ടി. ഉബൈദ്: ഭാഷയെ സ്‌നേഹിച്ച മനുഷ്യ സ്‌നേഹി

വളരെയേറെ വൈവിധ്യവും ബഹുമുഖമാനങ്ങളുമുള്ള വിഷയങ്ങളിലിടപെടുകയും മാറ്റത്തിന്റെ വെളിച്ചം കൊണ്ടുവരികയും ചെയ്ത പ്രതിഭാധനനാണ് ടി.ഉബൈദ്. ഭാഷയിലൂടെ ഉബൈദിനെയല്ല. ഉബൈദിലൂടെ ഭാഷയിലേക്ക് പ്രവേശിക്കേണ്ട കാലമാണ് നമുക്കുമുന്നിലുള്ളത്, ആ തോന്നലാണ് ഈ കുറിപ്പിനാധാരം. എല്ലാ ഭാവകത്വത്തോടും കൂടി മലയാളത്തിലെഴുതിയ കവിതകള്‍, ഇമ്പമാര്‍ന്ന മാപ്പിളപ്പാട്ടുകള്‍, തെളിമയാര്‍ന്ന ഗവേഷണപ്രബന്ധങ്ങള്‍, ആഴമേറിയ പഠനങ്ങള്‍ എന്നിവ മാത്രം മതി ഒരാള്‍ക്ക് സാമുഹിക ചരിത്രത്തില്‍ ചിരകാലയിടം നേടാന്‍. ഐക്യകേരള പ്രസ്ഥാനത്തിന് സ്വയം ഇന്ധനമായിനിന്ന നേതാവ്, മലയാള കവിതയെ പുതിയ ഈണങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയ കവി, അരികുവല്‍ക്കരിക്കപ്പെട്ട സമൂഹത്തെ വിദ്യയുടെ […]

വളരെയേറെ വൈവിധ്യവും ബഹുമുഖമാനങ്ങളുമുള്ള വിഷയങ്ങളിലിടപെടുകയും മാറ്റത്തിന്റെ വെളിച്ചം കൊണ്ടുവരികയും ചെയ്ത പ്രതിഭാധനനാണ് ടി.ഉബൈദ്. ഭാഷയിലൂടെ ഉബൈദിനെയല്ല. ഉബൈദിലൂടെ ഭാഷയിലേക്ക് പ്രവേശിക്കേണ്ട കാലമാണ് നമുക്കുമുന്നിലുള്ളത്, ആ തോന്നലാണ് ഈ കുറിപ്പിനാധാരം.
എല്ലാ ഭാവകത്വത്തോടും കൂടി മലയാളത്തിലെഴുതിയ കവിതകള്‍, ഇമ്പമാര്‍ന്ന മാപ്പിളപ്പാട്ടുകള്‍, തെളിമയാര്‍ന്ന ഗവേഷണപ്രബന്ധങ്ങള്‍, ആഴമേറിയ പഠനങ്ങള്‍ എന്നിവ മാത്രം മതി ഒരാള്‍ക്ക് സാമുഹിക ചരിത്രത്തില്‍ ചിരകാലയിടം നേടാന്‍. ഐക്യകേരള പ്രസ്ഥാനത്തിന് സ്വയം ഇന്ധനമായിനിന്ന നേതാവ്, മലയാള കവിതയെ പുതിയ ഈണങ്ങള്‍ കൊണ്ട് സമ്പന്നമാക്കിയ കവി, അരികുവല്‍ക്കരിക്കപ്പെട്ട സമൂഹത്തെ വിദ്യയുടെ വഴിയെ നടത്താന്‍ വിശ്രമമില്ലാതെ മുട്ടിനടന്ന മനുഷ്യസ്‌നേഹി, കറകളഞ്ഞ നിസ്വാര്‍ത്ഥ രാഷ്ട്രീയപ്രവര്‍ത്തകന്‍, വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരനായ അധ്യാപകന്‍, പൗരോഹിത്യത്തിന്റെ തെറ്റുതിരുത്തിച്ച സമുദായ പരിഷ്‌കര്‍ത്താവ്, ഓരോ ശ്വാസത്തിലും മതേതരത്വത്തിനുവേണ്ടി നിലകൊണ്ട രാജ്യസ്‌നേഹി, സദസ്സ് മുഷിയാതെ കാത്തിരുന്ന പ്രാസംഗികന്‍, ജീവകാരുണ്യപ്രവര്‍ത്തകന്‍, വിവര്‍ത്തകന്‍, വിശ്വസ്തന്‍ തുടങ്ങി ബഹുമുഖ മാനങ്ങളുള്ള അനുപമവ്യക്തിത്വമായിരുന്നു ഉബൈദ് മാഷ്. ഒരു വ്യക്തിയെ ഇത്രയധികം സിദ്ധികള്‍ ഒന്നിച്ചനുഗ്രഹിക്കുന്നത് അത്യപൂര്‍വ്വം, എന്ന് ടി.പി. അബ്ദുള്ളക്കുഞ്ഞി.
