ടി.ഉബൈദും ചലച്ചിത്ര ഗാനങ്ങളും

ടി.കെ. അബ്ദുല്ലക്കുഞ്ഞി ടി. ഉബൈദ് ഒരു വിഷനറി (Visionary) ആയിരുന്നു. വര്‍ത്തമാനകാലത്തിലിരുന്ന് ഭാവിയെ തൃക്കാലജ്ഞാനിയെപ്പോലെ നോക്കിക്കാണാന്‍ കഴിയുന്നവരാണ് വിഷനറി. 1947ല്‍ കോഴിക്കോട് സാഹിത്യപരിഷത് സമ്മേളനത്തില്‍ ഉബൈദ് അവതരിപ്പിച്ച മാപ്പിളപ്പാട്ട് പ്രബന്ധം സസൂക്ഷ്മം പരിശോധിച്ചാല്‍ പിന്നീട് മലയാള സംഗീതത്തില്‍ സംഭവിച്ചേക്കാവുന്ന പലതും അദ്ദേഹം മുന്‍കൂട്ടി വിഭാവനം ചെയ്തിരുന്നുവെന്ന് കാണാം. പിന്നീട് മലയാള ചലച്ചിത്ര സംഗീത രംഗത്ത്് സംഭവിച്ച ഗുണപരമായ മാറ്റങ്ങള്‍ക്ക് ഒരാമുഖമായിരുന്നു ഉബൈദിന്റെ പരിഷത് പ്രസംഗം. കണ്ണും കാതും ആവശ്യത്തിലധികം തുറന്ന് ജീവിച്ച ഉബൈദ് തന്റെ ചുറ്റും സംഭവിക്കുന്നതൊക്കെ […]

ടി.കെ. അബ്ദുല്ലക്കുഞ്ഞി

ടി. ഉബൈദ് ഒരു വിഷനറി (Visionary) ആയിരുന്നു. വര്‍ത്തമാനകാലത്തിലിരുന്ന് ഭാവിയെ തൃക്കാലജ്ഞാനിയെപ്പോലെ നോക്കിക്കാണാന്‍ കഴിയുന്നവരാണ് വിഷനറി. 1947ല്‍ കോഴിക്കോട് സാഹിത്യപരിഷത് സമ്മേളനത്തില്‍ ഉബൈദ് അവതരിപ്പിച്ച മാപ്പിളപ്പാട്ട് പ്രബന്ധം സസൂക്ഷ്മം പരിശോധിച്ചാല്‍ പിന്നീട് മലയാള സംഗീതത്തില്‍ സംഭവിച്ചേക്കാവുന്ന പലതും അദ്ദേഹം മുന്‍കൂട്ടി വിഭാവനം ചെയ്തിരുന്നുവെന്ന് കാണാം. പിന്നീട് മലയാള ചലച്ചിത്ര സംഗീത രംഗത്ത്് സംഭവിച്ച ഗുണപരമായ മാറ്റങ്ങള്‍ക്ക് ഒരാമുഖമായിരുന്നു ഉബൈദിന്റെ പരിഷത് പ്രസംഗം. കണ്ണും കാതും ആവശ്യത്തിലധികം തുറന്ന് ജീവിച്ച ഉബൈദ് തന്റെ ചുറ്റും സംഭവിക്കുന്നതൊക്കെ തന്നിലേക്ക് ആവാഹിച്ചെടുത്തു. രാഷ്ട്രീയവും സാമൂഹികജീവിതവും മതവും ദീനും സാഹിത്യവും സിനിമയും സംഗീതവും. ഒന്നും അദ്ദേഹത്തിന് അന്യമായിരുന്നില്ല. 1947ല്‍ സാഹിത്യപരിഷത് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രസംഗത്തിലെ ചില വാചകങ്ങള്‍.
'ഇന്നത്തെ സിനിമായുഗത്തിലെ ഗാനലോലുപരായ ചെറുപ്പക്കാരെ സംതൃപ്തരാക്കുവാന്‍ കൈരളിക്ക് സാധിക്കയില്ലെന്നുള്ള വസ്തുത നാം മറക്കരുത്. നമ്മുടെ ചെറുപ്പക്കാര്‍ നിത്യേന പാടി രസിക്കാറുള്ളത് ഉര്‍ദു, ഹിന്ദി, തമിഴ് ഗാനങ്ങളാണ്. എന്തുകൊണ്ടാണ് വഞ്ചിപ്പാട്ടും അന്നനടയും മഞ്ജരിയും പാടുന്നതില്‍ അവര്‍ പ്രതിപത്തി കാണിക്കാത്തത്? അതെ, അനുദിനം വര്‍ദ്ധിച്ചുവരുന്ന ഗാനപരമായ തൃഷ്ണയെ ശമിപ്പിക്കാന്‍ നമ്മുടെ മിക്ക ഭാഷാവൃത്തങ്ങള്‍ക്കും കെല്‍പ്പില്ല.
നേരെ മറിച്ച് ഉത്തരേന്ത്യയിലെ ഏതെങ്കിലും സിനിമാ നടിയോ നടനോ കര്‍ണ്ണാനന്ദകരമായ ഗാനമൊന്ന് ആലപിച്ചാല്‍ മതി അത് ആസേതുഹിമാചലം എന്തെന്നില്ലാത്ത ഒരു കോലാഹലമുണ്ടാക്കിത്തീര്‍ക്കുന്നതായി നാം കാണുന്നു. "ചല്‍ ചല്‍രെ നൗജവാന്‍", "ഡര്‍ത്തേ നഹി ദുനിയാമെ മുസല്‍മാന്‍ കിസീസെ," "അബ് തേരെ സിവാ കോന് മെരാ കൃഷ്ണകെ നയ്യാ," "ആംഖിയാം മിലാകെ ജിയാ ഫര്‍മാക്കെ" മുതലായ ഗാനങ്ങളെ നമുക്ക് ഉദാഹരണമായി എടുക്കാം. എവിടെ നോക്കിയാലും എങ്ങോട്ടു ചെന്നാലും യുവാക്കള്‍ മാത്രമല്ല ചെറുപൈതങ്ങള്‍ കൂടി തങ്ങളറിയാതെ പ്രസ്തുതഗാനങ്ങള്‍ ഉരുവിടുന്നതായി നമുക്കനുഭവപ്പെട്ടിട്ടുണ്ട"
ഉബൈദിന്റെ യൗവനദശയിലാണ് ആദ്യമായി ഹിന്ദി സിനിമാഗാനം പുറത്തു വരുന്നത്. 1931ല്‍ 'ആലം ആര" ആണ് തുടക്കം. തുടര്‍ന്ന് പാട്ടുകളുടെ പ്രളയമായിരന്നു. ഒരു സിനിമയില്‍ 71 പാട്ടുവരെ ഉള്‍പ്പെടുത്തിയ സംഭവമുണ്ടായി. ഈ സമയത്താണ് കെ.എല്‍. സൈഗാള്‍ എന്ന ഇതിഹാസഗായകന്‍ അവതരിക്കുന്നത്. സൈഗാളിന്റെ വരവോടെ ഇന്ത്യ മുഴുവനും സിനിമാഗാനങ്ങള്‍ പ്രചുരപ്രചാരം നേടി. ഗ്രാമഫോണ്‍ റിക്കാര്‍ഡുകളുടെ സുവര്‍ണ്ണകാലവും ആരംഭിച്ചു. പ്രതിഭാധനരായ ഒത്തിരി ഗായകര്‍. രംഗത്തുവന്നു. നാല്‍പതുകളുടെ തുടക്കം മുതല്‍ ഹിന്ദിഗാനങ്ങള്‍ ഗ്രാമഗ്രാമന്തരങ്ങളില്‍ വികാരമായി കത്തിപ്പടര്‍ന്നു. ടി. ഉബൈദും ഈ സംഗീത വിപ്ലവം ശരിക്കും നിരീക്ഷിച്ചു. ഹിന്ദി ട്യൂണൊപ്പിച്ച് അദ്ദേഹം ധാരാളം ഗാനങ്ങളെഴുതി. മലയാള സിനിമയും സംഗീതവും അന്ന് എവിടെയായിരുന്നു. 