ടി.എ. ഇബ്രാഹിം: നാലര പതിറ്റാണ്ടിനും മായ്ക്കാനാവാത്ത വ്യക്തിപ്രഭാവം
മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയും കാസര്‍കോടിന്റെ വികസന ശില്‍പിയുമായിരുന്ന ടി.എ. ഇബ്രാഹിം സാഹിബ് വിട്ട് പിരിഞ്ഞിട്ട് നാളേക്ക് (ആഗസ്റ്റ് 10) നാലര പതിറ്റാണ്ട്. കഴിഞ്ഞ 44 കൊല്ലവും കാസര്‍കോടന്‍ ജനത ടി.എ. ഇബ്രാഹിം സാഹിബിനെ ആദരവോടെ ഓര്‍മിക്കുകയും അദ്ദേഹത്തിന്റെ സേവനങ്ങളെ നിരന്തരം സ്മരിക്കുകയും ചെയ്യുന്നു. മരണപ്പെട്ടിട്ട് 45 വര്‍ഷമായിട്ടും ഒരുനാട് ഒരു നേതാവിനെ ഇത്രത്തോളം ആദരിക്കുന്നുവെങ്കില്‍ അദ്ദേഹം ജനമനസ്സുകളില്‍ അത്രമാത്രം പ്രിയങ്കരനായിരുന്നു എന്നതാണ് കാരണം.ദീര്‍ഘകാലം അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗിന്റെ വൈസ് പ്രസിഡണ്ടായും കാസര്‍കോട് […]
മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയും കാസര്‍കോടിന്റെ വികസന ശില്‍പിയുമായിരുന്ന ടി.എ. ഇബ്രാഹിം സാഹിബ് വിട്ട് പിരിഞ്ഞിട്ട് നാളേക്ക് (ആഗസ്റ്റ് 10) നാലര പതിറ്റാണ്ട്. കഴിഞ്ഞ 44 കൊല്ലവും കാസര്‍കോടന്‍ ജനത ടി.എ. ഇബ്രാഹിം സാഹിബിനെ ആദരവോടെ ഓര്‍മിക്കുകയും അദ്ദേഹത്തിന്റെ സേവനങ്ങളെ നിരന്തരം സ്മരിക്കുകയും ചെയ്യുന്നു. മരണപ്പെട്ടിട്ട് 45 വര്‍ഷമായിട്ടും ഒരുനാട് ഒരു നേതാവിനെ ഇത്രത്തോളം ആദരിക്കുന്നുവെങ്കില്‍ അദ്ദേഹം ജനമനസ്സുകളില്‍ അത്രമാത്രം പ്രിയങ്കരനായിരുന്നു എന്നതാണ് കാരണം.ദീര്‍ഘകാലം അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗിന്റെ വൈസ് പ്രസിഡണ്ടായും കാസര്‍കോട് […]
മുസ്ലിം ലീഗ് നേതാവും മുന്‍ എം.എല്‍.എയും കാസര്‍കോടിന്റെ വികസന ശില്‍പിയുമായിരുന്ന ടി.എ. ഇബ്രാഹിം സാഹിബ് വിട്ട് പിരിഞ്ഞിട്ട് നാളേക്ക് (ആഗസ്റ്റ് 10) നാലര പതിറ്റാണ്ട്. കഴിഞ്ഞ 44 കൊല്ലവും കാസര്‍കോടന്‍ ജനത ടി.എ. ഇബ്രാഹിം സാഹിബിനെ ആദരവോടെ ഓര്‍മിക്കുകയും അദ്ദേഹത്തിന്റെ സേവനങ്ങളെ നിരന്തരം സ്മരിക്കുകയും ചെയ്യുന്നു. മരണപ്പെട്ടിട്ട് 45 വര്‍ഷമായിട്ടും ഒരുനാട് ഒരു നേതാവിനെ ഇത്രത്തോളം ആദരിക്കുന്നുവെങ്കില്‍ അദ്ദേഹം ജനമനസ്സുകളില്‍ അത്രമാത്രം പ്രിയങ്കരനായിരുന്നു എന്നതാണ് കാരണം.
