കുളിര് പകര്‍ന്ന് വേനല്‍മഴ; നഷ്ടം വിതച്ച് കാറ്റും ഇടിമിന്നലും

കാസര്‍കോട്: കടുത്ത വേനല്‍ ചൂടിനിടെ എത്തിയ മഴ കുളിര് പകര്‍ന്നെങ്കിലും ഇടിമിന്നലും കാറ്റും പരക്കെ നാശനഷ്ടം വിതച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് ജില്ലയില്‍ മിക്ക ഭാഗങ്ങളിലും മഴയുണ്ടായത്. പലയിടത്തും ഒരു മണിക്കൂറിലേറെ മഴയുണ്ടായി. കാസര്‍കോട് കൂഡ്‌ലുവില്‍ 39.5 മില്ലിമീറ്ററും പിലിക്കോട് 22 മില്ലിമീറ്ററും വെള്ളരിക്കുണ്ട് ഭാഗത്ത് 17 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്. അതേസമയം ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. ദേശീയപാതയില്‍ മൊഗ്രാല്‍ കൊപ്രബസാറില്‍ മരം വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഓട്ടോറിക്ഷക്ക് മുകളിലാണ് […]

കാസര്‍കോട്: കടുത്ത വേനല്‍ ചൂടിനിടെ എത്തിയ മഴ കുളിര് പകര്‍ന്നെങ്കിലും ഇടിമിന്നലും കാറ്റും പരക്കെ നാശനഷ്ടം വിതച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് ജില്ലയില്‍ മിക്ക ഭാഗങ്ങളിലും മഴയുണ്ടായത്. പലയിടത്തും ഒരു മണിക്കൂറിലേറെ മഴയുണ്ടായി. കാസര്‍കോട് കൂഡ്‌ലുവില്‍ 39.5 മില്ലിമീറ്ററും പിലിക്കോട് 22 മില്ലിമീറ്ററും വെള്ളരിക്കുണ്ട് ഭാഗത്ത് 17 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്. അതേസമയം ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. ദേശീയപാതയില്‍ മൊഗ്രാല്‍ കൊപ്രബസാറില്‍ മരം വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഓട്ടോറിക്ഷക്ക് മുകളിലാണ് മരം വീണത്. ഓട്ടോ തകര്‍ന്നു. കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മരം നീക്കിയത്. പലയിടത്തും വൈദ്യുതി തൂണുകളും തകര്‍ന്നു. ജില്ലയിലെ മിക്ക ഭാഗങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.


കോട്ടച്ചേരി തെക്കേപുറത്തെ അശോകന്റെ ഓടു പാകിയ വീടിന് മരം വീണു. മൂലക്കണ്ടം, വെള്ളിക്കോത്ത്, കല്യാണ്‍ റോഡ് മുത്തപ്പന്‍തറ എന്നിവിടങ്ങളില്‍ മരം വീണ് ആറ് വൈദ്യുതി തുണുകള്‍ തകര്‍ന്നു. വിവിധയിടങ്ങളില്‍ മരങ്ങളും വൈദ്യുതകമ്പികളും പൊട്ടി വീണു. അമ്പലത്തറ, നെല്ലിത്തറ ഭാഗങ്ങളില്‍ ഗെയില്‍ പൈപ്പിടുന്നതിനായി കുഴിച്ച കുഴിയിലൂടെ മഴവെളളം കുത്തിയൊലിച്ച് കല്ലും മണ്ണും റോഡിലേക്കെത്തി. അഗ്‌നിരക്ഷാ സേനനയും സിവില്‍ ഡിഫന്‍സും നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.
കരിന്തളത്തും കാറ്റിലും മഴയിലും വ്യാപകനാശനഷ്ടമുണ്ടായി. പാറക്കോലിലെ പി.കെ. രാജന്‍ മാസ്റ്ററുടെ ഓട് മേഞ്ഞ വീടിന് തെങ്ങ് പൊട്ടി വീണ് പൂര്‍ണമായും തകര്‍ന്നു. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. തലയടുക്കത്തെ കെ. ദേവകിയമ്മയുടെ വീടിന് മിന്നലേറ്റ് ഭാഗികമായി നശിച്ചു. വയറിങ്ങും മീറ്ററുകളും ചുവരുകളും ജനാലകളും നശിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.
കുമ്പള കഞ്ചിക്കട്ടയില്‍ ഇടിമിന്നലേറ്റ് വീട്ടിലെ വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു. തെങ്ങ് നശിച്ചു. കഞ്ചിക്കട്ട മളിയിലെ കൂലിപ്പണിക്കാരന്‍ സുരേഷ് താമസിക്കുന്ന വാടകക്കുള്ള ഓട് പാകിയ വീട്ടിലാണ് നാശനഷ്ടമുണ്ടായത്.
ശക്തമായ കാറ്റില്‍ വൈദ്യുതി തൂണ്‍ ഒടിഞ്ഞ് വീണ് കാര്‍ തകര്‍ന്നു.
ഉപ്പള ഹിദായത്ത് നഗര്‍ മദക്കം അഷ്‌റഫലിയുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറിന് മുകളിലേക്കാണ് സമീപത്തെ വൈദ്യുതി തൂണ്‍ ഒടിഞ്ഞുവീണത്. രാത്രി എട്ട് മണിയോടെയാണ് സംഭവം.
നിര്‍മ്മാണത്തിലിരിക്കുന്ന കള്‍വര്‍ട്ടിന്റെ ഒരു ഭാഗം മഴയെ തുടര്‍ന്ന് തകര്‍ന്നു. കുമ്പള-മുള്ളേരിയ റോഡ് വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന കള്‍വര്‍ട്ടിന്റെ ഒരു ഭാഗമാണ് ഇന്നലെ രാത്രി തകര്‍ന്നത്. ഇതിന് സമീപത്തായി റോഡില്‍ ഉയരം കൂട്ടുന്നതിനിട്ട മണ്ണ് ഒലിച്ചുപോയി. ചില വീടുകളുടെ മുറ്റത്ത് മണ്ണ് കെട്ടിക്കിടക്കുകയാണ്.

Related Articles
Next Story
Share it