അധ്യാപകര്‍... വഴികാട്ടികള്‍...

ഭാവി തലമുറയെ വാര്‍ത്തെടുക്കുന്ന ഗുരുനാഥന്‍മാരെ ആദരവോടെ സ്മരിക്കാന്‍ സെപ്തംബര്‍ 5 നാം ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നു.ഭാരതം കണ്ട വിദ്യാഭ്യാസ വിചക്ഷണരില്‍ അഗ്രഗണ്യനായിരുന്ന, നമ്മുടെ ആദ്യ ഉപരാഷ്ട്രപതിയും പിന്നീട് ഭാരതരത്‌നം നല്‍കി രാജ്യം ആദരിച്ച രാഷ്ട്രപതിയുമായിരുന്ന ഡോ. സര്‍വ്വേപ്പിളളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. അധ്യാപകരുടെ അധ്യാപകനായാണ് അദ്ദേഹം അറിയപ്പെടുന്നത്. ആധുനിക വിദ്യാഭ്യാസം ക്രമപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയ അദ്ദേഹം, വിദ്യാഭ്യാസം പാവപ്പെട്ടവനും പണക്കാരനും ഒരു പോലെ പ്രാപ്യമാകും വിധമുള്ള നിരവധി നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരുന്നത്.ഈ ദിനത്തില്‍ നമ്മെ […]

ഭാവി തലമുറയെ വാര്‍ത്തെടുക്കുന്ന ഗുരുനാഥന്‍മാരെ ആദരവോടെ സ്മരിക്കാന്‍ സെപ്തംബര്‍ 5 നാം ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നു.
ഭാരതം കണ്ട വിദ്യാഭ്യാസ വിചക്ഷണരില്‍ അഗ്രഗണ്യനായിരുന്ന, നമ്മുടെ ആദ്യ ഉപരാഷ്ട്രപതിയും പിന്നീട് ഭാരതരത്‌നം നല്‍കി രാജ്യം ആദരിച്ച രാഷ്ട്രപതിയുമായിരുന്ന ഡോ. സര്‍വ്വേപ്പിളളി രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. അധ്യാപകരുടെ അധ്യാപകനായാണ് അദ്ദേഹം അറിയപ്പെടുന്നത്. ആധുനിക വിദ്യാഭ്യാസം ക്രമപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയ അദ്ദേഹം, വിദ്യാഭ്യാസം പാവപ്പെട്ടവനും പണക്കാരനും ഒരു പോലെ പ്രാപ്യമാകും വിധമുള്ള നിരവധി നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരുന്നത്.
ഈ ദിനത്തില്‍ നമ്മെ നാമാക്കി മാറ്റിയ മുഴുവന്‍ ഗുരുജനങ്ങളേയും ആദരവോടെ ഓര്‍മ്മിക്കാം.
പുതുതലമുറയെ അധ്യാപനത്തിന്റെ മഹത്വം അറിയിക്കാനായി 1994 മുതല്‍ യുനെസ്‌ക്കോ ഒക്ടോബര്‍ 5 ലോക അധ്യാപക ദിനമായും പ്രഖ്യാപിച്ചിട്ടുണ്ട്.
വിദ്യാഭ്യാസമെന്നത് കേവലം പാഠപുസ്തക പഠനത്തിനപ്പുറം മറ്റു പലതുമാണെന്ന ഒരു ബോധ്യം സമൂഹത്തിനുണ്ടാകണം. കാലം മാറുന്നതിനനുസരിച്ച് വിദ്യാഭ്യാസ രംഗത്തും കാതലായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. കമ്പ്യൂട്ടറിന്റേയും സ്മാര്‍ട്ട് ഫോണുകളുടേയും ഇന്റര്‍നെറ്റിന്റേയും വിദ്യാഭ്യാസ ആപ്പുകളുടേയും പുത്തന്‍ലോകത്ത് പുതിയ അറിവുകള്‍ കുട്ടികള്‍ക്ക് ഉള്‍പ്പെടെ വിരല്‍തുമ്പില്‍ ലഭ്യമാകും വിധമാണ്. ലോകത്ത് പലയിടത്തും ഇത്തരം ആധുനിക സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കുട്ടികള്‍ പ്രാപ്തരായി കഴിഞ്ഞു. നമ്മുടെ രാജ്യത്തിനകത്തും വിദ്യാഭ്യാസ രംഗത്ത് കുതിച്ചു ചാട്ടം ഉണ്ടാകുന്നുണ്ട്. എന്നാല്‍ നമ്മുടെ രാജ്യത്ത് എല്ലായിടത്തുമിത് ഫലപ്രദമായി നടന്നു എന്ന് പറയാന്‍ നിര്‍വ്വാഹമില്ല.