ദീര്‍ഘകാലം അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗിന്റെ വൈസ് പ്രസിഡണ്ടായും കാസര്‍കോട് താലൂക്ക് മുസ്ലിം ലീഗ് കമ്മിറ്റിയുടെ പ്രസിഡണ്ടും ജനറല്‍ സെക്രട്ടറിയായും കാസര്‍കോട് പഞ്ചായത്തിലും നഗരസഭയിലും വൈസ് പ്രസിഡണ്ടായും അംഗമായും എം.എല്‍.എയായും പ്രവര്‍ത്തിച്ചിട്ടുള്ള ഇബ്രാഹിം സാഹിബിന്റെ നിസ്വാര്‍ത്ഥ സേവനങ്ങളെ കാസര്‍കോട്ടെ ജനങ്ങള്‍ക്കും ലീഗ് പ്രവര്‍ത്തകര്‍ക്കും ഒരിക്കലും മറക്കാന്‍ കഴിയില്ല. അത് കൊണ്ട് തന്നെ മുസ്ലിം ലീഗിന്റെ എല്ലാ നേതൃ പഠനങ്ങളിലും ടി.എ. ഇബ്രാഹിം എന്ന നേതാവ് ചര്‍ച്ചയാവുന്നു. വൈറ്റ്ഗാര്‍ഡ് വളണ്ടിയര്‍ വിഭാഗത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ടി.എ. ഇബ്രാഹിം എന്ന വളണ്ടിയര്‍ ക്യാപ്റ്റന്‍ മോഡലായി മാറുന്നു. വികസന പ്രവര്‍ത്തനങ്ങളുടെ ആലോചനകളിലും പ്രവര്‍ത്തനങ്ങളിലും ഉദ്ഘാടന ചടങ്ങുകളിലും ടി.എ. ഇബ്രാഹിം എന്ന വികസന നായകന്‍ ചര്‍ച്ചയാകുന്നു. മത-സാമൂഹ്യ-സാംസ്‌കാരിക മേഖലകളിലെ എല്ലാ ചടങ്ങുകളിലും മികച്ച സാമൂഹ്യപ്രവര്‍ത്തകനും വായനക്കാരനുമായിരുന്ന ടി.എ. ഇബ്രാഹിം ഓര്‍ത്തെടുക്കപ്പെടുന്നു. രാഷ്ട്രീയ തന്ത്രങ്ങളുടെ ചര്‍ച്ചാ വേദിയില്‍ ടി.എ. ഇബ്രാഹിം ഇപ്പോഴും മാതൃകയാവുന്നു.
1970-78 കാലഘട്ടത്തില്‍ മുസ്ലിം ലീഗിന്റെ നയരൂപീകരണങ്ങള്‍ക്ക് ബുദ്ധിപരമായ നിലയില്‍ നേതൃത്വം നല്‍കിയിരുന്ന സംസ്ഥാന മുസ്ലിം ലീഗിന്റെ നേതൃനിരയില്‍ ടി.എ. ഇബ്രാഹിം സാഹിബിനും സ്ഥാനമുണ്ടായിരുന്നു. ജില്ലയിലെ മുസ്ലിം ലീഗില്‍ മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ മുതിര്‍ന്ന നേതാക്കളെയെല്ലാം വളര്‍ത്തി കൊണ്ട് വന്നത് ഇബ്രാഹിംച്ചയായിരുന്നു. 1977ല്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുസ്ലിം ലീഗിന്റെ 15 സ്ഥാനാര്‍ത്ഥികളെ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. കൂടെ സി.