ജനങ്ങളുടെ പരാതികള്‍ വലിച്ചു നീട്ടിക്കൊണ്ടുപോകാതെ പരിഹരിക്കണം; ജീവനക്കാര്‍ക്ക് മന്ത്രിമാരുടെ നിര്‍ദ്ദേശം

കാസര്‍കോട്: താലൂക്ക് അദാലത്തില്‍ വരുന്ന പരാതികള്‍ പരിശോധിച്ച് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം, യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസും തുറമുഖം, മ്യൂസിയം പുരാവസ്തു മന്ത്രി അഹമ്മദ് ദേവര്‍കോവിലും പറഞ്ഞു. കാസര്‍കോട് നഗരസഭാ ടൗണ്‍ ഹാളില്‍ ഇന്ന് രാവിലെ നടന്ന അദാലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. എന്നാല്‍ പുഴുക്കുത്ത് പോലെ ചില ഉദ്യോഗസ്ഥരാണ് ഇത്തരം കാര്യങ്ങളില്‍ പുറം തിരിഞ്ഞു നില്‍ക്കുന്നത്. ചെറിയ ശതമാനം ഉദ്യോഗസ്ഥര്‍ മാത്രമേ ഇത്തരം സമീപനം […]

കാസര്‍കോട്: താലൂക്ക് അദാലത്തില്‍ വരുന്ന പരാതികള്‍ പരിശോധിച്ച് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം, യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. പി.എ.മുഹമ്മദ് റിയാസും തുറമുഖം, മ്യൂസിയം പുരാവസ്തു മന്ത്രി അഹമ്മദ് ദേവര്‍കോവിലും പറഞ്ഞു. കാസര്‍കോട് നഗരസഭാ ടൗണ്‍ ഹാളില്‍ ഇന്ന് രാവിലെ നടന്ന അദാലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. എന്നാല്‍ പുഴുക്കുത്ത് പോലെ ചില ഉദ്യോഗസ്ഥരാണ് ഇത്തരം കാര്യങ്ങളില്‍ പുറം തിരിഞ്ഞു നില്‍ക്കുന്നത്. ചെറിയ ശതമാനം ഉദ്യോഗസ്ഥര്‍ മാത്രമേ ഇത്തരം സമീപനം സ്വീകരിക്കുന്നുള്ളു. സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്ന ജനങ്ങളുടെ പരാതികള്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധയോടെ കേള്‍ക്കണമെന്നും പരിഹാരം കാണുന്നത് വലിച്ച് നീട്ടി പോകരുതെന്നും മന്ത്രിമാര്‍ നിര്‍ദ്ദേശിച്ചു. ചില ഉദ്യോഗസ്ഥര്‍ സ്വന്തം കാര്യം എന്ന പോലെ പരിഹരിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ വന മേഖലയിലും തീരദേശ മേഖലയിലും പ്രശ്ങ്ങള്‍ പരിഹരിക്കാന്‍ അതുമായി ബന്ധപ്പെട്ടുള്ള മന്ത്രിമാരുടെ നേതൃത്വത്തില്‍ തീരദേശ സദസ്സുകള്‍ നടത്തിവരികയാണെന്നും മന്ത്രിമാര്‍ പറഞ്ഞു. അദാലത്തില്‍ എത്തുന്ന പരാതികള്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്വീകരിക്കുമെന്നും മന്ത്രിമാര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് കരുതലും കൈത്താങ്ങും എന്ന പേരില്‍ താലൂക്ക്തല പരാതി പരിഹാര അദാലത്തുകള്‍ നടത്തുന്നത്. കാസര്‍കോട് താലൂക്കില്‍ 503 പരാതികളാണ് ലഭിച്ചത്. അതില്‍ 208 പരാതികള്‍ റവന്യൂ സംബന്ധമായതാണ്.
ജൂണ്‍ 1 വരെയായി 4 ദിവസങ്ങളിലായാണ് ജില്ലയില്‍ അദാലത്തുകള്‍ നടക്കുക. 29ന് രാവിലെ 10ന് ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസ് കോമ്പൗണ്ട് മിനി സിവില്‍ സ്റ്റേഷന്‍ കാഞ്ഞങ്ങാട്, 30ന് രാവിലെ 10ന് മഞ്ചേശ്വരം ലയണ്‍സ് ക്ലബ് ഓഡിറ്റോറിയം നയാബസാര്‍ ഉപ്പള, ജൂണ്‍ 1ന് വെള്ളരിക്കുണ്ട് ദര്‍ശന ഓഡിറ്റോറിയം വെള്ളരിക്കുണ്ട് ടൗണ്‍ എന്നിവിടങ്ങളിലാണ് താലൂക്ക്തല അദാലത്ത് നടക്കുക.
അദാലത്തുമായി ബന്ധപ്പെട്ട് ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെയുള്ള ദിവസങ്ങളിലാണ് പരാതികള്‍ സ്വീകരിച്ചത്. ജില്ലയില്‍ ആകെ 1683 പരാതികള്‍ ലഭിച്ചു. ഹോസ്ദുര്‍ഗ് താലൂക്കില്‍ നിന്നാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്.
ഏറ്റവും കുറവ് വെള്ളരിക്കുണ്ട് താലൂക്കില്‍ നിന്നുമാണ്.
മന്ത്രിമാര്‍ക്ക് പുറമെ വകുപ്പ് ജില്ലാതല ഓഫീസര്‍മാര്‍, റവന്യു സബ് ഓഫീസര്‍മാര്‍ തുടങ്ങിയവരും അദാലത്തുകളില്‍ പങ്കെടുക്കുന്നുണ്ട്.

Related Articles
Next Story
Share it