പരിചയമില്ലാത്തവര്‍ക്ക് ഉബൈദ് മാഷിനെ കണ്ടാല്‍ പഴഞ്ചനാണെന്നേ തോന്നൂ. എന്നാല്‍ ആ തല പുരോഗമനാശയങ്ങളുടെ ഒരു തേനീച്ചക്കൂടായിരുന്നു എന്ന് എസ്.കെ.പൊറ്റക്കാട്ട് അര്‍ത്ഥശങ്ക യ്ക്കിടയില്ലാത്ത വിധം എഴുതിയിട്ടുണ്ട്. പുരോഗമനവാദികളുടെ ഭാഗത്തായിരുന്നു ഉബൈദ് നിലകൊണ്ടതെന്നും അദ്ദേഹം എഴുതി തുടങ്ങിയതു തന്നെ സമൂഹ പരിഷ്‌കരണ ലക്ഷ്യങ്ങള്‍ മുമ്പില്‍ വെച്ചുകൊണ്ടാണെന്നും തന്റെ ഉബൈദ്‌സ്മരണയില്‍ പവനന്‍ എഴുതിയിട്ടുണ്ട്. സാക്ഷാല്‍ ശൂരനാട്ടു കുഞ്ഞന്‍പിള്ള ഉബൈദിനെ വരച്ച വാഗ്മയചിത്രത്തിന് എന്ത് മനോഹാരിതയാണെന്നു നോക്കൂ; ഇതില്‍ കൂടുതല്‍ ശുദ്ധഹൃദയനും സ്‌നേഹനിധിയുമായ ഒരാളെ കാണാന്‍ വളരെ ചുരുക്കമായേ കഴിഞ്ഞിട്ടുള്ളൂ. ഇതില്‍ കവിഞ്ഞ ദേശഭക്തിയും ഭാഷാഭിമാനവും ഉള്ളവരും ചുരുക്കമാണ്. തത്വങ്ങളില്‍ അടിയുറച്ച് നിഷ്ഠയും മനുഷ്യത്വത്തില്‍ സമ്പൂര്‍ണ്ണമായ വിശ്വാസവും തന്റെ മതത്തിലും ഇതര മതങ്ങളിലും ഒരു സംസ്‌കൃതമനസ്‌കനു ഭൂഷണമായ രീതിയില്‍ ഉള്ള അഭിമാനവും ആദരവും എല്ലാരിലും പ്രീതിയും മൈത്രിയും ചേര്‍ത്താല്‍ ഉബൈദിന്റെ ഒരു ചിത്രമായി. അല്‍പ്പംകൂടി പരിചയിച്ചാല്‍ വാസനാസിദ്ധിയുള്ള ഒരു കവി, ജീവിത നിരീക്ഷണപടുവായ ഒരു തത്ത്വചിന്തകന്‍, മാനവപുരോഗതിയില്‍ അഭിവാഞ്ജയുള്ള ഒരു ഉല്‍പതിഷ്ണു. ഉബൈദിനെക്കുറിച്ചുള്ള ആറ്റിക്കുറുക്കിയ ജീവചരിത്ര കാവ്യം എന്ന് ഇതിനെ വിശേഷിപ്പിക്കാം. ഉബൈദിന്റെ മലയാളഭാഷാ സ്‌നേഹത്തെപ്പറ്റി അദ്ദേഹത്തെക്കുറിച്ച് പഠിച്ചു മനസ്സിലാക്കിയ പലരും ആധികാരികമായിത്തന്നെ എഴുതിയിട്ടുണ്ട്. എന്നാല്‍ ആ ഭാഷാ സ്‌നേഹം പ്രകടിപ്പിക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്ത വഴി തമിഴ്ഭാഷാ സ്‌നേഹികളില്‍ നിന്നും തികച്ചും ഭിന്നമായിരുന്നു. 