പുതുമയുമായി തനിമ

തനിമ കലാ സാഹിത്യവേദി വേറിട്ടതെന്ന് പറയാവുന്ന പരിപാടികള്‍ സംഘടിപ്പിച്ച് കാസര്‍കോട്ടെ സാഹിത്യ-സാംസ്‌കാരിക തല്‍പരരെ ആകര്‍ഷിക്കുന്നുണ്ട്. അത്തരം ഒരു പരിപാടിയാണ് അടുത്തിടെ സംഘടിപ്പിച്ചത്. വര്‍ഷങ്ങളായി കാസര്‍കോട്ട് സ്ഥിര താമസമാക്കിയ എന്നാല്‍, ജന്മം കൊണ്ട് കാസര്‍കോട്ടുകാരല്ലാത്ത വ്യക്തികള്‍ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ വെച്ച് കാസര്‍കോടിനെ എങ്ങനെ വായിക്കുന്നു അഥവാ, വിലയിരുത്തുന്നു എന്നതായിരുന്നു പരിപാടി.കാസര്‍കോട്: ഓര്‍മ്മകള്‍ക്കുമപ്പുറത്ത് എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പരിപാടി കാസര്‍കോടിന്റെ ഇന്നലെകളെപ്പറ്റി അയവിറക്കുന്നതിനും വര്‍ത്തമാനത്തിലൂടെ കടന്നു പോകുന്നതിനും ഭാവിയിലേക്ക് നോക്കുന്നതിനുമുള്ള ഒരു എളിയ ശ്രമമായിരുന്നു. വേദിയും നിറഞ്ഞ സദസ്സും ഒരുപോലെ […]

തനിമ കലാ സാഹിത്യവേദി വേറിട്ടതെന്ന് പറയാവുന്ന പരിപാടികള്‍ സംഘടിപ്പിച്ച് കാസര്‍കോട്ടെ സാഹിത്യ-സാംസ്‌കാരിക തല്‍പരരെ ആകര്‍ഷിക്കുന്നുണ്ട്. അത്തരം ഒരു പരിപാടിയാണ് അടുത്തിടെ സംഘടിപ്പിച്ചത്. വര്‍ഷങ്ങളായി കാസര്‍കോട്ട് സ്ഥിര താമസമാക്കിയ എന്നാല്‍, ജന്മം കൊണ്ട് കാസര്‍കോട്ടുകാരല്ലാത്ത വ്യക്തികള്‍ തങ്ങള്‍ക്കുണ്ടായ അനുഭവങ്ങള്‍ വെച്ച് കാസര്‍കോടിനെ എങ്ങനെ വായിക്കുന്നു അഥവാ, വിലയിരുത്തുന്നു എന്നതായിരുന്നു പരിപാടി.
കാസര്‍കോട്: ഓര്‍മ്മകള്‍ക്കുമപ്പുറത്ത് എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച പരിപാടി കാസര്‍കോടിന്റെ ഇന്നലെകളെപ്പറ്റി അയവിറക്കുന്നതിനും വര്‍ത്തമാനത്തിലൂടെ കടന്നു പോകുന്നതിനും ഭാവിയിലേക്ക് നോക്കുന്നതിനുമുള്ള ഒരു എളിയ ശ്രമമായിരുന്നു. വേദിയും നിറഞ്ഞ സദസ്സും ഒരുപോലെ കാസര്‍കോട്ടെ സാംസ്‌കാരിക പ്രവര്‍ത്തകരാല്‍ പ്രൗഢമായിരുന്നു.