എച്ചും ബി.വി. അബ്ദുല്ലക്കോയയുമുണ്ടായിരുന്നു. ഒരിടത്തെ സ്ഥാനാര്‍ത്ഥിയെ മാത്രം പ്രഖ്യാപിച്ചില്ല. അത് കാസര്‍കോട്ടെ സ്ഥാനാര്‍ത്ഥിയെയായിരുന്നു. അത് പിന്നീട് പ്രഖ്യാപിക്കുന്നതാണെന്ന് ശിഹാബ് തങ്ങള്‍ പറഞ്ഞു. സത്യത്തില്‍ കാസര്‍കോട് സീറ്റില്‍ മത്സരിപ്പിക്കാന്‍ മുസ്ലിം ലീഗിന് ഒരേ ഒരു സ്ഥാനാര്‍ത്ഥിയേയുണ്ടായിരുന്നുള്ളൂ. നേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കുമെല്ലാം ഏകാഭിപ്രായമുള്ള ഒരാള്‍ അത് ടി.എ. ഇബ്രാഹിം സാഹിബായിരുന്നു. പക്ഷെ, ഒരാള്‍ മാത്രം അതിനെതിരായിരുന്നു. അത് ടി.എ. ഇബ്രാഹിം സാഹിബായിരുന്നു എന്നത് ചരിത്രം. സ്ഥാനങ്ങള്‍ക്ക് വേണ്ടി അദ്ദേഹം ആരുടെയും പുറകെ പോയിട്ടില്ല. കാസര്‍കോട് മത്സരിക്കണമെന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നിര്‍ബന്ധപൂര്‍വ്വമായ ആവശ്യം വളരെ വൈമനസ്യത്തോടെയാണ് ഇബ്രാഹിംച്ച സ്വീകരിച്ചത്. മുസ്ലിം ലീഗ് സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാതിരുന്ന കാസര്‍കോട് മണ്ഡലത്തില്‍ പാര്‍ട്ടിയുടെ ഏണി ചിഹ്നത്തില്‍ മത്സരിച്ച് ടി.എ. ഇബ്രാഹിം വിജയിച്ച് ചരിത്രം സൃഷ്ടിച്ചു.
1923ല്‍ ജനിച്ച് 1978 ആഗസ്റ്റ് 10നാണ് അദ്ദേഹം വിട പറഞ്ഞത്. വെറും 55 വയസ് വരെ മാത്രമാണ് ജീവിച്ചത്. നൂറ്റാണ്ടുകള്‍ കൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്ത് തീര്‍ത്താണ് അദ്ദേഹം വിട പറഞ്ഞത്. ഇബ്രാഹിംച്ച ലീഗുണ്ടാക്കാന്‍ ഓടി നടന്നിരുന്നത്, മുസ്ലിം ലീഗില്‍ ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചാലും ഒരു പഞ്ചായത്ത് മെമ്പര്‍ പോലും ആകാന്‍ കഴിയില്ലെന്ന് വിശ്വസിച്ചിരുന്ന കാലത്താണ്. കാസര്‍കോട് താലൂക്കില്‍ വടക്കന്‍ മേഖലയായ മഞ്ചേശ്വരം നിയോജക മണ്ഡലത്തിന്റെ മുക്കും മൂലയിലും കിഴക്കന്‍ മേഖലയിലും മുസ്ലിം ലീഗുണ്ടാക്കാന്‍ നേതൃത്വം നല്‍കിയത് ഇബ്രാഹിംച്ചയായിരുന്നു.