1965-ല്‍ തമിഴ്‌നാട്ടില്‍ ഭാഷാസ്‌നേഹത്തിന്റെ പേരില്‍ നൂറോളം പേര്‍ക്ക് ജീവന്‍ തന്നെ നല്‍കേണ്ടി വന്നിട്ടുണ്ട്. ഒരാളെ മനസ്സുകൊണ്ടു പോലും വേദനിപ്പിക്കാതെ ലക്ഷ്യപ്രാപ്തിയിലെത്തിയ ഭാഷാസ്‌നേഹിയായിരുന്നു ഉബൈദ്. ഉബൈദ് ബഹുഭാഷാ പണ്ഡിതനായിരുന്നു. മാതൃഭാഷയായ മലയാളത്തിനുപുറമെ കന്നട, അറബി, സംസ്‌കൃതം, ഉറുദു എന്നിവയിലും അദ്ദേഹം പരിജ്ഞാനം നേടിയിരുന്നു. ഉപയഭാഷാ പണ്ഡിതന്‍ എന്ന് എസ്.കെ. പൊറ്റക്കാട്ട് ടി.ഉബൈദിനെ വിശേഷിപ്പിച്ചിട്ടുണ്ട്. കാസര്‍കോടിനെ കേരളത്തില്‍ നിലനിര്‍ത്താന്‍ കഠിനാധ്വാനം ചെയ്തപ്പോഴും കര്‍ണ്ണാടക ഭാഷയോടും സംസ്‌കാരത്തോടുമുള്ള ഭക്തിയും ആദരവും പ്രകടിപ്പിക്കാറുണ്ടായിരുന്നു ഉബൈദെന്ന് മേലത്ത് നാരായണന്‍ നമ്പ്യാര്‍ തന്റെ സഹപ്രവര്‍ത്തകനെ സ്മരിക്കുന്നു.
മാപ്പിള മലയാളത്തെ പൊതുമലയാളത്തിന്റെ ഭാഗമാക്കിത്തീര്‍ക്കാന്‍ സമര്‍പ്പിച്ച സംഭാവനകളെ വിലയിരുത്തി ഉബൈദിനെ ഭാഷാ ജനാധിപത്യപോരാളി എന്നാണ് സി.പി. സൈതലവി വിശേഷിപ്പിച്ചത്. സവര്‍ണ്ണേതരമായ ഭാഷാഭേദങ്ങളെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ പണ്ഡിതലോകവും പൊതുബോധവും ഇപ്പോഴും പൂര്‍ണ്ണാര്‍ത്ഥത്തില്‍ തയ്യാറായിട്ടില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പലരും അക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. തീര്‍ച്ചയായും ആ ദിശയിലുള്ള ഇടപെടലുകള്‍ അക്കാദമികവും അക്കാദമികേതരവുമായ രീതികളില്‍ തുടരേണ്ടതുമാണ്. അതേസമയം അക്കാദമിക് രംഗത്ത് നില നില്‍ക്കുന്ന മുഖ്യധാരാ മലയാളത്തെ സവിശേഷമായി ആഴത്തില്‍ പഠിക്കാന്‍ അരികുവല്‍കരിക്കപ്പെട്ട ജനവിഭാഗങ്ങളിലെ പുതുതലമുറ മുന്നോട്ട് വരണം. ശ്രേഷ്ഠഭാഷാ പദവിയടക്കം (ക്ലാസിക്കല്‍ സ്റ്റാറ്റസ്) ലഭിച്ച സമ്പന്നമായ ഒരു വ്യവഹാര ഭാഷയാണ് മലയാളം. ടി. ഉബൈദടക്കം സംഭാവന ചെയ്ത വലിയൊരു ജ്ഞാനമണ്ഡലം അതുള്‍ക്കൊള്ളുന്നുണ്ട്. ഭാഷ ആഴത്തിലും പരപ്പിലും മനസ്സിലാക്കിക്കൊണ്ടു മാത്രമേ പ്രസ്തുത വ്യവഹാരത്തിന്റെ ഭാഗമാകാനും, വികാസ-പരിണാമം പ്രക്രിയകളില്‍ ഇടപെടാനും സാധിക്കൂ.