1938ല്‍ ആണ് ആദ്യത്തെ ശബ്ദ സിനിമ പുറത്തുവന്നത്. ബാലന്‍. രണ്ടു ഡസനോളം പാട്ടുകളുണ്ടായിരുന്നു ബാലനില്‍. ഗാനരചന മുതുകുളം രാഘവന്‍ പിള്ള. ട്യൂണുകള്‍ ഹിന്ദിയില്‍ നിന്നും കടംപറ്റി. ഒരു പാട്ടുപോലും സഹൃദയന്റെ ചുണ്ടില്‍ മൂളിപ്പാട്ടായി പുറത്തുവന്നില്ല. 1940ല്‍ ജ്ഞാനാംബിക റിലീസ് ചെയ്തു. ഇതിലും ഒരു ഡസനോളം പാട്ടുണ്ടായിരുന്നു. ഗാനരചന പുത്തന്‍കാവ് മാത്തന്‍ തരകന്‍. ഒരെണ്ണം പോലും ജനകീയമായില്ല. 1942ല്‍ പ്രഹ്‌ളാദന്‍ പുറത്തു വന്നു. പ്രഹ്‌ളാദന് ശേഷം ഒരു മലയാള സിനിമ പുറത്തുവരുന്നത് 1948ല്‍ ആണ്.
ഉബൈദ് പരാമര്‍ശ പ്രബന്ധം തയ്യാറാക്കുന്നത് 1947ല്‍ ആണ്. 1947 വരെ പുറത്തു വന്ന ഒരൊറ്റ മലായാളഗാനം പോലും ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഉബൈദിനെ ഇക്കാര്യം വേദനിപ്പിച്ചിരുന്നു. മലയാളത്തിലെ പൊതു സംഗീതം പുഷ്ടിപ്പെടാന്‍ മാപ്പിളപ്പാട്ടുകള്‍ പ്രയോജനപ്പെടുമെന്നാണ് ഉബൈദ് പറയാതെ പറയുന്നത്.
1947ല്‍ ആണ് ഉബൈദ് പ്രബന്ധരചന നടത്തുന്നത്. സ്വാഭാവികമായും അതിനു മുമ്പുള്ള ഹിന്ദി ജനകീയ ഗാനങ്ങളാണ് അദ്ദേഹം പേരെടുത്ത് പറയുന്നത്.
'ചല്‍ ചല്‍രെ നൗജവാന്‍' 1940ല്‍ പുറത്തിറങ്ങിയ 'ബന്ദന്‍' സിനിമയിലെ ഗാനമാണ്. എന്‍.ആര്‍. ആചാര്യയാണ് സംവിധായകന്‍. അശോക് കുമാര്‍, ലീല ചിട്‌നിസ് അഭിനേതാക്കള്‍.. "അബ് തേരെ സിവാ കോന്‍ മെരാ കൃഷ്ണകെ നയ്യാ," 1943ലെ കിസ്മത് എന്ന സിനിമയിലെ പാട്ട്. പാടിയത് അമിര്‍ബായ് കര്‍ണാടകി. Akkhiyan Milake Jiya Bharmake. ഉബൈദ് പരാമര്‍ശിച്ച ഈ ഗാനം 1944 ലെ രത്തന്‍ (RATTAN) എന്ന സിനിമയില്‍ നിന്നാണ്. പാടിയത് സൊഹ്‌റാബായി അംബലെവാലി. അദ്ദേഹം പറയുന്ന 'ഡര്‍ത്തേ നഹി ദുനിയാമെ മുസല്‍മാന്‍ കിസീസെ' പാട്ടിനെക്കുറിച്ച് ഈയുള്ളവന്‍ അജ്ഞനാണ്.
