ടി. ഉബൈദും മലയാളം ലെക്‌സിക്കനും

ടി. ഉബൈദിന്റെ ജീവിതത്തില്‍ മൂന്നു വഴിത്തിരിവുകളുണ്ട്. ആദ്യത്തെ വഴിത്തിരിവ് മുഹമ്മദ് ഷെറൂള്‍ സാഹിബിന്റെ ഒത്താശയോടെ വള്ളത്തോളിനെ പരിചയപ്പെട്ടതാണ്. രണ്ടാമത്തെ വഴിത്തിരിവ് 1947ല്‍ പരിഷത് സമ്മേളനത്തില്‍ മാപ്പിളപ്പാട്ടിനെക്കുറിച്ച് പ്രബന്ധമവതരിപ്പിച്ചതാണ്. മൂന്നാമത്തെ വഴിത്തിരിവ് മലയാള ലെക്‌സിക്കന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതാണ്.വള്ളത്തോളുമായി പരിചയപ്പെടുന്നതോടുകൂടിയാണ് കാസര്‍കോടിന്റെ ഇത്തിരി വട്ടത്തില്‍ നിന്ന് ഉബൈദ് വടക്കന്‍ കേരളത്തിലെങ്ങും അറിയപ്പെടാന്‍ തുടങ്ങിയത്. മാത്രമല്ല അദ്ദേഹത്തിന്റെ കവിതക്ക് ദിശാബോധവും വികാസവും വള്ളത്തോളിന്റെ സംസര്‍ഗ്ഗം വഴി ലഭിച്ചു.1947ല്‍ കോഴിക്കോട് പരിഷത് സമ്മേളനത്തില്‍ പ്രബന്ധമവതരിപ്പിച്ചതോടെ മാപ്പിളപ്പാട്ടിനെപ്പറ്റി ആധികാരികമായി പറയാന്‍ കഴിയുന്ന പ്രമുഖ പണ്ഡിതനായി […]

ടി. ഉബൈദിന്റെ ജീവിതത്തില്‍ മൂന്നു വഴിത്തിരിവുകളുണ്ട്. ആദ്യത്തെ വഴിത്തിരിവ് മുഹമ്മദ് ഷെറൂള്‍ സാഹിബിന്റെ ഒത്താശയോടെ വള്ളത്തോളിനെ പരിചയപ്പെട്ടതാണ്. രണ്ടാമത്തെ വഴിത്തിരിവ് 1947ല്‍ പരിഷത് സമ്മേളനത്തില്‍ മാപ്പിളപ്പാട്ടിനെക്കുറിച്ച് പ്രബന്ധമവതരിപ്പിച്ചതാണ്. മൂന്നാമത്തെ വഴിത്തിരിവ് മലയാള ലെക്‌സിക്കന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതാണ്.
വള്ളത്തോളുമായി പരിചയപ്പെടുന്നതോടുകൂടിയാണ് കാസര്‍കോടിന്റെ ഇത്തിരി വട്ടത്തില്‍ നിന്ന് ഉബൈദ് വടക്കന്‍ കേരളത്തിലെങ്ങും അറിയപ്പെടാന്‍ തുടങ്ങിയത്. മാത്രമല്ല അദ്ദേഹത്തിന്റെ കവിതക്ക് ദിശാബോധവും വികാസവും വള്ളത്തോളിന്റെ സംസര്‍ഗ്ഗം വഴി ലഭിച്ചു.
1947ല്‍ കോഴിക്കോട് പരിഷത് സമ്മേളനത്തില്‍ പ്രബന്ധമവതരിപ്പിച്ചതോടെ മാപ്പിളപ്പാട്ടിനെപ്പറ്റി ആധികാരികമായി പറയാന്‍ കഴിയുന്ന പ്രമുഖ പണ്ഡിതനായി കേരളമാസകലം ഉബൈദ് അംഗീകരിക്കപ്പെട്ടു. പരിഷത് പ്രസംഗം മാതൃഭൂമി വാരികയില്‍ കൂടി അച്ചടിച്ചു വന്നതോടെ പണ്ഡിതസ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിക്കപ്പെട്ടു.