ജാതിമതഭേദമന്യേ എല്ലാ വിഭാഗം മനുഷ്യരുമായും ഹൃദ്യമായ ഇഴയടുപ്പം ജീവിതത്തിലുടനീളം ഉബൈദ് കാത്തു സൂക്ഷിച്ചു. സാമൂഹികജീവി എന്ന നിലയില്‍ മനുഷ്യന്റെ ഒരു സ്വാഭാവിക ഗുണമാണത്. എന്നാല്‍ ജനനംതൊട്ടാരംഭിക്കുന്ന ബാഹ്യവും കൃത്രിമവുമായ ആശയദര്‍ശങ്ങളുടെ സ്വാധീനംമൂലം മനുഷ്യര്‍ക്ക് പലപ്പോഴും നഷ്ടപ്പെട്ടു പോകുന്ന ഒന്നുകൂടിയാണത്. നാം ജീവിക്കുന്ന ചുറ്റുപാടില്‍ സാമൂഹികജീവിതത്തിന്റെ കെട്ടുറപ്പിന് അനിവാര്യമായതിനെ കൃത്യമായി തിരിച്ചറിയാനും കൊള്ളേണ്ടതിനെ കൊള്ളാനും തള്ളേണ്ടതിനെ തള്ളിക്കളയാനുമുള്ള വകതിരിവില്‍ നിന്നാണ് ഒരു യഥാര്‍ത്ഥ മനുഷ്യസ്‌നേഹി ജനിക്കുന്നത്. ഉബൈദില്‍ ആ ഗുണം ആവോളമുണ്ടായിരുന്നു. അദ്ദേഹമെഴുതി;
പാവനപ്പള്ളി വളപ്പിലും പാമ്പ് പടം
പൊക്കിച്ചീറ്റുന്നു; മുരത്ത
പാറയ്ക്കടിയില്‍ തെളി-
നീരുറയുന്നു; സ്വര്‍ണ്ണം വിളയുന്നു;
വിളകൊയ്തിങ്ങെടുത്താകില്‍ പതിര്‍ കാണും-എന്നും
വിളക്കിന്റെയടിഭാഗത്തിരുള്‍
പുണ്യം! ഒളിയിരുളുകളൊപ്പമിരിപ്പാണ്-കാണും
ഉദയാസ്തമാനം ഒറ്റപതിപ്പാണ്.
കെട്ടുകാഴ്ചകള്‍ക്കപ്പുറത്താണ് യാഥാര്‍ത്ഥ്യത്തിന്റെ ഇരിപ്പുവശം എന്ന് ഉബൈദിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. നമ്മള്‍ അനുഭവിക്കുന്ന ഉദയം മറ്റൊരാളുടെ അസ്തമനമാണെന്നും, ഇരുട്ടുംവെളിച്ചവും ക്ഷണികമായ ഇരട്ടകളാണെന്നും, പരിപാവനമായ പള്ളിവളപ്പില്‍നിന്നും പൗരോഹിത്യ ത്തിന്റെ വിഷംചീറ്റല്‍ ഏതുസമയത്തും കരുതിയിരിക്കണമെന്നുള്ള സൂക്ഷ്മദര്‍ശനം ഉബൈദ് കവിതകളുടെ മൗലികതയാണ്.
ആ തുറവിയെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് മാപ്പിള സാഹിത്യത്തെ മലയാളസാഹിത്യത്തിന്റെ ഭാഗമാക്കി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചത്. ജാതി സമുദായ ഭേദമന്യേ എല്ലാവരും സ്‌നേഹപൂര്‍വ്വം ആദരിച്ചിട്ടുള്ള ചുരുക്കം ചില മുസ്ലിം സാഹിത്യകാരന്മാരുടെ കൂട്ടത്തില്‍ ശ്രീ ഉബൈദിനുള്ള സ്ഥാനം ഉന്നതമാണ് എന്ന് ജോസഫ് മുണ്ടശ്ശേരി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മാപ്പിളപ്പാട്ട് അടക്കമുള്ള മാപ്പിളമാരുടെ സാംസ്‌കാരിക ഈടുവെപ്പുകളെ മലയാളി പൊതുബോധത്തിലേക്ക് കുടിയിരുത്തുന്നതില്‍ ടി. ഉബൈദ് നിര്‍വ്വഹിച്ച ഒറ്റയാന്‍ യജ്ഞം ശ്ലാഘനീയമാണ്: സമാനതകളില്ലാത്തതാണ് എന്ന് ആസാദ് വണ്ടൂര്‍ നിരീക്ഷിക്കുന്നതും നേരത്തെ സൂചിപ്പിച്ച കാരണങ്ങള്‍ കൊണ്ടാണ്.