ഹെല്‍ത്ത് സര്‍വ്വീസിലെ അഡീ.ഡയറക്ടര്‍ ഡോ. രാജാറാം കെ.കെയായിരുന്നു ആദ്യമായി കാസര്‍കോട്ടെ തന്റെ അനുഭവം പങ്കുവെച്ചത്. കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ സേവനകാലത്ത് ഉണ്ടായ കുറേ അനുഭവങ്ങള്‍ അദ്ദേഹം വിവരിക്കുകയുണ്ടായി. ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജില്‍ ഇനിയും ഒ.പി പോലും നേരാംവണ്ണം പ്രവര്‍ത്തനം ആരംഭിക്കാനാവാത്ത ദുരവസ്ഥ തുടരുമ്പോള്‍ ഇവിടത്തുകാര്‍ നല്ലൊരു മെഡിക്കല്‍ കോളേജ് ആണോ അതോ, എയിംസാണോ വേണ്ടത് എന്ന കാര്യത്തില്‍ പോലും ഇപ്പോഴും തര്‍ക്കത്തിലും സംശയത്തിലുമാണെന്ന് ഖേദത്തോടെയും നിരാശയോടേയും പറയുകയുണ്ടായി. സുതാര്യമായ ഒരു ചില്ലു ലിഫ്റ്റ് നമ്മുടെ ജനറല്‍ ആസ്പത്രിയില്‍ ഉയര്‍ന്നു പൊങ്ങുന്ന സ്വപ്‌നം കാണുന്നതായും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് അനുഭവം പങ്കുവെച്ചത് കാസര്‍കോട്ടെ വിവിധ സ്‌കൂളുകളില്‍ അധ്യാപനം നടത്തുകയും അതോടൊപ്പം കവിതകളും നാടകങ്ങളും ഓര്‍മ്മക്കുറിപ്പുകളും എഴുതുന്ന, കാസര്‍കോട് സാഹിത്യേവേദിയുടെ പ്രസിഡണ്ട് കൂടിയായ പദ്മനാഭന്‍ ബ്ലാത്തൂരാണ്.
കേരളത്തില്‍ എന്നല്ല, ഇന്ത്യയില്‍ തന്നെ ജാതീയത ഏറ്റവുമധികം ആധിപത്യം പുലര്‍ത്തുന്നത് കാസര്‍കോട്ടാണ് എന്നു പറഞ്ഞ മാഷ്, സപ്തഭാഷകളുടെ സംഗമഭൂമിയായ കാസര്‍കോടിന് രാജ്യത്തിന് മാതൃകയാകുംവണ്ണം സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും എന്നു കൂടി പറയുകയുണ്ടായി. മംഗലാപുരം യൂണിവേഴ്‌സിറ്റിയില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ തുളു ബിരുദ കോഴ്‌സ് ആരംഭിച്ചതു പോലെ കേരളത്തിനും ആരംഭിച്ചു കൂടേ എന്നും അദ്ദേഹം ചോദിച്ചു.
മൂന്നാമതായി സംസാരിച്ച എഴുത്തുകാരന്‍ ജോസഫ് ലോറന്‍സ് കാസര്‍കോടിന്റെ ഭൂമിശാസ്ത്രപരമായ സൗന്ദര്യത്തെപ്പറ്റിയും അതിനെ ഫലപ്രദമായും ലാഭകരമായും ഉപയോഗപ്പെടുത്താവുന്ന കാര്യങ്ങളെക്കുറിച്ചുമാണ് മുഖ്യമായും ഊന്നിപ്പറഞ്ഞത്. പിന്നെ, ഇവിടുത്തെ മണ്‍മറഞ്ഞു പോയവരും ജീവിച്ചിരിക്കുന്നവരുമായ കുറേ സ്‌നേഹവും സേവന തല്‍പരതയുമുള്ള വ്യക്തികളെക്കുറിച്ചും.
അവസാനമായി സംസാരിച്ച സുബിന്‍ ജോസ് അധ്യാപന രംഗത്തെ കുറേ അനുഭവങ്ങള്‍ സരസമായി അവതരിപ്പിച്ചു.
നാലുപേരും ഋജുവായും ഭംഗ്യന്തരേണയും സൂചിപ്പിച്ച ചില സമാന കാര്യങ്ങളുണ്ടായിരുന്നു.