1955 കാലഘട്ടത്തിലായിരിക്കണം വടക്കെ മലബാറിലെ ഭാഷാഭേദ ശബ്ദങ്ങള്‍ ശേഖരിച്ചു നല്‍കി മലയാളം ലെക്‌സികന്‍ സംരംഭകരുമായി ഉബൈദ് ബന്ധപ്പെടുന്നത്. പിന്നീട് ലെക്‌സിക്കന്‍ എഡിറ്ററായിരുന്ന ശൂരനാട് കുഞ്ഞന്‍പിള്ളയുമായി അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തി. ഈ സൗഹൃദം ഉബൈദിന് വളരെ ഗുണപ്പെട്ടു. ഉബൈദ് തെക്കന്‍ കേരളത്തിലും അറിയപ്പെട്ടു. മാപ്പിളപ്പാട്ടിന്റെ പരിമണം തെക്കന്‍ കേരളത്തിലേക്ക് വ്യാപിപ്പിക്കാന്‍ ലെക്‌സിക്കന്‍ ബന്ധം കാരണമായി.
1953ലാണ് മലയാള ലെക്‌സിക്കന്റെ പ്രാരംഭചര്‍ച്ചകള്‍ തുടങ്ങുന്നത്. തിരുക്കൊച്ചി സര്‍ക്കാരും തിരുവിതാംകൂര്‍ സര്‍വ്വകലാശാലയും ചേര്‍ന്നുള്ള കൂട്ടുസംരംഭമായിരുന്നു മലയാളം ലെക്‌സിക്കന്‍. തിരുക്കൊച്ചി പ്രധാനമന്ത്രിയായിരുന്ന പനമ്പള്ളിമേനോന്‍ ഇക്കാര്യത്തില്‍ നല്ല താത്പര്യമെടുത്തു. നല്ലൊരു വായനക്കാരനും ധിഷണാശാലിയുമായിരുന്നുവല്ലോ പനമ്പള്ളി. ഗുണ്ടര്‍ട്ട് നിഘണ്ടുവിലും ശബ്ദതാരാവലിയിലുമുളള ഗുണപരമായ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതോടൊപ്പം അവയിലെ പോരായ്മകള്‍ നികത്തുന്ന രീതിയിലായിരുന്നു മഹാനിഘണ്ടു വിഭാവനം ചെയ്തത്. കേരളത്തിലെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയുള്ള വ്യവഹാരഭാഷയിലുള്ള ഭാഷാഭേദ പദങ്ങള്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. അതുപോലെ വ്യത്യസ്ത മതവിഭാഗങ്ങളിലെ വ്യവഹാരഭാഷയിലെ പദങ്ങളും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇതിനെക്കുറിച്ച് 1965ല്‍ ഇറങ്ങിയ ലെക്‌സിക്കന്റെ ഒന്നാം വാല്യത്തിലെ അവതാരികയില്‍ ശൂരനാട് കുഞ്ഞന്‍പിള്ള വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അവതാരികയിലെ പ്രസക്തഭാഗം ഉദ്ധരിക്കട്ടെ. ഉദ്ധരണിയില്‍കൂടി കടന്നുപോകുമ്പോള്‍ ടി. ഉബൈദ് ലെക്‌സിക്കന്റെ ഭാഗമായ അനിവാര്യ സാഹചര്യം സ്വയം ബോധ്യപ്പെടും.
'ഈ പദ്ധതിയനുസരിച്ച് സംഭരണത്തിന്റെ വിശദാംശങ്ങളെപ്പറ്റി പരിചിന്തനം ചെയ്തപ്പോള്‍ സാമഗ്രലബ്ധിക്കു രണ്ടു മണ്ഡലങ്ങള്‍ തെളിഞ്ഞുകണ്ടു.
1 (എ) സാഹിത്യകൃതികളും…ഗ്രന്ഥവരികളും ഹിന്ദു-ക്രൈസ്തവ-മുസ്ലിം മതവിഭാഗങ്ങളുടെ മതസാഹിത്യവും' (അവതാരിക. പേജ് 1).
