ചിത്താരി പുഴക്ക് കുറുകെ റഗുലേറ്റര്‍ നിര്‍മ്മാണത്തിന് സാങ്കേതികാനുമതിയായി

ഉദുമ: ചിത്താരി പുഴക്ക് കുറുകെ റഗുലേറ്റര്‍ നിര്‍മ്മാണത്തിന് സാങ്കേതികാനുമതി ലഭിച്ചതായി സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു.നബാഡിന്റെ 2022-23 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33.28 കോടി രൂപ അനുവദിച്ചിരുന്നു. ചിത്താരി പുഴയില്‍ റഗുലേറ്റര്‍ നിര്‍മ്മിച്ച് ഉപ്പ് വെള്ളം തടഞ്ഞ് ശുദ്ധജലം ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പ്രവൃത്തിക്കാണ് സാങ്കേതികാനുമതി ലഭ്യമായത്.പഴയ ചിത്താരി റഗുലേറ്റര്‍ ഉപയോഗശൂന്യമായിട്ട് 30 വര്‍ഷത്തിലധിമായി. മെക്കാനിക്കല്‍ ഷട്ടറുകള്‍ എല്ലാം നശിച്ച് ഉപ്പ് വെള്ളം കയറി പള്ളിക്കര, അജാനൂര്‍ പഞ്ചായത്തുകളിലെ കിഴക്കേക്കര, പൂച്ചക്കാട്, ദാവൂദ് മൊഹല്ല, മുക്കൂട്, […]

ഉദുമ: ചിത്താരി പുഴക്ക് കുറുകെ റഗുലേറ്റര്‍ നിര്‍മ്മാണത്തിന് സാങ്കേതികാനുമതി ലഭിച്ചതായി സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു.
നബാഡിന്റെ 2022-23 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 33.28 കോടി രൂപ അനുവദിച്ചിരുന്നു. ചിത്താരി പുഴയില്‍ റഗുലേറ്റര്‍ നിര്‍മ്മിച്ച് ഉപ്പ് വെള്ളം തടഞ്ഞ് ശുദ്ധജലം ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പ്രവൃത്തിക്കാണ് സാങ്കേതികാനുമതി ലഭ്യമായത്.
പഴയ ചിത്താരി റഗുലേറ്റര്‍ ഉപയോഗശൂന്യമായിട്ട് 30 വര്‍ഷത്തിലധിമായി. മെക്കാനിക്കല്‍ ഷട്ടറുകള്‍ എല്ലാം നശിച്ച് ഉപ്പ് വെള്ളം കയറി പള്ളിക്കര, അജാനൂര്‍ പഞ്ചായത്തുകളിലെ കിഴക്കേക്കര, പൂച്ചക്കാട്, ദാവൂദ് മൊഹല്ല, മുക്കൂട്, ചിത്താരി പ്രദേശങ്ങളിലെ ഏക്കര്‍ കണക്കിന് കൃഷി ഭൂമി കൃഷി ചെയ്യാതെ വര്‍ഷങ്ങളായി തരിശായി കിടക്കുന്നു. നിലവിലുള്ള റഗുലേറ്റര്‍ പുതുക്കി പണിയാന്‍ ഇവിടുത്തെ ജനപ്രതിനിധികളും നാട്ടുകാരും വര്‍ഷങ്ങളായി ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന വിഷയമായിരുന്നു. കെ.എസ്.ടി.പി റോഡ് നിര്‍മ്മാണ കാലത്ത് പഴയ പാലം പൊളിച്ച് പുതിയത് നിര്‍മ്മിക്കുമ്പോള്‍ ഇതിനോട് ചേര്‍ന്ന് റഗുലേറ്റര്‍ നിര്‍മ്മിക്കുന്നതിനുള്ള നിര്‍ദ്ദേശം ജനപ്രതിനിധികള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അത് യാഥാര്‍ത്ഥ്യമായില്ല. നിലവിലുള്ള റഗുലേറ്റര്‍ പുതുക്കി പണിയുക പ്രായോഗികമല്ല എന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പഴയ റഗുലേറ്ററിന് മുകളിലായി പുതിയ റഗുലേറ്റര്‍ നിര്‍മ്മിക്കുന്നതിന് ഡിസൈന്‍ രൂപകല്‍പ്പന ചെയ്ത് ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.പി.ആര്‍ തയ്യാറാക്കി നബാര്‍ഡിന്റെ 2021-22ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ചുവെങ്കിലും പരിഗണിച്ചില്ല. തുടര്‍ന്ന് 2022-23 പദ്ധതിയില്‍ ഉള്‍പ്പെടുത്തി നബാര്‍ഡിന്റെ സാമ്പത്തികാനുമതി ലഭ്യമാക്കുന്നതിന് പുതുക്കിയ ഡി.പി.ആര്‍ തയ്യാറാക്കി വീണ്ടും സമര്‍പ്പിക്കുകയായിരുന്നു. ഈ പദ്ധതിക്കായുള്ള ജനങ്ങളുടെ കാത്തിരിപ്പ് നബാര്‍ഡിന്റെ തിരുവനന്തപുരത്തുള്ള റീജിയണല്‍ ഓഫീസറെ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ജലവിഭവ വകുപ്പ് സമര്‍പ്പിച്ച രണ്ട് പ്രവൃത്തികളില്‍ ഒന്നാമതായി ഇത് പരിഗണിച്ച് 33.28 കോടി രൂപ അനുവദിച്ചത്. ചിത്താരി പുഴയില്‍ ഉപ്പുവെള്ളം കയറുന്നത് തടയുന്നതിനും പള്ളിക്കര, അജാനൂര്‍ പഞ്ചായത്തുകളിലെ കൃഷി സ്ഥലത്ത് ജലസേചനത്തിന് വേണ്ടി വിഭാവനം ചെയ്ത ചിത്താരി റഗുലേറ്റര്‍ നിലവിലുള്ള ഉപയോഗ ശൂന്യമായ റഗുലേറ്ററിന്റെ 270 മീറ്റര്‍ മുകള്‍ ഭാഗത്തായാണ് നിര്‍മ്മിക്കുക. ഇത് ഇരു പഞ്ചായത്തുകളിലേയും 1095 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് പ്രയോജനപ്പെടുകയും ഏകദേശം 865 ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുകയും ചെയ്യും.
സാങ്കേതികാനുമതി ലഭ്യമായ സ്ഥിതിയില്‍ മേല്‍ നബാര്‍ഡ് പ്രവൃത്തി അടിയന്തിരമായി ടെണ്ടര്‍ ചെയ്യാന്‍ മൈനര്‍ ഇറിഗേഷന്‍ നോര്‍ത്ത് സര്‍ക്കിള്‍ സുപ്രണ്ടിങ്ങ് എഞ്ചിനീയറോട് എം.എല്‍.എ ആവശ്യപ്പെട്ടു.

Related Articles
Next Story
Share it