1947ല്‍ ഉബൈദ് കോഴിക്കോട്ട് സമസ്ത കേരള സാഹിത്യപരിഷത്ത് സമ്മേളനത്തില്‍ ചെയ്ത പ്രബന്ധാവതരണം ചരിത്രപ്രസിദ്ധമായിത്തീര്‍ന്നു. മാപ്പിളപ്പാട്ടുകള്‍ മലയാള സാഹിത്യത്തിന്റെ മുതല്‍ക്കൂട്ടായി അംഗീകരിക്കപ്പെട്ടത് ആ പ്രഭാഷണത്തിനുശേഷമാണെന്ന് എസ്.കെ പൊറ്റക്കാട്ട് എഴുതിയിട്ടുണ്ട്. എഴുത്തും ജീവിതവും രണ്ടായിരുന്നില്ല ഉബൈദിന്. സ്‌നേഹ സമൃദ്ധമായൊരു ലോകം അദ്ദേഹത്തെ മുന്നോട്ടു നയിച്ച സ്വപ്‌നമായിരുന്നു. അതിന്റെ സൃഷ്ടിക്ക് ഉത്തേജനം നല്‍കുക എന്നതില്‍ ഉത്തേജനത്തിന്റെ ആത്മീയ ചൈതന്യധാരയുണ്ട് എന്ന് ഉബൈദ് കവിതകളെ സൂക്ഷ്മമായി പഠിച്ച കെ.എം. അഹ്‌മദ് നിരീക്ഷിച്ചിട്ടുണ്ട്. ഭാഷാസ്‌നേഹവും സാമൂഹിക പ്രതിബദ്ധതയും നിറഞ്ഞുനില്‍ക്കുന്നതാണ് ഉബൈദ് സാഹിത്യം. എഴുതാന്‍ വേണ്ടി എഴുതിയിരുന്ന സാഹിത്യകാരനായിരുന്നില്ല മറിച്ച് എഴുതാതിരിക്കാനാവാത്തതുകൊണ്ട് മാത്രം എഴുതിക്കൊണ്ടേയിരുന്നൊരാള്‍. മാതൃഭാഷാ സേവനത്തിലും പോഷണത്തിലും തന്റെ സമുദായം പൊതുവില്‍ കാണിച്ചുവരുന്ന അലസമനോഭാവത്തില്‍ കടുത്ത സ്വയം വിമര്‍ശനം നടത്തിക്കൊണ്ടാണ് ഉബൈദ് തന്റെ പരിഷത്പ്രസംഗം ആരംഭിച്ചത്.
തന്റെ ജീവിതം മുഴുവന്‍ മാതൃഭാഷാ സേവനത്തിനുവേണ്ടി നീക്കിവെച്ച മനുഷ്യനായിരുന്നു അദ്ദേഹം.
ഉബൈദിനെ മഹാനാക്കുന്നത് സ്വയം തപസ്യയിലൂടെ നേടിയ മലയാളഭാഷപാണ്ഡിത്യമാണെന്ന് ടി.കെ. അബ്ദുല്ലക്കുഞ്ഞി നിരീക്ഷിക്കുന്നു. മലയാളഭാഷാ സാഹിത്യ പഠനങ്ങളിലും ഗവേഷണങ്ങളിലും തന്റെ പിന്‍ തലമുറ മുന്നേറുന്നതു കാണാന്‍ ആ മാതൃഭാഷാസ്‌നേഹി ഒരുപാട് ആഗ്രഹിച്ചിരുന്നു. അത് ആ അര്‍ത്ഥത്തില്‍ എത്രമാത്രം യാഥാര്‍ത്ഥ്യമായി എന്ന പരിശോധന നാം സ്വയം നടത്തേണ്ടിയിരിക്കുന്നു.
