എ.ഡി.എമ്മിന്റെ ആത്മഹത്യ

കണ്ണൂരില്‍ നിന്നും പത്തനംതിട്ടയിലേക്കുള്ള സ്ഥലം മാറ്റം ലഭിച്ച എ.ഡി.എം. ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേരളമൊട്ടുക്കും പ്രതിഷേധം കത്തിപ്പടരുകയാണ്. എ.ഡി.എം. നവീന്‍ബാബുവാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പരസ്യമായി നടത്തിയ അധിക്ഷേപം സഹിക്കാനാകാതെ ജീവനൊടുക്കിയത്. എ.ഡി.എമ്മിനുള്ള യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ എ.ഡി.എം നവീന്‍ബാബുവിനെതിരെ പരസ്യമായി അഴിമതിയാരോപണം ഉന്നയിക്കുകയും വ്യക്തിഹത്യ നടത്തുന്നവിധം പെരുമാറുകയും ചെയ്തതാണ് നിര്‍ഭാഗ്യകരമായ സംഭവത്തിലേക്ക് വഴിതെളിച്ചതെന്നാണ് വിമര്‍ശനമുയരുന്നത്. പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്നാണ് എ.ഡി.എമ്മിനെതിരെ […]

കണ്ണൂരില്‍ നിന്നും പത്തനംതിട്ടയിലേക്കുള്ള സ്ഥലം മാറ്റം ലഭിച്ച എ.ഡി.എം. ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേരളമൊട്ടുക്കും പ്രതിഷേധം കത്തിപ്പടരുകയാണ്. എ.ഡി.എം. നവീന്‍ബാബുവാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പരസ്യമായി നടത്തിയ അധിക്ഷേപം സഹിക്കാനാകാതെ ജീവനൊടുക്കിയത്. എ.ഡി.എമ്മിനുള്ള യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായെത്തിയ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ എ.ഡി.എം നവീന്‍ബാബുവിനെതിരെ പരസ്യമായി അഴിമതിയാരോപണം ഉന്നയിക്കുകയും വ്യക്തിഹത്യ നടത്തുന്നവിധം പെരുമാറുകയും ചെയ്തതാണ് നിര്‍ഭാഗ്യകരമായ സംഭവത്തിലേക്ക് വഴിതെളിച്ചതെന്നാണ് വിമര്‍ശനമുയരുന്നത്. പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്നാണ് എ.ഡി.എമ്മിനെതിരെ ഉയര്‍ന്നുവന്ന ആരോപണം. ഇതുസംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് പരാതി ലഭിച്ചിരുന്നുവെന്നതും വസ്തുതയാണ്. എന്നാല്‍ ഇത്തരമൊരു പരാതിക്ക് തെളിവുകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തില്‍ ഇപ്പോഴും ഇതൊരു ആരോപണം മാത്രമായി നിലനില്‍ക്കുകയാണ്. എ.ഡി.എം. കൈക്കൂലി വാങ്ങിയെന്നു പറയുമ്പോള്‍ അതിന് സാക്ഷികളൊന്നുമില്ല. സാധാരണ ഗതിയില്‍ ഒരുദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുമ്പോള്‍ തെളിവ് സഹിതം വിജിലന്‍സിനെക്കൊണ്ട് പിടിപ്പിക്കുകയാണ് ചെയ്യാറുള്ളത്. അങ്ങനെ കൃത്യമായ തെളിവുകളോടെയാണ് ഉദ്യോഗസ്ഥനെ വിചാരണ ചെയ്ത് ശിക്ഷിക്കാറുള്ളത്. തെളിവുകള്‍ അപര്യാപ്തമായാല്‍ ഉദ്യോഗസ്ഥന്‍ കുറ്റവിമുക്തനാക്കപ്പെട്ടുവെന്നുവരാം. എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന് പരാതി നല്‍കിയ ആള്‍ പറയുമ്പോള്‍ ഇതിന് വേറെ തെളിവൊന്നും കാണുന്നില്ല. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയിട്ടുമില്ല. കൈക്കൂലി വാങ്ങുമ്പോള്‍ തന്നെ ഉദ്യോഗസ്ഥനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള സാഹചര്യമുണ്ടാക്കുന്നതിന് പകരം പിന്നീട് പരാതി നല്‍കിയതെന്തിനെന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. അഴിമതിയാരോപണം സംബന്ധിച്ച് പരാതി മാത്രമുള്ള സ്ഥിതിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഇതേക്കുറിച്ചുള്ള വസ്തുതകള്‍ അന്വേഷിക്കാതെ എ.ഡി.എമ്മിനെ പരസ്യമായി അപമാനിക്കാന്‍ വേണ്ടി മാത്രം എന്തിന് യാത്രയയപ്പ് യോഗത്തിന് പോയെന്ന പൊതുസമൂഹത്തിന്റെ ചോദ്യം പ്രസക്തമാണ്. ഇനി ഒരു ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടെങ്കില്‍ പോലും ഇത്തരം ചടങ്ങുകളില്‍ പോയി വൈകാരികപ്രകടനം നടത്തുന്നത് ഒരു ജനപ്രതിനിധിക്കും ചേര്‍ന്ന സ്വഭാവമല്ല. വളരെ അപക്വമായ പെരുമാറ്റങ്ങള്‍ ജനപ്രതിനിധികളുടെ അന്തസുതന്നെ കെടുത്തുമെന്ന് ഈ സംഭവം തെളിയിക്കുന്നു. നവീന്‍ബാബു കാസര്‍കോട്ടും എ.ഡി.എമ്മായി സേവനമനുഷ്ഠിച്ചിരുന്നു. ഒരു തരത്തിലുള്ള പരാതിയും ഇവിടെ നവീന്‍ബാബുവിനെതിരെ ഉയര്‍ന്നിരുന്നില്ല. മന്ത്രി വി.കെ രാജനും നവീന്‍ബാബു നല്ല സ്വഭാവത്തിനുടമയാണെന്ന് പറയുന്നു. പത്തനംതിട്ട ജില്ലക്കാരും നവീന്‍ബാബു നല്ല ഉദ്യോഗസ്ഥനാണെന്ന് പറയുന്നു. അപ്പോള്‍ ഒരു ജനപ്രതിനിധിക്ക് മാത്രം നവീന്‍ബാബു എങ്ങനെയാണ് മോശക്കാരനായതെന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. മറ്റെന്തെങ്കിലും സ്വാര്‍ത്ഥതാല്‍പ്പര്യത്തിന് അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പരിവേഷം നല്‍കിയുള്ള ഇടപെടലുണ്ടായിട്ടുണ്ടോയെന്നതിനെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണമാണ് ആവശ്യമായിട്ടുള്ളത്.

Related Articles
Next Story
Share it