അക്കാലത്ത് ജനകീയമായിരുന്ന ഹിന്ദി സിനിമകളെ പേരെടുത്തുപറയുന്ന ഉബൈദ് എന്താണ് ഉദ്ദേശിക്കുന്നത്? മലയാള സിനിമയില്‍ മാപ്പിളപ്പാട്ട് ഗാനം ഉള്‍പ്പെടുത്തിയാല്‍ ഗാനശാഖ പുഷ്ടിപ്പെടുമെന്നാണ്. അദ്ദേഹത്തിന്റെ ഈ സ്വപ്‌നം സഫലമായതെങ്ങനെ?
1948ല്‍ ജെമിനി വാസന്‍ അപൂര്‍വസഹോദര്‍കള്‍ എന്നൊരു തമിഴ് സിനിമ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു. അതില്‍ അഞ്ചു ഭാഷകളിലുള്ള ഒരു പാട്ട് നായിക പി. ഭാനുമതി പാടുന്നുണ്ട്. ഈ പാട്ടില്‍ മലയാളഗാനം എഴുതാന്‍ പി. ഭാസ്‌കരനെ ചുമതലപ്പെടുത്തുന്നു.
പി. ഭാസ്‌കരന് അന്ന് വെറും ഇരുപത്തിനാല് വയസ്. ജയകേരളം എന്ന ആനുകാലികത്തില്‍ പത്രാധിപ സമിതിയംഗമായി മദ്രാസില്‍ ജോലി ചെയ്യുന്നു. തിരുവിതാംകൂറില്‍ നിന്നും പോലീസ് നടപടി കാരണം മദ്രാസിലെത്തിയതാണ്. തമിഴ് സിനിമക്ക് ഭാസ്‌കരന്‍ പാട്ടെഴുതി. മാപ്പിളപ്പാട്ട് ശൈലിയില്‍. നിര്‍മ്മാതാക്കളുടെ ആവശ്യാര്‍ത്ഥമില്ല മാപ്പിളപ്പാട്ട് ശൈലി സ്വീകരിച്ചതെന്ന് ഭാസ്‌കരന്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ടോ അങ്ങനെ എഴുതാന്‍ തോന്നി. ബാല്യംകാലം മുതല്‍ മാപ്പിളപ്പാട്ടുമായി ഒരാത്മബന്ധമുണ്ടായിരുന്നു. ആ സ്വാധീനമാകാം കാരണം. ജെമിനിയുടെ അപൂര്‍ സഹോദരകള്‍ 1949ല്‍ റിലീസ് ചെയ്തു. പടവും പാട്ടും സൂപ്പര്‍ ഹിറ്റ്. ലഡു മിഠായി വേണമാ എന്നാണ് ഗാനത്തിന്റെ തുടക്കം. പി. ഭാസ്‌കരന്റെ അപൂര്‍ സഹോദര്‍കള്‍ക്കു വേണ്ടി എഴുതിയ മാപ്പിളപ്പാട്ട്:
'കടക്കണ്ണിന്‍ തലപ്പത്ത് കറങ്ങും വണ്ടേ
കളിച്ചും കൊണ്ടേ
പറക്കുന്നതെന്തിനോ വണ്ടേ
പൂതി എഴുന്നൊരു കരിവരി വണ്ടേ
പൂമരമിന്നു വിരിഞ്ഞിതു കണ്ടേ
കനിവറ്റ കരിമിഴി ചതിച്ചു പൊന്നേ
കടമിഴി വലവീശളു വലച്ചിടൊല്ലേന്നെ
എന്തിനാണു പൂങ്കരളേ പന്തി
രണ്ടിലാക്കണു
എപ്പൊഴാണീ പൂമരം വിരിഞ്ഞു
തേന്‍ കുടിക്കണ്'
പിന്നീട് പി. ഭാസ്‌കരന്‍ നീലക്കുയില്‍ എന്ന സിനിമയ്ക്കുവേണ്ടി കായലരികത്ത് വലയെറിഞ്ഞപ്പോള്‍ എന്ന ഗാനമെഴുതി. ഇതോടെ മലയാള സിനിമയില്‍ മാപ്പിളപ്പാട്ട് ഒരു ട്രെന്‍ഡ് ആയി മാറി. 1972ല്‍ ടി. ഉബൈദ് മരിക്കുന്നതിന് മുമ്പ്തന്നെ രചനാഗുണമുള്ള ധാരാളം മാപ്പിളപ്പാട്ടുകള്‍ മലയാള സിനിമയില്‍ കൂടി പുറത്തു വന്നിരുന്നു. 1968ല്‍ റിലീസ് ചെയ്ത അസുരവിത്തിലെ ഒരു പാട്ട്.