മാപ്പിളസമുദായം കൈരളിയുടെ സാഹിത്യമണ്ഡലത്തില്‍ ഒരു കാലത്ത് ഗംഭീരമായ സംഭാവനകളര്‍പ്പിച്ചിരുന്നു, സാഹിത്യവും സംഗീതവുമായി സഹവസിച്ചിരുന്ന ഒരു സുവര്‍ണ്ണകാലം അവര്‍ക്കും ഉണ്ടായിരുന്നു എന്ന് സമര്‍ത്ഥിക്കുകയായിരുന്നു തുടര്‍ന്നദ്ദേഹം തന്റെ പ്രസംഗത്തില്‍ ചെയ്തത്. മാപ്പിളമലയാളം (അറബിമലയാളം) ലിപിയിലായിരുന്നു അത് എന്നതുകൊണ്ടു തന്നെ ആധുനിക മലയാളഭാഷ വികസിച്ചു സമ്പന്നമായി വന്നതോടെ ബഹുഭൂരിപക്ഷം കേരളീയരെ സംബന്ധിച്ച് അറബിമലയാളം സ്വയം വായിച്ചറിഞ്ഞെടുക്കല്‍ അസാധ്യമായിത്തീര്‍ന്നു. അറബിമലയാളത്തില്‍ നിന്നും മലയാളത്തിലേക്ക് പ്രവേശിക്കാന്‍ സമുദായം കാണിച്ച വൈമനസ്യം ഉബൈദിനെ ഏറെ വേദനിപ്പിച്ചു. കാലം സൃഷ്ടിച്ച ആ വിടവ് നികത്താനുള്ള മാനിഫെസ്റ്റോയായിരുന്നു 1947-ലെ അദ്ദേഹത്തിന്റെ പ്രസംഗം, അത് പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തുടര്‍ലേഖനങ്ങളായി പ്രസിദ്ധപ്പെട്ടു. പലരും പറഞ്ഞിട്ടുള്ളതുപോലെ മാപ്പിളസാഹിത്യത്തെ മലയാള സാഹിത്യവുമായി പുനര്‍വിന്യസിച്ചു എന്നതു മാത്രമായിരുന്നില്ല ആ പ്രസംഗം നിര്‍വ്വഹിച്ച ദൗത്യം. മാപ്പിള സമുദായത്തെ മുഖ്യധാരാമലയാള സാഹിത്യവുമായി ബന്ധിപ്പിക്കുന്നതിനും ആ പ്രസംഗവും ഉബൈദിന്റെ ഇടപെടലുകളും സഹായിച്ചു. കേവലം അറബിയിലെഴുതപ്പെടുന്ന മലയാളമായിരുന്നില്ല അറബിമലയാളം എന്നും ഉബൈദിവിടെ വിശദീകരിച്ചു. അറബി അക്ഷരമാലയിലെ ചില ലിപികള്‍ക്കു പ്രത്യേകം ചിഹ്നങ്ങള്‍ കൊടുത്ത് മലയാളഭാഷയ്ക്കുപകരിക്കുന്ന കുറെ അക്ഷരങ്ങള്‍ ഏര്‍പ്പെടുത്തി ഒരു നവീനാക്ഷരമാല നിര്‍മ്മിക്കപ്പെട്ടു. അതാണ് അറബി മലയാളം അഥവാ മാപ്പിളലിപി എന്നു വിളിക്കപ്പെടുന്നത്. ലോകത്തെങ്ങും അറബി സാക്ഷരരുണ്ടാവുമെങ്കിലും അറബിമലയാളം മലയാളികള്‍ക്കുമാത്രം വായിച്ചാല്‍ മനസ്സിലാകുന്ന കുറേ സവിശേഷതകളുള്ള ലിപിയാണ്. പ്രസ്തുത അക്ഷരമാല അമ്പതു ലിപികള്‍ കൊണ്ട് പരിപൂര്‍ണ്ണമായിരിക്കുന്നു. അറബിഭാഷയുടെ സാംസ്‌കാരികകെട്ടുപാടുകളില്‍നിന്നും സ്വതന്ത്രമാക്കുക എന്ന കാഴ്ചപ്പാടോടെയാവാം ഉബൈദ് അറബിമലയാളത്തിനു പകരം മാപ്പിളലിപി എന്ന മറ്റൊരു ബദല്‍ പേരുകൂടി മുന്നോട്ടുവെച്ചതും.
