ന്യൂഡല്‍ഹി: രാജ്യദ്രോഹ കേസുകള്‍ മരവിപ്പിച്ച് സുപ്രീംകോടതിയുടെ ചരിത്ര വിധി. കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. പുനഃപരിശോധന വരെ രാജ്യദ്രോഹവകുപ്പ് പ്രയോഗിക്കരുതെന്നും സുപ്രീംകോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചു.
രാജ്യദ്രോഹ കേസുകള്‍ മരവിപ്പിക്കാനാവില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഇന്ന് രാവിലെ സുപ്രീംകോടതിയില്‍ നിലപാടെടുത്തത്. രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ തീരുമാനം എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ മാത്രമേ എടുക്കാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിക്കാമെന്നും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ മേല്‍നോട്ടം പ്രത്യേക സമിതിക്ക് വിടാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ രാജ്യദ്രോഹ കുറ്റം തടഞ്ഞുകൊണ്ട് സുപ്രീംകോടതിയുടെ മൂന്നംഗ ഡിവിഷന് ബെഞ്ച് ശ്രദ്ധേയമായ വിധി പ്രഖ്യാപിക്കുകയായിരുന്നു. നിലവില്‍ ജയിലിലുള്ളവരുടെ ജാമ്യാപേക്ഷ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
സുപ്രീംകോടതി വിധിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്ന ആര്‍ക്കെതിരേയും രാജ്യദ്രോഹ കേസുകള്‍ ചുമത്തി ജയിലിലടച്ചിടുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സുപ്രീംകോടതി വിധി വലിയൊരു പ്രഹരമായിരിക്കുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പ്രതികരിച്ചു. വിധിയെ സി.പി.ഐ നേതാവ് ബിനോയ് വിശ്വം സ്വാഗതം ചെയ്തു.