'പകലവനിന്ന് മറയുമ്പോള്‍
അകിലുപുകച്ച മുറിയ്ക്കുള്ളില്‍
പനിമതിബിംബമുദിത്തപോല്‍
പുതുമണവാട്ടി - ഏഴാം
ബഹറിനകത്തൊരു ഹൂറിയാകും
മണിമറിമാന്‍ കുട്ടീ
(പകലവനിന്ന്… )
തരിവളയിട്ട കരം കൊട്ടി
തരമൊടുകിസ്സകള്‍ പലതും കെട്ടി
കളിചിരിയോടെ മൊഞ്ചുകലര്‍ന്ന
കളമൊഴിമാരെത്തി - പലപല
കുളിരണിവിശറികളത്തറില്‍ മുക്കി
പുതുമകള്‍കാട്ടീടൂം'
ഇതുപോലെ ധാരാളം ഗാനങ്ങള്‍ കേട്ടിട്ടാണ് ടി. ഉബൈദ് കണ്ണടച്ചത്. 1948ല്‍ ദരിദ്രമെന്ന് അദ്ദേഹം വിശേഷിപ്പിച്ച മലയാളഗാന ശാഖ അദ്ദേഹം മരിക്കുമ്പോള്‍ ബാലാരിഷ്ടതകളും കഴിഞ്ഞ് കൗമാരം താണ്ടി നവയൗവനം ആര്‍ജ്ജിച്ചിരുന്നു. പക്ഷേ, സിനിമ ഗാനങ്ങളെക്കുറിച്ചോ അവയിലെ മാപ്പിളപ്പാട്ടിനെക്കുറിച്ചോ 1947ന് ശേഷം കാര്യമായി സംസാരിച്ചതായോ എഴുതിയതായോ അറിവില്ല. പക്ഷേ, കായലരികത്ത് വലയെറിഞ്ഞപ്പോള്‍ എന്ന ഗാനത്തെക്കുറിച്ചുള്ള വിമര്‍ശനപരമായ പരാമര്‍ശം അപവാദം (exception) ആണ്. നീലക്കുയിലെ മുഴുവന്‍ വരികളും എടുത്തെഴുതിയതിനു ശേഷം ടി. ഉബൈദ് എഴുതി.
'വേറെയാണു വിചാരമെങ്കില്
നേരമായതു ചൊല്ലുവാന്‍
വെറുതെ ഞാനെന്തിനെരിയും
വെയിലത്ത് കയിലും
കുത്തി നടക്ക്ണ്.'
പ്രചുരപ്രചാരവും ഒട്ടേറെ പ്രശംസകളും സിദ്ധിച്ച ഒരു സിനിമാഗാനമാണല്ലോ ഇത്. ഈ ഗാനത്തില്‍ ഛന്ദസ്സംബന്ധികളും ഭാഷാസംബന്ധികളുമായ ദോഷങ്ങള്‍ നിരവധിയുള്ളതിനെ ഇവിടെ സ്പര്‍ശിക്കേണ്ട ആവശ്യമില്ല. ശബ്ദാലങ്കാരത്തെക്കുറിച്ചു മാത്രം പറയുകയാണെങ്കില്‍ ഇതിലെ പ്രാസങ്ങള്‍ക്ക് പൊതുവായി ഒരു വ്യവസ്ഥയുമില്ല. ചില ഈരടികളില്‍ ആദിപ്രാസവും മറ്റുചിലതില്‍ അന്ത്യപ്രാസവും വേറെ ചിലതില്‍ ദ്വിതീയാക്ഷരപ്രാസവും പാലിച്ചിട്ടുണ്ട്.