'തെക്കു തമിഴിന്റെ ഛായ പകര്‍ന്നു കാണാമെങ്കില്‍ വടക്കത്തെ ഭാഷയില്‍ തുളു കര്‍ണ്ണാടക ഭാഷകളുടെ പ്രേരണയാണ് പ്രത്യക്ഷമാകുന്നത്.' (അവതാരിക. പേജ് Iii)
"വടക്കന്‍പാട്ടുകള്‍, തെക്കന്‍തിരുവിതാംകൂറിലൈ പാട്ടുകള്‍, മലബാറിലെ മാപ്പിളപ്പാട്ടുകള്‍ എന്നപോലെയുള്ള നാടന്‍ സാഹിത്യത്തെ സംബന്ധിച്ചു ശ്രദ്ധാപൂര്‍വ്വമായ ഗവേഷണങ്ങളും അതാതുസ്ഥലത്തുചെന്ന് അന്വേഷണങ്ങളും ചെയ്യേണ്ടതായും വന്നു. (അവതാരിക. പേജ് Iiii)
പ്രാദേശികങ്ങളും വിഭാഗീയങ്ങളുമായ പദങ്ങള്‍ പഠിക്കുന്നതിന്റെ പ്രയോജനം ഈ വസ്തുതകളില്‍ നിന്ന് വ്യക്തമാകുമല്ലോ. കേരളത്തിന്റെ പല ഭാഗങ്ങളില്‍ ചെന്നു നേരിട്ട് അന്വേഷണം നടത്തിയും പദസംഭാവനക്കു വ്യക്തികളുടെ സഹായം സമാര്‍ജ്ജിച്ചും പലതരം ശ്രമങ്ങള്‍ ചെയ്യേണ്ടി വന്നു ഇത്തരം പദങ്ങള്‍ സംഭരിക്കാന്‍. പ്രാദേശിക വ്യവഹാര ഭാഷയിലെ പദങ്ങള്‍ ശേഖരിച്ച് സംഭാവന ചെയ്യാനുള്ള അഭ്യര്‍ത്ഥനകള്‍ പ്രസിദ്ധീകരിച്ച് പത്രങ്ങള്‍ ഗണനീയമായ. സഹായം ചെയ്തു. (അവതാരിക. പേജ് Iiii)
'ഗ്രീക്ക് ലത്തീന്‍ ഭാഷകളുമായി സമ്പര്‍ക്കമുണ്ടായെങ്കിലും ആ ഭാഷകളില്‍ നിന്ന് വാക്കുകള്‍ നന്നേ കുറവാണ്. എന്നാല്‍ അറബിക്ക്, സിറിയാക്ക് എന്നീ ഭാഷകളുടെ കാര്യം വ്യത്യസ്തമത്രെ. അവ സാരമായ പദസംഭാവനകള്‍ ചെയ്തിട്ടുണ്ട്.'(അവതാരിക. പേജ് Ixv )
'ഇവിടത്തെ അനേകായിരം ഇസ്ലാംമതാനുയായികള്‍ അറബി ഭാഷ അഭ്യസിച്ചു. അങ്ങനെ വാണിജ്യം, മതം എന്നീ രണ്ടു മാര്‍ഗ്ഗങ്ങളില്‍ കൂടി ഒട്ടേറെ അറബി വാക്കുകള്‍ മലയാളത്തിലേക്കു സംക്രമിച്ചു.'(അവതാരിക. പേജ് Ixv)
'മലബാറിലെ മാപ്പിളമാരുടെ ഇടയില്‍ അറബി മലയാളം എന്നൊരു മിശ്രഭാഷയുണ്ടാക്കത്തക്കവണ്ണം അറബിഭാഷയുടെ പ്രേരണ പുഷ്ടി പ്രാപിച്ചിട്ടുണ്ട്. മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ഹുസ്‌നുല്‍ ജമാല്‍ പോലെയുള്ള കവിതകളില്‍ നിന്ന് ഈ മിശ്രഭാഷയുടെ ശക്തിയും ഭംഗിയും കാണാവുന്നതാണ്.'
