കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടെ എറണാകുളം സ്വദേശിനിയുടെ സ്വര്‍ണ്ണവും പണവും മൊബൈല്‍ ഫോണും കവര്‍ന്ന തമിഴ്നാട് സ്വദേശി കാസര്‍കോട്ട് പിടിയിലായി. തമിഴ്നാട് തൂത്തുക്കുടി തിരുനെല്‍വേലിയിലെ ജേക്കബ്ബിനെ(47)യാണ് കാസര്‍കോട് റെയില്‍വെ പൊലീസ് അറസ്റ്റ് ചെയ്തത്. കവര്‍ന്ന ഫോണിലെ ഫൈന്‍ഡ്മൈ ഫോണ്‍ എന്ന ആപ്പാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്. എറണാകുളം സ്വദേശിനി ജെ. പൂര്‍ണശ്രീയാണ് മലബാര്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ കവര്‍ച്ചക്കിരയായത്. എറണാകുളത്തെ സ്വന്തം വീട്ടില്‍ നിന്ന് പയ്യന്നൂര്‍ മണിയറയിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് ട്രെയിനില്‍ പോകുകയായിരുന്നു പൂര്‍ണശ്രീ. കോഴിക്കോടിനും തലശേരിക്കും ഇടയിലാണ് കവര്‍ച്ച നടന്നത്. ബര്‍ത്തില്‍ സൂക്ഷിച്ച ബാഗില്‍ നിന്ന് പേഴ്സ് എടുത്ത ശേഷം കുഞ്ഞിന്റെ മാല, അരഞ്ഞാണം, ബ്രേസ്‌ലെറ്റ് എന്നിവയടക്കം മൂന്നരപവന്‍ സ്വര്‍ണ്ണവും ഫോണും പണവും എടുത്ത് പേഴ്സ് സീറ്റിനടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. പൂര്‍ണശ്രീ ഒപ്പമുണ്ടായിരുന്ന പിതാവ് എന്‍. ജയറാമിന്റെ ഫോണില്‍ നിന്ന് അമേരിക്കയിലുള്ള ഭര്‍ത്താവ് എം.പി ഗിരീഷിനെ വിളിച്ച് വിവരം പറഞ്ഞു. ഗിരീഷിന്റെ ഫോണ്‍ ഫൈന്‍ഡ് മൈ ആപ്പ് വഴി ബന്ധിപ്പിച്ചിരുന്നതിനാല്‍ ഫോണ്‍ എവിടെയാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞു. ഫോണ്‍ അതേ ട്രെയിനില്‍ തന്നെ ഉണ്ടെന്ന് മനസിലാക്കാന്‍ കഴിഞ്ഞെങ്കിലും ആരുടെ കയ്യിലുണ്ടെന്ന് തിരിച്ചറിഞ്ഞില്ല. ട്രെയിന്‍ കണ്ണൂരിലെത്തിയതോടെ യുവതി റെയില്‍വെ പൊലീസിന് പരാതി നല്‍കി. റെയില്‍വെ പൊലീസ് ട്രെയിനില്‍ തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. പൂര്‍ണശ്രീയും പിതാവും പയ്യന്നൂരില്‍ ഇറങ്ങിയ ശേഷവും ലൊക്കേഷന്‍ നിരീക്ഷിച്ച് പൊലീസിന് കൈമാറി. ഫോണ്‍ മൊഗ്രാല്‍പുത്തൂര്‍ ഭാഗത്തേക്ക് നീങ്ങുകയാണെന്ന് മനസിലാക്കി ഇക്കാര്യവും പൊലീസിനെ അറിയിച്ചു. ഗിരീഷിന്റെ സുഹൃത്തായ കാസര്‍കോട്ടെ പൊലീസ് ഉദ്യോഗസ്ഥനും വിവരം കൈമാറി. മോഷ്ടാവ് ബസില്‍ മൊഗ്രാല്‍ പുത്തൂര്‍ ഭാഗത്തേക്ക് പോവുകയാണെന്ന് മനസിലാക്കിയ റെയില്‍വെ പൊലീസ് ഈ വിവരം കാസര്‍കോട് ട്രാഫിക് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് കാസര്‍കോട് ട്രാഫിക് എ.എസ്.ഐ വിനോദിന്റെ നേതൃത്വത്തില്‍ ബസ് തടയുകയും മോഷ്ടാവിനെ തൊണ്ടിമുതല്‍ സഹിതം പിടികൂടി റെയില്‍വെ പൊലീസിന് കൈമാറുകയും ചെയ്തു.