എഴുത്തിന്റെ എ.എസ്. ശൈലികള്‍

ഇക്കാലം മികച്ച എഴുത്തുകാരനും നല്ലൊരു 'പാട്ടെഴുത്ത്' നൈപുണ്യവുമായ എ.എസ്. മുഹമ്മദ് കുഞ്ഞി സ്‌കൂള്‍ പഠന കാലത്ത് തന്നെ തുടങ്ങി ഇന്നും എന്റെ ഓര്‍മ്മകളുടെ ആല്‍ബത്തില്‍ ചിതലരിക്കാതെ നില്‍ക്കുന്ന വ്യക്തിത്വമാണ്. 1983ല്‍ കാസര്‍കോട് വിട്ടതിന് ശേഷം 'ആരാമം' വനിതാ മാസിക എഡിറ്ററായി ജോലി ചെയ്യുമ്പോള്‍ കാസര്‍കോട് മേഖലകളിലെ വിവിധ വിഷയങ്ങള്‍ എ.എസ്. മുഹമ്മദ് കുഞ്ഞി എഴുതി തരികയും പ്രസിദ്ധീകരണത്തിന്റെ സാമ്പത്തിക ശേഷി മനസിലാക്കി കൊടുക്കുന്നതെന്തോ അത് വാങ്ങി സഹകരിക്കുകയുമുണ്ടായി. 'ആരാമം' റിട്ടയര്‍മെന്റിനുശേഷം തേജസ് ദിനപ്പത്രത്തിന്റെ മാഗസിന്‍ എഡിറ്ററായി സേവനം […]

ഇക്കാലം മികച്ച എഴുത്തുകാരനും നല്ലൊരു 'പാട്ടെഴുത്ത്' നൈപുണ്യവുമായ എ.എസ്. മുഹമ്മദ് കുഞ്ഞി സ്‌കൂള്‍ പഠന കാലത്ത് തന്നെ തുടങ്ങി ഇന്നും എന്റെ ഓര്‍മ്മകളുടെ ആല്‍ബത്തില്‍ ചിതലരിക്കാതെ നില്‍ക്കുന്ന വ്യക്തിത്വമാണ്.
1983ല്‍ കാസര്‍കോട് വിട്ടതിന് ശേഷം 'ആരാമം' വനിതാ മാസിക എഡിറ്ററായി ജോലി ചെയ്യുമ്പോള്‍ കാസര്‍കോട് മേഖലകളിലെ വിവിധ വിഷയങ്ങള്‍ എ.എസ്. മുഹമ്മദ് കുഞ്ഞി എഴുതി തരികയും പ്രസിദ്ധീകരണത്തിന്റെ സാമ്പത്തിക ശേഷി മനസിലാക്കി കൊടുക്കുന്നതെന്തോ അത് വാങ്ങി സഹകരിക്കുകയുമുണ്ടായി.
'ആരാമം' റിട്ടയര്‍മെന്റിനുശേഷം തേജസ് ദിനപ്പത്രത്തിന്റെ മാഗസിന്‍ എഡിറ്ററായി സേവനം അനുഷ്ടിക്കവേ എ.എസിന്റെ അകമഴിഞ്ഞ സഹകരണം അവിടെയും ലഭിക്കുകയുണ്ടായി. സത്യത്തില്‍ ഞാന്‍ ആദ്യം അറിയുന്നത് എ.എസ്. മുഹമ്മദ് കുഞ്ഞിയുടെ അനുജന്‍ നാടക പ്രേമി കൂടിയായ, ആ വിട പറഞ്ഞ നല്ലചെറുപ്പക്കാരനെയാണ്. അല്ലാഹു അവനെ വളരെ വേഗം വിളിച്ചു കളഞ്ഞു. ഉപരി പഠനത്തിനൊന്നും മെനക്കെടാതെ കൊച്ചുബാല്യത്തില്‍ ബോംബെയിലേക്ക് കടന്ന അവന്‍ ജീവിതം കരുപ്പിടിപ്പിച്ചു വരവെ അല്ലാഹുവിന്റെ വിളി കേട്ട് യാത്രയായി. മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ചതാണ് മരണ കാരണം.