(അവതാരിക. പേജ് Ixvi )
ഉദ്ധരണിയിലെ അടിവരയിട്ട ഭാഗങ്ങള്‍ മനസ്സിരുത്തി വായിച്ചാല്‍ ഉബൈദിന്റെ ലെക്‌സിക്കനുമായി ബന്ധപ്പെട്ട നിയോഗം വ്യക്തമാകും. വടക്കന്‍ മലബാറിലെ ഭാഷാഭേദ പദങ്ങള്‍ ശേഖരിച്ചു നല്‍കുക. മുസ്ലിം വ്യവഹാര ഭാഷയിലെയും മാപ്പിളപ്പാട്ടിലെയും മറ്റു അറബി മലയാളം സാഹിത്യങ്ങളിലെയും പദങ്ങള്‍ ശേഖരിക്കുക. മുസ്ലിംകള്‍ക്കിടയിലെ ഭാഷാഭേദ പദങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന മുസ്ലിം വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ കണ്ടെത്തുക.
1955ല്‍ ഭാഷാഭേദ പദങ്ങള്‍ക്കു വേണ്ടി പത്രദ്വാരാ അറിയിപ്പു കണ്ടയുടനെത്തന്നെ ഉബൈദ് സംരംഭവുമായി സഹകരിച്ചരിക്കണം. കൂടാതെ ലെക്‌സിക്കന്റെ ഔദ്യോഗിക പ്രതിനിധികള്‍ പദസംഭരണവുമായി കാസര്‍കോട് സന്ദര്‍ശിച്ചപ്പോള്‍ ഉബൈദ് അവരുമായി തീര്‍ച്ചയായും സമ്പര്‍ക്കം പുലര്‍ത്തിയിരിക്കണം. വടക്കന്‍ മലബാറിലെ ഭാഷാഭേദ പദങ്ങളെ ലെക്‌സിക്കന് ഉബൈദ് സംഭരിച്ചു നല്‍കിയതിന്റെ തെളിവും അംഗീകാരവും ഒന്നാം വാല്യത്തില്‍ സ്വരവ്യഞ്ജനങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രാദേശികപദങ്ങള്‍ സംഭാവന ചെയ്ത മാന്യവ്യക്തികളുടെ പേരു വിവരം.
ഉബൈദ് റ്റി. കാസര്‍കോട്, വ.മ (ഒന്നാം വാല്യം, 1965, അവതാരിക. പേജ് xcv )
വ.മ, വടക്കന്‍ മലബാര്‍ എന്നതിന്റെ ചുരുക്കം.
ഉബൈദ് സംഭരിച്ചു നല്‍കിയ വടക്കന്‍ മലബാറിലെ ഭാഷാപദങ്ങള്‍ ലെക്‌സിക്കനില്‍ ഉള്‍പ്പെടുത്തിയതിന്റെ ചില ഉദാഹരണങ്ങള്‍
അപ്യ apya < അപ്പരിഷ നാ. അവര്‍. those people, they. രൂ.ഭേ. അവ്യ. വ.മ (മലയാളം ലെക്‌സികന്‍ ഒന്നാം വാല്യം പേജ്. 500 )
ഈടെ ite അവ്യ. ഇവിടെ. here.വ.മ
ഇച്ച icca. ഇച്ച നാ.=ഇക്കാ. ikka. (മുസ്ലിം ഭാഷ) വ. മ
ഇച്ചളിപ്പൊടി (ഇച്ചുളി പൊടി) നാ. കക്ക നീറ്റിയത്. ചുണ്ണാമ്പ്. lime. വ.മ
മുസ്ലിം മതസാഹിത്യ ഗ്രന്ഥങ്ങള്‍ കണ്ടെത്തുന്നതും അവയിലെ വാക്കുകള്‍ അരിച്ചെടുക്കുന്നതും ഉബൈദിന്റെ ഉത്തരവാദിത്വമായിരുന്നല്ലോ. മുസ്ലിം വ്യവഹാരഭാഷയിലെയും സാഹിത്യത്തിലെയും പദങ്ങള്‍ സ്വീകരിക്കാന്‍ അവലംബമാക്കിയ ഇസ്ലാമിക ഗ്രന്ഥങ്ങളുടെ പട്ടിക ഒന്നാം വാല്യത്തിലും രണ്ടാം വാല്യത്തിലും ചേര്‍ത്തിട്ടുണ്ട്. ലിസ്റ്റ് ചെയ്ത പുസ്തകങ്ങള്‍ നൂറിലധികം വരും. അക്കാദമിക് താത്പര്യത്തിനുവേണ്ടി അഞ്ചു പുസ്തകങ്ങളുടെ പേര് താഴെ കൊടുക്കുന്നു.