1977ല്‍ കോഴിക്കോട് നടന്ന മുസ്ലിം ലീഗിന്റെ ചരിത്ര സമ്മേളനത്തിനുള്ള വളണ്ടിയര്‍മാര്‍ക്ക് കാസര്‍കോട് മേഖലയില്‍ പരിശീലനം നല്‍കിയത് ഇബ്രാഹിംച്ചയായിരുന്നു. പട്ടാളക്കാരനായിരുന്ന ടി.എ. ഇബ്രാഹിം സാഹിബ് പട്ടാള ചിട്ടയോട് കൂടിയാണ് മുസ്ലിം ലീഗില്‍ പ്രവര്‍ത്തിച്ചത്. അച്ചടക്ക ലംഘനം അദ്ദേഹം ഒരിക്കലും വെച്ചുപൊറുപ്പിച്ചിരുന്നില്ല. അത് കൊണ്ട് തന്നെയാണ് മുസ്ലിം ലീഗിന്റെ പിളര്‍പ്പിന്റെ കാലത്ത് സഹപ്രവര്‍ത്തകര്‍ മുഴുവന്‍ മറുഭാഗത്തായിട്ടുപോലും ഇബ്രാഹിം സാഹിബ് ഔദ്യോഗിക പക്ഷത്തിന്റെ നെടുംതൂണായി മാറിയത്. 1978 ജനുവരി 19ന് കാസര്‍കോട് നടന്ന മുസ്ലിം ലീഗ് താലൂക്ക് സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയര്‍മാന്‍ ഇബ്രാഹിംച്ചയായിരുന്നു. അദ്ദേഹത്തിന്റെ സ്വാഗത പ്രസംഗം അന്ന് പ്രിന്റ് ചെയ്ത് ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നു.
വായനക്കാരനായ രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. വായിക്കുക മാത്രമല്ല മറ്റുള്ളവരെ വായിപ്പിക്കുന്നതിന് വേണ്ടി അദ്ദേഹം പല പുസ്തകങ്ങളും പണം നല്‍കി വരുത്തിച്ച് പ്രിയപ്പെട്ടവര്‍ക്കു നല്‍കുമായിരുന്നു. അക്കഥകളൊക്കെ പരേതനായ കെ.എം. അഹ്മദ് മാഷും റഹ്മാന്‍ തായലങ്ങാടിയും പറയുന്നതും പ്രസംഗിക്കുന്നതും കേട്ടിട്ടുണ്ട്. തളങ്കരയിലെ ഏതാനും ചെറുപ്പക്കാര്‍ ഇബ്രാഹിംച്ചാനെ സമീപിച്ച് തളങ്കരയില്‍ ഒരു പോസ്റ്റ് ബോക്‌സ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു. ഇബ്രാഹിംച്ചയുടെ പ്രതികരണം ചെറുപ്പക്കാരെ അത്ഭുതപ്പെടുത്തി. നമുക്കെന്തിന് പോസ്റ്റ് ബോക്‌സ് നമുക്ക് ഒരു പോസ്റ്റ് ഓഫീസ് തന്നെ അനുവദിപ്പിക്കാമെന്നായിരുന്നു മറുപടി. ഒരു പൂവ് ചോദിച്ചപ്പോള്‍ ഒരു പൂന്തോട്ടം തന്നെ നല്‍കിയ പഴമൊഴിയെ അനുസ്മരിക്കുന്ന തരത്തിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ അജയ്യ ശക്തിയായി വളര്‍ത്തിയെടുക്കുകയും ഇന്ന് കാസര്‍കോട് കാണുന്ന മുഴുവന്‍ വികസനങ്ങള്‍ക്കും അടിത്തറ പാകുകയും ചെയ്ത ഇബ്രാഹിം സാഹിബ് വിട പറഞ്ഞിട്ട് 45വര്‍ഷമാവുമ്പോള്‍ ഇത്തവണ നമ്മുടെ സങ്കടം പിന്നേയും ഏറുന്നു. കഴിഞ്ഞ 44 വര്‍ഷങ്ങളിലും മുടങ്ങാതെ നടന്ന അനുസ്മരണ ചടങ്ങുകളില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ പുത്രന്‍ ടി.ഇ. അബ്ദുല്ലാസാഹിബ് നമ്മോടൊപ്പമില്ല. ടി.ഇ. അബ്ദുല്ലാസാഹിബ് ഇല്ലാത്ത ആദ്യത്തെ ടി.എ. ഇബ്രാഹിം അനുസ്മരണം മുസ്ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി ആഗസ്റ്റ് 12ന് ശനിയാഴ്ച കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിക്കുകയാണ്.
-എ. അബ്ദുല്‍ റഹ്മാന്‍