിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ ശേഷം വിശ്രമ ജീവിതത്തിലായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗിന്റെ ബുദ്ധി കേന്ദ്രമായിരുന്നു ഒരുകാലത്ത് താജ് അഹ്മദ്. പാര്‍ട്ടി വേദികളില്‍ അധികം പ്രത്യക്ഷപ്പെടാറില്ലെങ്കിലും ആശയങ്ങള്‍ക്ക് വേണ്ടി അദ്ദേഹത്തെ നേതാക്കള്‍ സമീപിക്കുമായിരുന്നു. വിമോചന സമരകാലത്ത് കെ.എസ് സുലൈമാന്‍ ഹാജിക്കും ബി.എം അബ്ദുല്‍ റഹ്മാനും ഒപ്പം താജ് അഹ്മദും സജീവമായി രംഗത്തുണ്ടായിരുന്നു. താജ് അഹ്മദിനെ കാസര്‍കോട് നഗരസഭയുടെ ചെയര്‍മാന്‍ പദവിയില്‍ കൊണ്ട് വരണമെന്ന് ടി.എ ഇബ്രാഹിം ആഗ്രഹിച്ചിരുന്നു. ജീനിയസ് എന്നാണ് താജ് അഹ്മദിനെ ഇബ്രാഹിം സാഹിബ് വിശേഷിപ്പിക്കാറുണ്ടായിരുന്നത്. കെ.എസ് സുലൈമാന്‍ ഹാജിയുടെ പേര് നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതിന് മുമ്പ് ടി.എ ഇബ്രാഹിം ഉയര്‍ത്തി കാട്ടിയിരുന്നതും താജ് അഹ്മദിന്റെ പേരാണെന്ന് മുതിര്‍ന്ന മുസ്ലിംലീഗ് നേതാവ് എ.എം കടവത്ത് ഓര്‍ക്കുന്നു.
താജ് അഹ്മദിന്റെ വികസന സങ്കല്‍പ്പങ്ങള്‍ അപാരമാണെന്നും അദ്ദേഹത്തിന് ദിശാബോധം നല്‍കാനുള്ള കഴിവുണ്ടെന്നും ടി.എ ഇബ്രാഹിം സാഹിബ് എപ്പോഴും പറയുമായിരുന്നുവത്രെ.
ഇംഗ്ലീഷ് ഭാഷയില്‍ അപാരമായ പ്രാവീണ്യം താജ് അഹമ്മദിനുണ്ടായിരുന്നു.
നല്ലൊരു നാടക നടന്‍ കൂടിയായിരുന്ന താജ് അഹ്മദിന്റെ പഴയകാല നാടക പ്രകടനത്തെ കുറിച്ചും പി.എ.എം ഹനീഫ് അടക്കമുള്ളവര്‍ ഓര്‍ത്തെടുത്തു. ടി.പി അന്തയും ടി.എ അബൂബക്കര്‍ മാഷും ടി.എ മഹമൂദ് നൈസുമൊക്കെ അടങ്ങിയ നാടക സംഘത്തില്‍ താജ് അഹ്മദും ഉണ്ടായിരുന്നു. മുസ്ലിം ഹൈസ്‌കൂളിലെ വേദി അക്കാലത്ത് നാടകങ്ങളാല്‍ സമ്പന്നമായിരുന്നു. പ്രിയപ്പെട്ട സുഹൃത്തും ബന്ധുവുമായ ടി.എ അബൂബക്കര്‍ മാഷ് ഒരു ഓക്‌ടോബര്‍ 10നാണ് ഈ ലോകത്തോട് വിട പറഞ്ഞത്. താജ് അഹ്മദ് വിട പറയുന്നതും ഒക്‌ടോബര്‍ 10നാണെന്ന പ്രത്യേകത കൂടി ഉണ്ട്.
അപാരമായ ഓര്‍മ്മശക്തി താജ്അഹമ്മദിന്റെ പ്രത്യേകതയായിരുന്നു. ഓര്‍മ്മകളുടെ കടലിരമ്പം അദ്ദേഹം പലരുമായും പങ്കുവെക്കാറുണ്ടായിരുന്നു. എന്നാല്‍ തന്നെ പൊലിപ്പിച്ച് കാണിക്കുന്നതില്‍ ഒരിക്കലും തല്‍പരനായിരുന്നില്ല അദ്ദേഹം. ദേശക്കാഴ്ചക്ക് വേണ്ടി അഭിമുഖത്തിന് പലതവണ താജ് അഹമ്മദിന്റെ മുന്നില്‍ ചെന്നിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ദേശക്കാഴ്ച വായിക്കാറുണ്ടെന്നും അതില്‍ പരാമര്‍ശിക്കുന്ന പല ചരിത്രങ്ങളും ഓര്‍മ്മകള്‍ക്ക് മധുരം പകരുന്നുണ്ടെന്നും പറഞ്ഞ് സ്‌നേഹപൂര്‍വ്വം നിരസിക്കുകയാണ് അദ്ദേഹം ചെയ്യാറ്.


-ടി.എ ഷാഫി

Related Articles
Next Story
Share it