  • അല്‍ ഗസ്സാലി
    എ. മുഹമ്മദ് സാഹിബ്
  • അല്‍ ഹദീസ്
    എ.എ. മരിക്കാര്‍
  • ഇസ്ലാമിക നമസ്‌കാരം കെ.എം. മുഹമ്മദ് മൗലവി
  • ഇസ്ലാമിലെ മായാത്ത കാല്‍പാടുകള്‍
    എ. മുഹമ്മദ് ദാവൂദ്
  • ഇസ്ലാം ചരിത്രം അഥവാ കസസുല്‍ അംബിയ
    എ. മുഹമ്മദ് സാഹിബ്.
    വാക്കുകള്‍ ശേഖരിക്കാന്‍ ആധാരമാക്കിയ ഇസ്ലാമിക ഗ്രന്ഥശേഖരങ്ങളുടെ ലിസ്റ്റില്‍ ഉബൈദിന്റെ പുസ്തകവും ഉള്‍പ്പെട്ടിരിക്കുന്നതു കാണാം.
    അബ്ദുല്ല, അബ്ദുല്ലഹാജി (ജീവചരിത്രം) ടി. ഉബൈദ് കാസര്‍കോട് (1908-) പള്ളിക്കല്‍ മുസ്ലിം സൊസൈറ്റി, കാസര്‍കോട്, 1-ാം പ. 1963
    മുസ്ലിംകളുടെ വ്യവഹാരത്തിലെയും മതഗ്രന്ഥങ്ങളിലെയും വാക്കുകള്‍ ഉള്‍പ്പെടുത്തുന്നതില്‍ ഉബൈദിന് നല്ല പങ്കുണ്ടായിരുന്നു. ഇത്തരത്തില്‍ ധാരാളം വാക്കുകളുണ്ട്. ചില ഉദാഹരങ്ങള്‍.
    ആപിയത്ത്
    ആഫിയത്ത്
    ആമീന്‍
    ആയത്ത്
    ആലമീന്‍
    ആലിം
    ആശിക്ക്
    ഇക്കാക്ക
    ഇക്കുമത്ത്
    ചില ഇസ്ലാമിക പദങ്ങള്‍ക്കു നല്‍കുന്ന വിവരണങ്ങളില്‍ ഉബൈദിന്റെ കയ്യൊപ്പ് കാണാം.
    ഉദാഹരണം. ഈമാന്‍.
    'ഈമാന്‍ എന്നാല്‍, അല്ലാഹുവിലും അവന്റെ മലക്കുകളിലും അവനെ അഭമുഖീകരിക്കലിലും അവന്റെ ദൂതന്മാരിലും വിശ്വസിക്കലും (മരണാനന്തരം) ജീവനിലേക്കുയര്‍ത്തപ്പെടുമെന്നതില്‍ വിശ്വസിക്കലും ആകുന്നു.
    ഉബൈദിനെക്കുറിച്ച് സി.പി. ശ്രീധരന്‍ എഴുതിയ ജീവചരിത്രക്കുറിപ്പില്‍ ഇങ്ങനെ കാണാം.