പഠന പിന്തുണ സംവിധാനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതില്‍ അധ്യാപകര്‍ നല്ല താല്‍പര്യം കാണിക്കുന്നുണ്ടെന്നത് അഭിമാനകരമാണ്. ഡിജിറ്റല്‍ വിഭജനം ഒരു പരിധി വരെ കുറച്ചു കൊണ്ടുവരാന്‍ കേരളത്തിനകത്ത് സാധിക്കുന്നുണ്ടെങ്കിലും രാജ്യത്തും ലോകത്തും സ്ഥിതി ഇതല്ല.
രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റം നിര്‍ദ്ദേശിക്കുന്ന ഡോ. കസ്തൂരി രംഗന്‍ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ നിയമമാക്കി കഴിഞ്ഞു.
കണ്‍കറന്റ് ലിസ്റ്റില്‍പ്പെട്ട വിദ്യാഭ്യാസ രംഗത്തിന്റെ വികേന്ദ്രീകരണത്തിന് പകരം ഒരു കേന്ദ്രീകരണം നടത്താനുള്ള മന:പൂര്‍വ്വമായ നീക്കം നാം കാണാതിരുന്നു കൂടാ. ചില ഭാഷകളെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമം നടക്കുമ്പോള്‍ മറ്റു ചില ഭാഷകളെ മറന്നു പോകുന്നതും പ്രത്യേക ലക്ഷ്യങ്ങള്‍ വെച്ചു തന്നെയാണ്. വിദ്യാഭ്യാസ-വൈവിധ്യവല്‍ക്കരണത്തിന്റെ കടക്കല്‍ കത്തി വെക്കുന്ന ഒന്നായി ഇത് മാറുമോ എന്ന് പുരോഗമന സമൂഹം ആശങ്കപ്പെടുന്നു. മെച്ചപ്പെട്ട നിലയില്‍ പൊതുവിദ്യാഭ്യാസം മുന്നോട്ട് പോകുന്ന സംസ്ഥാനങ്ങളില്‍ അതിനൊരു തടസ്സമായി ഈ നിയമം മാറരുത്. ഏതെങ്കിലും തരത്തിലുള്ള വര്‍ഗീയ-ജാതീയ-രാഷ്ട്രീയ ചേരിതിരിവുകള്‍ കുട്ടികളില്‍ ഉണ്ടാക്കും വിധമുള്ള വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ ഉണ്ടാവരുത്. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും ഊട്ടിയുറപ്പിക്കുന്നതാവണം നമ്മുടെ വിദ്യാഭ്യാസം. ഭരണാധികാരികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് പാഠഭാഗങ്ങള്‍ ഒഴിവാക്കുകയും കൂട്ടി ചേര്‍ക്കുകയും ചെയ്യുന്നത് വലിയ പ്രത്യാഘാതങ്ങളാണുണ്ടാക്കുക.
കഴിഞ്ഞ സര്‍ക്കാര്‍ കേരളത്തില്‍ഏറ്റെടുത്ത് നടപ്പിലാക്കിയ നാല് മിഷനുകളില്‍ ഒന്നായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൂടുതല്‍ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ പുതിയ സര്‍ക്കാരും തീരുമാനിച്ചിരിക്കുന്നു എന്നത് സ്വാഗതാര്‍ഹമാണ്. മുഴുവന്‍ കുട്ടികള്‍ക്കും ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുക എന്നുള്ള ലക്ഷ്യം ഏറെ പ്രശംസനീയമാണ്.