മേല്‍സൂചിപ്പിച്ചതില്‍നിന്നും ആ പ്രസംഗത്തിലുടനീളം മാപ്പിള സമുദായത്തിന്റെ ഇല്ലായ്മകളെയും വല്ലായ്മകളെയും മലയാളത്തിലെ അക്കാലത്തെ തലയെടുപ്പുള്ള പണ്ഡിത സമൂഹത്തിനു മുമ്പില്‍ അവതരിപ്പിച്ച് ശ്രദ്ധനേടുകയായിരുന്നു ഉബൈദിന്റെ ഉദ്ദേശ്യമെന്ന് കരുതരുത്. മലയാള സാഹിത്യ സാമ്രാട്ടുകളെ മുന്നില്‍ നിര്‍ത്തി മാപ്പിളപ്പാട്ടിന്റെ രസാത്ഭുതസിദ്ധികളെക്കുറിച്ച് അഭിമാനത്തോടെ സംസാരിച്ചതും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ഉബൈദ് പറഞ്ഞു. പൂര്‍വ്വികന്മാര്‍ ഉപയോഗിച്ച വൃത്തങ്ങളെ മാത്രമേ അനുകരിക്കാവൂ എന്നുള്ള അന്ധവിശ്വാസത്തില്‍ കുടുങ്ങാതെ ഓരോ കാവ്യത്തിനും പുതുമ വരുത്തുവാന്‍ പരിശ്രമിക്കുന്നത് മാപ്പിളപ്പാട്ടുകളുടെ ഒരു പ്രത്യേകതയാണ്. ഈ വിഷയത്തില്‍ മാപ്പിളക്കവികള്‍ കാണിച്ച സ്വതന്ത്ര്യബോധം പ്രശംസനീയം തന്നെ. ശ്രോതാവിന്റെ കാതും കരളും ഒരുപോലെ രസിപ്പിക്കുകയായിരുന്നു കാവ്യത്തിന്റെ പരോമോദ്ദേശ്യം എന്ന തത്ത്വം പ്രായോഗികമാക്കുവാന്‍ മാപ്പിളക്കവികളെപ്പോലെ ഇതരഭാഷാകവികള്‍ക്കു സാധിച്ചിട്ടില്ല. ഇതരഭാഷാകവിതകളെ താരതമ്യം ചെയ്തുകൊണ്ട് മാപ്പിളപ്പാട്ടിന്റെ ചില മേന്മകള്‍ ഉദ്‌ഘോഷിക്കാന്‍ ഉബൈദ് തന്റെ പ്രസംഗത്തില്‍ ഒട്ടും മടികാണിച്ചിട്ടില്ല. പാരമ്പര്യകവികളെ അപേക്ഷിച്ച് മാപ്പിളകവികള്‍ കാണിച്ച പ്രശംസനീയമായ സ്വാതന്ത്ര്യബോധത്തിലും പുരോഗമനേഛുവായ ഉബൈദ് ഊറ്റംകൊണ്ടു. രസത്തിനും വിഷയത്തിനും അനുയോജ്യമായ രീതികള്‍ തിരഞ്ഞെടുക്കുന്നതിലും മാപ്പിളപ്പാട്ടുകാര്‍ ഇതരകവികളെ അതിശയിപ്പിച്ച കാര്യം ഉദാഹരണ സഹിതം ഉബൈദിവിടെ
അവതരിപ്പിച്ചു. മാപ്പിളപ്പാട്ടിനെപ്പറ്റി കൂടി പ്രതിപാദിക്കാത്ത മലയാളസാഹിത്യ ചരിത്രം അപൂര്‍ണ്ണമാണ്. എന്ന് ജി.ശങ്കരക്കുറുപ്പിനെക്കൊണ്ട് പറയിച്ചു എന്നതാണ് ആപ്രസംഗത്തിന്റെ പെട്ടെന്നുണ്ടായ ഫലം. അത് മലയാളഭാഷയ്ക്കും സാഹിത്യത്തിനും പകര്‍ന്നു നല്‍കിക്കൊണ്ടിരിക്കുന്ന ഊര്‍ജ്ജത്തിന് പരിസമാപ്തിയില്ല.

Related Articles
Next Story
Share it