    'മലയാള മഹാനിഘണ്ടുവിന് മാപ്പിളപ്പദങ്ങള്‍ സമാഹരിക്കുന്നതിന് ശ്രീ ശൂരനാട്ടു കുഞ്ഞന്‍പിള്ളയുടെ ക്ഷണമനുസരിച്ച് ഒന്നരമാസം നിഘണ്ടു കാര്യാലയത്തില്‍ പ്രവര്‍ത്തിച്ചു. തിരുവനന്തപുരത്തു സംഘടിപ്പിച്ച സാഹിത്യ ശില്‍പശാലയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അവിടെവെച്ച് മുന്തിരിപ്പഴങ്ങള്‍ എന്ന ബാലസാഹിത്യകൃതി രചിച്ചു.'
    ഇതില്‍ നിന്നും ഒരുകാര്യം വ്യക്തമാണ്. മലയാള ലെക്‌സിക്കന്‍ പ്രവര്‍ത്തനവുമായി ഉബൈദിന് ഔദ്യോഗികമായി ബന്ധമുണ്ടായിരുന്നു. ഒഫീഷ്യല്‍ കമ്യൂണിക്കേഷനെ തുടര്‍ന്നായിരിക്കണമല്ലോ അദ്ദേഹം നിഘണ്ടു കാര്യാലയത്തില്‍ പ്രവര്‍ത്തിച്ചത്.
    ഉബൈദിന്റെ ലെക്‌സിക്കന്‍ ബന്ധം വ്യക്തിപരമായ നേട്ടത്തിന്റെയോ അംഗീകാരത്തിന്റെയോ മാത്രം പ്രശ്‌നമല്ല. ആ ബന്ധം കൊണ്ട് മാപ്പിളപ്പാട്ടിനും തദ്വാരാ മുസ്ലിം സമൂഹത്തിനും നേട്ടമുണ്ടായി. ഉബൈദിന്റെ സംസര്‍ഗ്ഗം കാരണം ശൂരനാട് കുഞ്ഞന്‍പിള്ളപോലെയുള്ള ഒരു ഭാഷാപണ്ഡിതന്‍ മാപ്പിളപ്പാട്ടിനെപ്പറ്റി പഠിക്കാന്‍ തയ്യാറായി. മാത്രമല്ല: അദ്ദേഹം ഈ വിഷയത്തെക്കുറിച്ച് പ്രൗഢമായ ലേഖനങ്ങളെഴുതി. സി.അച്യൂതമേനോന്‍ പോലും ഒപ്പനയെക്കുറിച്ചെഴുതിയപ്പോള്‍ ശൂരനാടിന്റെ ലേഖനം ഉദ്ധരിക്കുന്നുണ്ട്. മാപ്പിളപ്പാട്ടിന്റെ പൊതുസ്വീകാര്യത വര്‍ദ്ധിപ്പിക്കാന്‍ ഇതൊക്കെ വഴിവെച്ചു. യുവജനോത്സവത്തിലെ ഒപ്പനയുടെ പൊതു സ്വീകാര്യതയ്ക്കുപോലും കാരണമായിത്തീര്‍ന്നത് ഉബൈദിന്റെ ഈദൃശ പ്രവര്‍ത്തനങ്ങളാവാം. കേരള കലാമണ്ഡലത്തില്‍ ഒപ്പന പാഠ്യവിഷയമാക്കണമെന്ന് അന്നത്തെ മുഖ്യമന്ത്രി സി. അച്യൂതമേനോനെക്കൊണ്ട് പറയിപ്പിച്ചതില്‍ ശൂരനാട് കുഞ്ഞന്‍ പിള്ളയുടെ ലേഖനത്തിന്റെ പങ്ക് ചെറുതല്ല.
    (മലയാളം ലെക്‌സിക്കന്റെ 1965 ലും 1970 ലും യഥാക്രമം പ്രസിദ്ധീകരിച്ച 1ഉം 2ഉം വാല്യങ്ങളുടെ ഒന്നാം പതിപ്പുകളാണ് ലേഖനമെഴുതാന്‍ ആധാരമാക്കിയിട്ടുള്ളത്.)
Related Articles
Next Story
Share it