അന്ന് എ.എസ്. ബോര്‍ഡ് ഹൈസ്‌കൂള്‍ വിട്ട് വിദ്യാനഗര്‍ കോളേജില്‍ ചേര്‍ന്ന നാളുകള്‍. ആത്മാര്‍ത്ഥതയുള്ള മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്നു എ.എസ്. അയാളുടെ പ്രതിഭാശേഷി മനസിലാക്കാനോ, സ്വന്തം വീടു നില്‍ക്കുന്ന മധൂരിനടുത്ത പ്രദേശത്ത് വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെ യശസാര്‍ജ്ജിച്ച ആ സാധുമനുഷ്യനെ ഭരണ കാലത്ത് എന്തെങ്കിലും നല്‍കി തുണയ്ക്കാനോ മുസ്ലിം ലീഗ് നേതൃത്വത്തിന് ആയില്ല. പഞ്ചായത്തില്‍ വാര്‍ഡ് മെമ്പറായി എന്നാണ് ഓര്‍മ്മ.
ഞാനും സാഹിത്യ വാരഫലം എം. കൃഷ്ണന്‍ നായരും കത്തിടപാടുകളിലൂടെ നല്ല ആത്മബന്ധമായിരുന്നു. ഞാന്‍ 'കുങ്കുമം' ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന കാലം. 'ചന്ദ്രിക' വാരാന്തപതിപ്പില്‍ എ.എസ്.മുഹമ്മദ് കുഞ്ഞിയുടെ ഒരു രചന (ഓര്‍മ്മ ശരിയാണെങ്കില്‍ ബോംബെ സംഗീതലോകത്തെ കുറിച്ചാണ്) വായിച്ച കൃഷ്ണന്‍ നായര്‍ സര്‍ പറഞ്ഞു.
'കാസര്‍കോട് സ്വദേശിക്ക് ഇത്ര നല്ല മലയാള ഭാഷാ ശൈലി ഇദംപ്രഥമം ആണ്. ഹനീഫ് കൊടുങ്ങല്ലൂര്‍-ചങ്ങനാശ്ശേരി ശൈലി ആര്‍ജ്ജിച്ചയാള്‍ ആണല്ലോ...'
കൃഷ്ണന്‍ നായര്‍ സര്‍ പൊതുവേ എഴുത്തിലും കത്തിടപാടുകളിലും നല്ല തൃപ്തി ഉള്ളവരെ, അവരുടെ രചനകളെ മാത്രേ അയവിറക്കാറുള്ളൂ.
കൃഷ്ണന്‍ നായര്‍ എ.എസിനെ പുകഴ്ത്തിയ കാര്യം ഞാന്‍ പി. അപ്പുക്കുട്ടന്‍ മാഷെ ഒരു കത്തെഴുത്തിലൂടെ തെര്യപ്പെടുത്തി. അവന്‍ മലയാളം ക്ലാസുകളില്‍ നല്ല നൈപുണ്യം പ്രദര്‍ശിപ്പിച്ച കുട്ടികളില്‍ ഒരാളായിരുന്നുവെന്ന് മാഷ് പറഞ്ഞു.
ഉവ്വ്. പി. അപ്പുക്കുട്ടന്‍ സ്വന്തം വിദ്യാര്‍ത്ഥികളില്‍ നല്ല മതിപ്പുള്ളവരെ മാത്രമേ ഈ മട്ടില്‍ ഓര്‍ക്കാറുള്ളൂ.
ഞാന്‍ 'ആരാമം' എഡിറ്റര്‍ ആയ കാലം. എ.എസ്. എഴുതി-
'ഹനീഫ്'
എന്റെ കഥാ സമാഹാരം പ്രകാശനം..
വരാമോ?
എനിക്ക് ആ തീയതികളില്‍ ഒരു ടെലിഫിലിം 'കൈരളി' ചാനലിന് വേണ്ടി തയ്യാര്‍ ചെയ്യുന്ന തിരക്കായിരുന്നു. അറ്റന്റര്‍ തപ്പാലുകള്‍ കൊണ്ടുവന്ന കൂട്ടത്തില്‍ എ.എസിന്റെ പോസ്റ്റ് കാര്‍ഡും ഉണ്ടായിരുന്നു.
ആ ടെലിഫിലിമില്‍ ഡബ്ബിംഗിനു വന്ന നരേന്ദ്രപ്രസാദ് നല്ല ലഹരിയില്‍ ഈ കാര്‍ഡ് പിടിച്ചുവാങ്ങി
'ഇവനാരടേയ്..'