ഒരു പ്രാസവുമില്ലാത്തതാണ് ആദ്യത്തെ ഈരടി. വാസ്തവത്തില്‍ പ്രസ്തുതവൃത്തം 3 ശബ്ദാലങ്കാരം കൊണ്ട് കൂടുതല്‍ ശ്രവണസുഖം നല്‍കുന്ന ഒന്നാണ്. അതുകൊണ്ട് എല്ലാ ശീലുകളിലും വ്യവസ്ഥാപിതമായ പ്രാസനിയമം സ്വീകരിച്ചിരുന്നുവെങ്കില്‍ അതിന്റെ ആസ്വാദ്യത ദ്വിഗുണീഭവിക്കുമായിരുന്നുവെന്ന് അതിലെ പ്രാസപൂര്‍ണങ്ങളായ ഈരടികള്‍ വിളിച്ചു പറയുന്നു.
ഉപരിസൂചിതമായ ഉദാഹരണത്തില്‍നിന്നു മാപ്പിളപ്പാട്ടുകള്‍ക്ക് അവയുടേതായ പ്രാസാലങ്കാരങ്ങള്‍ മുഴുവനും ഉണ്ടായാലേ അവ ഉദ്ദിഷ്ട രസാനുഭൂതി നല്‍കുകയുള്ളൂവെന്ന് ആര്‍ക്കും ഗ്രഹിക്കാം. അല്ലാത്തവ, മാപ്പിളപ്പാട്ടുവൃത്തങ്ങളില്‍ വിരചിതങ്ങളായാലും അവയില്‍നിന്നുള്ള ശ്രവണസുഖം സമ്പൂര്‍ണമായിരിക്കയില്ല. 'മുനീര്‍ രചിച്ച 'സബീദ'ക്ക് 1957-ല്‍ എഴുതിയ അവതാരിക.
ഉബൈദ് ധാരാളം ഗാനങ്ങള്‍ ഹിന്ദി സിനിമ ഗാനങ്ങളുടെ ട്യൂണില്‍ എഴുതിയിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍. 'മരണസ്മരണ' (രീതി - ഇസ് ദുനിയാമെ),'ആഹ്വാനം'(അപ്‌ന ദേശ്, അപ്‌നദേശ്, അപ്‌നദേശ്)
ദീനി സംബന്ധമായ കാര്യങ്ങളില്‍ വ്യാപൃതനായിരിക്കെത്തന്നെ, വിശുദ്ധ ഖുര്‍ആന്‍ പാരായണശാസ്ത്രം (തജ്‌വീദ്) പഠിപ്പിച്ചുക്കൊണ്ടിരിക്കെത്തന്നെ, അദ്ദേഹം ചലച്ചിത്രഗാനങ്ങളിലും ബദ്ധശ്രദ്ധനായിരുന്നു. ശ്രദ്ധിക്കുക മാത്രമായിരുന്നില്ല ഉബൈദ് ചെയ്തത്. ജനകീയ ഗാനങ്ങളുടെ മട്ടില്‍ ധാരാളം ദ്രുതകവനങ്ങള്‍ രചിക്കുകയും ചെയ്തു.
നമുക്ക് തീര്‍ച്ചയില്ലെങ്കിലും ഒരുപക്ഷേ, അദ്ദേഹം നല്ല ചലച്ചിത്രങ്ങള്‍ മുപ്പതുകളിലും നാല്‍പതുകളിലും കണ്ടിരിക്കാം. ജീവിത വിശുദ്ധി നിലനിര്‍ത്തിക്കൊണ്ടുത്തന്നെ എല്ലാറ്റിനെയും അദ്ദേഹം ഉള്‍ക്കൊണ്ടു. അദ്ധ്യാത്മരാമായണവും കൃഷ്ണഗാഥയും വായിച്ച് കവിതയെഴുത്തിന്റെ സാരസ്വതരഹസ്യങ്ങള്‍ തേടിപ്പോയ സെക്യുലറിസ്റ്റാണ് ഉബൈദ് മാഷ്.

Related Articles
Next Story
Share it