കാസര്‍കോട്: കാസര്‍കോട് നഗരസഭാ മുന്‍ ചെയര്‍മാനും വായനാപ്രിയനും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന ടി.ഇ അബ്ദുല്ലയുടെ വേര്‍പാടില്‍ അനുശോചിക്കുന്നതിന് കാസര്‍കോട് സാഹിത്യവേദിയും കവി ടി. ഉബൈദ് സാഹിത്യ കലാപഠന കേന്ദ്രവും സംയുക്തമായി നാളെ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നു. വൈകിട്ട് നാല് മണിക്ക് പുലിക്കുന്നിലെ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. കാസര്‍കോട് സാഹിത്യവേദിയുടെ പ്രവര്‍ത്തക സമിതി അംഗവും കവി ടി. ഉബൈദ് സാഹിത്യ കലാപഠന കേന്ദ്രത്തിന്റെ ട്രഷററുമായിരുന്നു ടി.ഇ അബ്ദുല്ല. നഗരസഭാ ചെയര്മാന് എന്ന നിലയില്‍ കാസര്‍കോടിന്റെ സാംസ്കാരി മേഖലക്ക് ഉണര്‍വേകുന്നതില്‍ ടി.ഇ അബ്ദുല്ല വഹിച്ച പങ്ക് വലുതാണ്. നിരവധി സാഹിത്യ നായകന്മാരെ കാസര്കോട്ടുകൊണ്ടുവന്ന് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. നാളെ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ എല്ലാവരും സംബന്ധിക്കണമെന്ന് കാസര്‍കോട് സാഹിത്യവേദി പ്രസിഡണ്ട് പത്മനാഭന് ബ്ലാത്തൂര്‍, കവി ടി. ഉബൈദ് സാഹിത്യ കലാപഠന കേന്ദ്രം പ്രസിഡണ്ട് യഹ്യ തളങ്കര എന്നിവര്‍ ആവശ്യപ്പെട്ടു.