ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി: ബില്‍ക്കീസ് ബാനു കേസില്‍ പ്രതികളെ വിട്ടയച്ച നടപടി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ ജയിലില്‍ നിന്നു വിട്ടയച്ച നടപടി സുപ്രീംകോടതി റദ്ദാക്കി. പ്രതികള്‍ ജയിലിലേക്ക് പോകണമെന്ന് നിര്‍ദ്ദേശിച്ച കോടതി, തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചതെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്. അതിജീവിതയുടെ അവകാശങ്ങളും പ്രധാനമാണെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നു. സ്ത്രീകള്‍ക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി.പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്നും അവകാശമുണ്ടായിരുന്നത് […]

ന്യൂഡല്‍ഹി: ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ ജയിലില്‍ നിന്നു വിട്ടയച്ച നടപടി സുപ്രീംകോടതി റദ്ദാക്കി. പ്രതികള്‍ ജയിലിലേക്ക് പോകണമെന്ന് നിര്‍ദ്ദേശിച്ച കോടതി, തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചതെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്. അതിജീവിതയുടെ അവകാശങ്ങളും പ്രധാനമാണെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. സ്ത്രീ ബഹുമാനം അര്‍ഹിക്കുന്നു. സ്ത്രീകള്‍ക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങള്‍ക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും ജസ്റ്റിസ് നാഗരത്‌ന ചൂണ്ടിക്കാട്ടി.
പ്രതികളെ വിട്ടയക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അവകാശമില്ലെന്നും അവകാശമുണ്ടായിരുന്നത് വിചാരണ നടന്ന മഹാരാഷ്ട്ര സര്‍ക്കാരിനെന്നും കോടതി നിരീക്ഷിച്ചു. ബില്‍ക്കീസ് ബാനു നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്നും കോടതി വ്യക്തമാക്കി. ശിക്ഷ പ്രതികാര നടപടി അല്ലെന്നാണ് പ്ലേറ്റോ പറഞ്ഞത്. ശിക്ഷാ നടപടി ഒരു മരുന്നാണ്. ഒരു കുറ്റവാളിക്ക് മാറ്റമുണ്ടാകണമെങ്കില്‍ അയാള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കണം. ഈ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഹര്‍ജി പരിഗണിച്ചത്. എന്നാല്‍ ബില്‍ക്കീസ് അനുഭവിച്ച ക്രൂരത കൂടി കണക്കില്‍ എടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഒരു പ്രതിക്ക് ഇളവ് നല്‍കാവുന്നത് പരിശോധിക്കാനുള്ള സുപ്രീകോടതിയുടെ തന്നെ മുന്‍ ഉത്തരവിനോടും ബെഞ്ച് വിയോജിച്ചു. കുറ്റകൃത്യം നടന്ന സ്ഥലമോ ജയിലില്‍ വാസം അനുഭവിച്ച സ്ഥലമോ ഏത് എന്നത് ഇളവ് നല്‍കാന്‍ കാരണമല്ല. ഗുജറാത്ത് സര്‍ക്കാരിന് ഇളവ് നല്‍കാമെന്ന് ഒരു പ്രതിയുടെ കേസില്‍ സുപ്രീംകോടതി വിധിച്ചത് ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.
2002ലെ ഗുജറാത്ത് കലാപത്തിനിടെ ബില്‍ക്കീസ് ബാനുവിനെ സംഘം ചേര്‍ന്നു പീഡിപ്പിക്കുകയും 7 കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്ത കേസില്‍ 11 പ്രതികള്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു.
2022ല്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇവരെ മോചിപ്പിച്ചതിനെതിരെ ബില്‍ക്കീസ് ബാനുവും സി.പി.എം നേതാവ് സുഭാഷിണി അലിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും നല്‍കിയ ഹര്‍ജികളിലാണു കോടതി വിധി പറഞ്ഞത്.
ജസ്വന്ത്ഭായ്, ഗോവിന്ദ്ഭായ്, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിന്‍ചന്ദ്ര ജോഷി, കേസര്‍ഭായ് വൊഹാനിയ, പ്രദീപ് മൊറാദിയ, ബക്ഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദ്രാന എന്നിവരാണ് പ്രതികള്‍. 15 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് മാപ്പുനല്‍കി വിട്ടയച്ചത്. ഗുജറാത്ത് കലാപത്തിനിടെ നടന്ന ക്രൂര സംഭവങ്ങളിലൊന്നിലെ പ്രതികളെ വിട്ടയച്ചതിനെതിരെ വ്യാപകപ്രതിഷേധവും ഉയര്‍ന്നിരുന്നു. മുംബൈയിലെ സി.ബി.ഐ പ്രത്യേക കോടതിയാണ് 2008 ജനുവരി 21ന് ഇവരെ ശിക്ഷിച്ചത്.
15 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തടവുകാരിലൊരാള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വിഷയം പരിഗണിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് പഞ്ചമഹല്‍സ് കലക്ടര്‍ സുജാല്‍ മായാത്രയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. ഈ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Related Articles
Next Story
Share it