ന്യുഡെല്‍ഹി: കേരളത്തില്‍ പ്ലസ് വണ്‍ പരീക്ഷകള്‍ ഓഫ്ലൈനായി നടത്താനുള്ള തീരുമാനം റദ്ദാക്കണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷകള്‍ കോവിഡ് മാനദണ്ഡം പാലിച്ച് ഓഫ്ലൈനായി നടത്താമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്.
നീറ്റ് പരീക്ഷയും ഓഗസ്റ്റില്‍ ടെക്നിക്കല്‍ പരീക്ഷയും വിജയകരമായി നടത്തിയ സാഹചര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷയും നടത്താന്‍ കഴിയുമെന്ന് സര്‍ക്കാര്‍ വാദിച്ചു. നേരത്തെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും മൂന്നാം തരംഗത്തിന്റെ ഒരു ഭീഷണി ഇന്ത്യയില്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ അത്തരമൊരു ഭീഷണി നിലനില്‍ക്കുന്നില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതായി കോടതി വ്യക്തമാക്കി.
എന്നാല്‍ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച കണക്കുകളില്‍ തെറ്റുണ്ടെന്നാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. തെറ്റ് വ്യക്തമാക്കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും ഹര്‍ജിക്കാര്‍ കൂടുതല്‍ സമയം തേടുകയായിരുന്നു. ഇത് നിരസിച്ചാണ് കോടതി ഹര്‍ജികള്‍ തള്ളിയത്. നേരത്തെ സെപ്റ്റംബര്‍ ഏഴ് മുതല്‍ പരീക്ഷ നടത്താനായിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.