സംസ്ഥാനത്തെ ഭൂരിഭാഗം വിദ്യാലയങ്ങളിലും ഐ.ടി അധിഷ്ഠിതമായ പഠനത്തിനുള്ള സാഹചര്യങ്ങള്‍ ഉണ്ടായി കഴിഞ്ഞു. 45000ല്‍ ഏറെ സ്മാര്‍ട് ക്ലാസ് മുറികള്‍ വലിയ മുന്നേറ്റമാണ്. എന്നാല്‍ ചില പ്രദേശങ്ങളില്‍ എങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ഒരു കീറാമുട്ടിയായി നിലകൊള്ളുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം കാണാതിരുന്നു കൂടാ. ശക്തമായ പി.ടി.എ, എസ്.എം.സി സംവിധാനങ്ങളും കരുത്തുറ്റ അധ്യാപക സമൂഹവും പൊതുവിദ്യാലയം പൊതു ഇടമാണെന്ന ധാരണയോടെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കൂടി ഉള്‍പ്പെട്ട ബഹുജന സമൂഹവും കൈകോര്‍ത്ത് പിടിച്ചാല്‍ നമുക്ക് ആഗോള നിലവാരത്തിലേക്ക് ഉയരുക അപ്രാപ്യമല്ല. പുത്തന്‍ അറിവുകളുടെ ലോകത്ത് വ്യാപരിക്കാന്‍ അധ്യാപക സമൂഹവും തയ്യാറാവണം.
പാഠപുസ്തകത്തിന് പുറത്തുള്ള വലിയ ലോകത്തെ കുറിച്ചും അവിടെനടക്കുന്ന സംഭവ വികാസങ്ങള്‍ സംബന്ധിച്ചും വിദ്യാര്‍ത്ഥികള്‍ നിരന്തരം സംശയമുയര്‍ത്തി വരുമ്പോള്‍ അവരെ കണ്ണുരുട്ടി പേടിപ്പിക്കുന്നതിനു പകരം അതിന് തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിയുന്ന ഒരാളായി മാറാന്‍ അധ്യാപകനാവണം. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ മാറിയ കാലഘട്ടത്തില്‍ പുത്തന്‍ ഡിജിറ്റല്‍ അറിവുകള്‍ നേടാനും ആയത് കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാനും കഴിയണം.
കുട്ടികളോടൊപ്പം നിന്ന് അവര്‍ക്ക് വേണ്ടപ്പെട്ട ആളാണെന്ന തോന്നലുണ്ടാക്കാന്‍ അധ്യാപകന് സാധിക്കണം. കുട്ടികളില്‍ വളര്‍ന്നു വരുന്ന ലഹരി ഉപയോഗം ഉള്‍പ്പെടെയുള്ള ദുശീലങ്ങള്‍ മുളയിലേ നുള്ളിക്കളയാന്‍ കുട്ടികളുമായുളള അടുപ്പം അധ്യാപകര്‍ക്ക് തുണയാകും.
കക്ഷിരാഷ്ട്രീയ-ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ-സാമ്പത്തിക വേര്‍തിരിവുകള്‍ ഏതുമില്ലാതെ പൊതുകാര്യങ്ങളില്‍ നാം എല്ലാവരും ഒന്നാണെന്ന ഏകതാ ബോധം വിദ്യാര്‍ത്ഥികളില്‍ ഉണ്ടാക്കി, സുസ്ഥിര വികസന സങ്കല്‍പത്തിന്റെ അമരക്കാരായി, നാളത്തെ നാടിന്റെ നായകരായി അവരെ വളര്‍ത്തി കൊണ്ടുവരാന്‍ അധ്യാപകര്‍ക്കാവണം. മേല്‍പറഞ്ഞ വേര്‍തിരിവുകളില്‍ നിന്നും ആദ്യം പുറത്തു വരാനുള്ള ആര്‍ജ്ജവം അധ്യാപക സമൂഹത്തിനുണ്ടായാല്‍ ഭാവിതലമുറയുടെ മാര്‍ഗദീപമായി മാറാന്‍ അധ്യാപകര്‍ക്ക് സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നമ്മളെ നമ്മളാക്കിയ എല്ലാ ഗുരുനാഥന്‍മാരേയും ഒന്നുകൂടി നമിക്കാം, സ്മരിക്കാം.


-സുനില്‍ കുമാര്‍ കരിച്ചേരി

Related Articles
Next Story
Share it