കാര്‍ഡിലെ കയ്യക്ഷരത്തെ തഴുകി നരേന്ദ്ര പ്രസാദ് പറഞ്ഞു. 'നല്ല കയ്യക്ഷരം പക്വത ആര്‍ജ്ജിച്ചത്. ഈ മട്ടില്‍ കയ്യക്ഷരം ഞാന്‍ കണ്ടത് ഒ.എന്‍.വി. സാറിനു മാത്രം. ഇവന്റെ കഥകളൊന്നും മുഖ്യധാരയില്‍ കണ്ടിട്ടില്ലല്ലോ...'
ശരിയാണ്. എ.എസ്. മുഹമ്മദ് കുഞ്ഞിയുടെ കയ്യക്ഷരം സുന്ദരമാണ്. കെ.എം. അഹ്‌മദ് ഒരിക്കല്‍ ഒരു ഉപന്യാസം, മുബാറക് പ്രസില്‍ കണ്ട നേരം, എ.എസിനെ വിളിച്ച് പകര്‍ത്തി എഴുതിച്ചത് നല്ല ഓര്‍മ്മ.
കാസര്‍കോടന്‍ എഴുത്തുകാരെ ഞങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ കെ.എം. അഹ്‌മദ് പലപ്പോഴും കലവറയില്ലാതെ പറഞ്ഞിട്ടുണ്ട്. അവന്‍, ആ എ.എസ്. തനി മിടുക്കനാണ്. തലക്കനമില്ലാത്ത അക്ഷര സ്‌നേഹി.
നാഷണല്‍ ബുക്സ്റ്റാളില്‍ (ബസ്സ്റ്റാന്റ് ക്രോസ് റോഡ്) എ.എസ്. പലപ്പോഴും സാന്നിധ്യമാണ്. മാതൃഭൂമി ആവശ്യങ്ങള്‍ക്ക് കെ.എം. അഹ്‌മദ് ഇല്ലാത്ത അവസരങ്ങളില്‍ ഞാന്‍ കാസര്‍കോട് വിട്ട് യാത്ര ചെയ്യുമ്പോള്‍ എ.എസ്. ബുക്സ്റ്റാളില്‍വരും. ഞാന്‍ വരും വരെ ഇരിക്കും.
എ.എസ്., ഗ്രന്ഥകര്‍ത്താവായ വാര്‍ത്ത ആഹ്‌ളാദ പുരസ്സരം എന്നെ അറിയിച്ചു. കഥാ സമാഹാരം ആയിരുന്നു. കാസര്‍കോട് സാഹിത്യ വേദിയില്‍ സജീവമായിരുന്ന എ.എസിന്റെ ആ കൃതിക്ക് ഉത്തരദേശത്തില്‍ റിവ്യൂ വന്നതായി ഓര്‍മ്മയുണ്ട്. തന്നെയല്ല; ആ മധൂര്‍ കഥകള്‍ സംബന്ധിച്ച് കെ.ജി. റസാഖ് എന്ന ഗ്രന്ഥകാരന്‍ എന്നെ കാണാന്‍ കോഴിക്കോട്ടുവന്ന നാള്‍ ഏറെ പുകഴ്ത്തി പറയുകയുമുണ്ടായി.
സംഗീതജ്ഞരെ സംബന്ധിച്ച് അതും ഉത്തര- ദക്ഷിണേന്ത്യന്‍ ഖരാനകളെ ഇത്ര സനിഷ്‌കര്‍ഷം പഠിച്ചറിഞ്ഞ ഒരാള്‍ കാസര്‍കോട് താലൂക്കില്‍ വേറെയുണ്ടോ! ഞാന്‍ സൈഗള്‍ സംഗീതം ബാല്യം മുതലേ ആസ്വദിക്കുമെങ്കിലും എ.എസ്. മുഹമ്മദ് കുഞ്ഞിയുടെ എഴുത്തില്‍ നിന്നാണ് ആ മഹാ സംഗീതജ്ഞനെ 'എ ടു സെഡ്' ഗ്രഹിച്ചത്.
മറ്റെല്ലാ ദേശത്തും എന്ന പോലെ കാസര്‍കോട്ടും എഴുത്തുകാര്‍ക്കിടയില്‍ സവര്‍ണ-അവര്‍ണ ഭേദങ്ങള്‍ വേണ്ടത്രയുണ്ട്.
ബാലകൃഷ്ണന്‍ മാങ്ങാട് പുലര്‍ത്തിയിരുന്ന പ്രോത്സാഹന മാതൃകകള്‍ പില്‍ക്കാലം കാസര്‍കോട് ഉണ്ടായിട്ടില്ല എന്നാണെന്റെ പക്ഷം.

Related Articles
Next Story
Share it