തച്ചങ്ങാട്: തച്ചങ്ങാടെ കുട്ടിപ്പൊലീസ് ഹോണസ്റ്റി ഷോപ്പ് ആരംഭിച്ചു. സത്യസന്ധതയുടെ മഹത്വം സ്വന്തം ജീവിതം കൊണ്ട് പഠിപ്പിച്ച രാഷ്ട്രപിതാവിന്റെ ജന്മദിനത്തിലാണ് തച്ചങ്ങാട് ഗവ. ഹൈസ്കൂളില്‍ ഹോണസ്റ്റി ഷോപ്പ് എന്ന പുതിയ പദ്ധതി ആരംഭിച്ചത്.
അധ്യയനത്തിന് ഉപകരിക്കുന്ന വസ്തുക്കള്‍ സ്കൂളിലെ മുറിയില്‍ സജ്ജീകരിച്ച് വസ്തുക്കളുടെ നിശ്ചിത തുക നിക്ഷേപിച്ച് കുട്ടികള്‍ സ്വയം തന്നെ കച്ചവടം നടത്തുന്ന സമ്പ്രദായമാണ് ഹോണസ്റ്റി ഷോപ്പ്.
കടയിലേക്ക് ആവശ്യമായി വരുന്ന സധനങ്ങള്‍ വാങ്ങാനും ലഭിക്കുന്ന തുക ഉപയോഗിച്ച് കട നടത്തി കൊണ്ടുപോകാനും സ്കൂളിലെ എസ് പി.സി. സീനിയര്‍ കുട്ടികള്‍ക്കാണ് ചുമതല. ഹോണസ്റ്റി ഷോപ്പിന്റെ ഉദ്ഘാടനം സകൂള്‍ പി.ടി.എ. പ്രസിഡണ്ട് ഉണ്ണികൃഷ്ണന് പൊടിപ്പളം നിര്‍വ്വഹിച്ചു. ബേക്കല്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദിലീദ്, പദ്മ, എന്നിവരും അധ്യാപകരായ പ്രതിഭ, പ്രണാബ് കുമാര്‍, ഡോ.സുനില്‍കുമാര്‍ കോറോത്ത് എന്നിവരും സംസാരിച്ചു. ഗാര്ഡിയന് പി.ടി.എ പ്രസിഡണ്ട് ജിതേന്ദ്രകുമാര്‍ സ്വാഗതവും സുജിത എ.പി നന്ദിയും പറഞ്ഞു.