1. കാസര്‍കോട്ടുകാര്‍ സ്‌നേഹിച്ചാല്‍ നക്കിക്കൊല്ലും. ഇടഞ്ഞാല്‍ കുത്തിക്കൊല്ലും.
2. ഒരു നാടിനെക്കുറിച്ചും തീര്‍ത്തും നല്ലതെന്നോ വളരെ മോശമെന്നോ പറയാനാവില്ല.
3. ഇവിടെ ചന്ദനക്കടത്തുകാരുണ്ട്, കഞ്ചാവു കടത്തുകാരുണ്ട്, സ്വര്‍ണ്ണക്കടത്തുകാരുണ്ട്. അതേസമയം ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ അത്ഭുതകരമായി പ്രവര്‍ത്തിക്കുന്നവരുമുണ്ട്.
4. നമ്മുടെ മുന്നോട്ടുള്ള എല്ലാ പ്രയാണങ്ങള്‍ക്കും വിഘ്‌നം നില്‍ക്കുന്നത് ഇടയ്ക്കിടെ ഉണ്ടാകുന്ന വര്‍ഗീയ പ്രശ്‌നങ്ങളാണ്. എന്നാല്‍ അടുത്ത കാലത്ത് ഇതിന് കുറവ് വന്നത് ആശ്വാസകരം.
5. വിദ്യാഭ്യാസത്തിന് അതര്‍ഹിക്കുന്ന ഗൗരവവും പ്രാധാന്യവും കൊടുക്കുന്നതില്‍ കാസര്‍കോട്ടുകാര്‍ ഇന്നും പിന്നിലാണ്.
ആറാമത്തേതും അവസാനത്തേതുമാണ് ഏറ്റവും പ്രധാനം.
അലസതയാണ് നമ്മുടെ മുഖമുദ്ര. ഏതൊരു കാര്യാലയത്തിലായാലും ആസ്പത്രിയിലായാലും നേരിട്ടു ചെന്ന് തീര്‍പ്പും അനുകൂല വിധിയും നേടാവുന്നിടങ്ങളില്‍ നാം രാഷ്ട്രീയ നേതാക്കളെ അമിതമായും അനാവശ്യമായും ആശ്രയിക്കുന്നു. എല്ലാം അവര്‍ ശരിയാക്കിത്തരും എന്നു വിശ്വസിക്കുമ്പോഴും പക്ഷേ, നമ്മുടെ എല്ലാ തട്ടിലുമുള്ള ജനപ്രതിനിധികളും ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ കാര്യത്തില്‍ സമ്പൂര്‍ണ്ണ വിജയമല്ല. ചുരുക്കത്തില്‍ നാളെയെപ്പറ്റി ഉജ്ജ്വലമായ കാഴ്ചപ്പാടുകളും സ്വപ്‌നങ്ങളുമില്ലാത്തവരായി നാമും നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങളും മാറുന്നു.
സമയക്കുറവ് നിമിത്തം അതിഥികള്‍ പങ്കുവെച്ച കാര്യങ്ങളോട് സദസ്യര്‍ക്ക് സംവദിക്കാന്‍ കഴിഞ്ഞില്ല എന്നൊരു ന്യൂനതയുണ്ടായിരുന്നു. എന്നാല്‍, ഇതിന്റ തുടര്‍ച്ച തനിമ സംഘടിപ്പിക്കും എന്നാണ് പ്രതീക്ഷ. സുബിന്‍ ജോസ് പറഞ്ഞതു പോലെ ഇതൊരു സിമ്പോസിയം ആക്കി മാറ്റേണ്ടതുണ്ട്. നാം തുടര്‍ന്നും ഇങ്ങനെ തന്നെ ആയാല്‍ മതിയോ എന്നൊരു ചോദ്യം നമുക്കിടയില്‍ തന്നെ ഉയരേണ്ടതുണ്ട്.


-റഹ്മാന്‍ മുട്ടത്തൊടി

Related Articles
Next Story
Share it