ഭരണത്തുടര്‍ച്ച ഉണ്ടായാല്‍ ടാറ്റാ കോവിഡ് ആസ്പത്രി സ്‌പെഷ്യാലിറ്റി ആസ്പത്രിയാക്കും-മന്ത്രി ശൈലജ

കാസര്‍കോട്: ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വന്നാല്‍ കാസര്‍കോട്ടെ ടാറ്റാ കോവിഡ് ആസ്പത്രി ഒരു സ്‌പെഷ്യാലിറ്റി ആസ്പത്രിയായി ഉയര്‍ത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ബ്ലഡ് കംപോണന്റ് സെപ്പറേഷന്‍ യൂണിറ്റും പുതിയ ഒ.പി. വെയ്റ്റിങ് ഏരിയയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാസര്‍കോടിനെ സര്‍ക്കാര്‍ അവഗണിച്ചുവോ എന്ന ഒരു ചിന്ത പലയിടത്തുമുണ്ടെങ്കിലും അതില്‍ കഴമ്പില്ല. ജില്ലയിലെ ആരോഗ്യ രംഗത്ത് നടന്നത് മികച്ച പ്രവര്‍ത്തനങ്ങളാണ് -മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഗവ. മെഡിക്കല്‍ കോളേജ് […]

കാസര്‍കോട്: ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വന്നാല്‍ കാസര്‍കോട്ടെ ടാറ്റാ കോവിഡ് ആസ്പത്രി ഒരു സ്‌പെഷ്യാലിറ്റി ആസ്പത്രിയായി ഉയര്‍ത്തുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ബ്ലഡ് കംപോണന്റ് സെപ്പറേഷന്‍ യൂണിറ്റും പുതിയ ഒ.പി. വെയ്റ്റിങ് ഏരിയയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാസര്‍കോടിനെ സര്‍ക്കാര്‍ അവഗണിച്ചുവോ എന്ന ഒരു ചിന്ത പലയിടത്തുമുണ്ടെങ്കിലും അതില്‍ കഴമ്പില്ല. ജില്ലയിലെ ആരോഗ്യ രംഗത്ത് നടന്നത് മികച്ച പ്രവര്‍ത്തനങ്ങളാണ് -മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രി നിര്‍മാണം പൂര്‍ത്തിയാവുകയാണ്. ഇവിടെ 273 തസ്തികകള്‍ സൃഷ്ടിച്ചു. 100 സീറ്റുള്ള ഗവ. മെഡിക്കല്‍ കോളേജിന് അപേക്ഷ നല്‍കി കഴിഞ്ഞു. കേന്ദ്രാനുമതി വേണം. ഒന്നുരണ്ടുവര്‍ഷത്തിനകം മെഡിക്കല്‍ കോളേജ് പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങാനാകും. ജില്ലാ ആസ്പത്രിയില്‍ ഡയാലിസിസ് യൂണിറ്റ് കിട്ടി. കിഫ്ബി ഫണ്ടായ 8 കോടി രൂപ ഉപയോഗിച്ച് ജില്ലാ ആസ്പത്രിയില്‍ കാത്ത് ലാബ് ആരംഭിക്കുകയാണ്. ജില്ലാ ആസ്പത്രി ദേശീയ അവാര്‍ഡ് നേടി. വയോജന ക്ലിനിക്ക് തുടങ്ങി. ജനറലാസ്പത്രി 8 നില കെട്ടിടം ഏഴുമാസത്തിനകം പൂര്‍ത്തിയാകും. പനത്തടിയില്‍ പുതിയ കെട്ടിടം നല്‍കി. നീലേശ്വരം താലൂക്ക് ആസ്പത്രിക്കും മംഗല്‍പാടി താലൂക്ക് ആസ്പത്രിക്കും 15 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കി. ബേഡഡുക്കയിലും 12 കോടി അനുവദിച്ചു.
സ്ത്രീകളുടെയും കുട്ടികളുടേയും ആസ്പത്രി രണ്ട് മാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കും. മൂന്നുവര്‍ഷത്തിനകം കാസര്‍കോട്ടുകാര്‍ക്ക് മംഗലാപുരത്തെ ആശ്രയിക്കാതെ ചികിത്സ നടത്താനാകുമെന്നും മന്ത്രി പറഞ്ഞു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ.ഡി. സജിത്ബാബു, ഡി.എം.ഒ. ഡോ. എ.വി. രാംദാസ്, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, ഡോ. രാജാറാം തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it