ന്യൂഡല്‍ഹി: പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മ്മക്കെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. നൂപുര്‍ ശര്‍മ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട കോടതി, ഉദയ്പൂര്‍ സംഭവത്തിന് ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്നും കുറ്റപ്പെടുത്തി. കോടതി പരിഗണനയിലുള്ള വിഷയം ടി.വി ചാനലില്‍ ചര്‍ച്ച ചെയ്തത് എന്തിനെന്ന് ചോദിച്ച സുപ്രീംകോടതി, നൂപുര്‍ ശര്‍മ്മ പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയെന്നും രാജ്യത്തോട് മാപ്പ് പറയണമായിരുന്നുവെന്നും രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്നും കുറ്റപ്പെടുത്തി.
പൊലീസ് അന്വേഷണത്തെ പരിഹസിച്ച കോടതി, നൂപുര്‍ ശര്‍മ്മക്ക് ചുവന്ന പരവതാനി കിട്ടിക്കാണുമെന്നും വിമര്‍ശിച്ചു. അറസ്റ്റ് നടക്കാത്തത് നൂപുറിന്റെ സ്വാധീനം വ്യക്തമാക്കുന്നതാണെന്നും കോടതി കുറ്റപ്പെടുത്തി. തനിക്കെതിരായ കേസുകള്‍ ഒന്നിച്ച് ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുര്‍ ശര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു രൂക്ഷ വിമര്‍ശനം. വിവിധ സംസ്ഥാനങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് നൂപുര്‍ ശര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചത്. ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ പല സംസ്ഥാനങ്ങളിലേക്ക് പോകാന്‍ കഴിയില്ലെന്നും കേസുകള്‍ ഒന്നിച്ച് ഡല്‍ഹി പൊലീസിന്റെ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരണമെന്നുമായിരുന്നു നൂപുര്‍ ശര്‍മ്മയുടെ ആവശ്യം. ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് നൂപുര്‍ ശര്‍മ്മ ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജി പരിഗണിക്കാന്‍ മനസാക്ഷി അനുവദിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.
മെയ് 28ന് നുപുര്‍ ശര്‍മ്മ ഒരു ടെലിവിഷന്‍ വാര്‍ത്താ ചര്‍ച്ചയില്‍ പ്രവാചകന് മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ പരാമര്‍ശം രാജ്യത്തിന് പുറത്തുനിന്നും വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു.