പൊതുകുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവം; കണ്ണീരില്‍ മുങ്ങി ചെര്‍ക്കാപ്പാറ ഗ്രാമം

പെരിയ: പൊതുകുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ച സംഭവം ചെര്‍ക്കാപ്പാറ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ചെര്‍ക്കാപാറ സ്വദേശിയും പ്രവാസിയുമായ കെ രവീന്ദ്രനാഥിന്റെയും ഷിബയുടെയും മകന്‍ അമ്പാടി എന്ന നന്ദഗോപന്‍(15), മഞ്ഞങ്ങാട്ടെ ദിനേശന്‍-രേഷ്മ ദമ്പതികളുടെ ഏക മകന്‍ ദില്‍ജിത്ത്(14) എന്നിവരാണ് മരിച്ചത്. ദില്‍ജിത്ത് പെരിയ ഗവ.ഹൈസ്‌കൂളിലും, നന്ദഗോപന്‍ മാവുങ്കാലിലെ സെന്റ് ക്രൈസ്റ്റ് സ്‌കൂളിലുമാണ് പഠനം നടത്തിയിരുന്നത്. വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെയാണ് ഇരുവരെയും മരണം തട്ടിയെടുത്തത്. ഇന്നലെ വൈകിട്ട് 5.30 ഓടെ സര്‍ഗം ആര്‍ട്‌സ് ആന്റ്‌സ്‌പോര്‍ട്‌സ് […]

പെരിയ: പൊതുകുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ച സംഭവം ചെര്‍ക്കാപ്പാറ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ചെര്‍ക്കാപാറ സ്വദേശിയും പ്രവാസിയുമായ കെ രവീന്ദ്രനാഥിന്റെയും ഷിബയുടെയും മകന്‍ അമ്പാടി എന്ന നന്ദഗോപന്‍(15), മഞ്ഞങ്ങാട്ടെ ദിനേശന്‍-രേഷ്മ ദമ്പതികളുടെ ഏക മകന്‍ ദില്‍ജിത്ത്(14) എന്നിവരാണ് മരിച്ചത്.
ദില്‍ജിത്ത് പെരിയ ഗവ.ഹൈസ്‌കൂളിലും, നന്ദഗോപന്‍ മാവുങ്കാലിലെ സെന്റ് ക്രൈസ്റ്റ് സ്‌കൂളിലുമാണ് പഠനം നടത്തിയിരുന്നത്. വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെയാണ് ഇരുവരെയും മരണം തട്ടിയെടുത്തത്.
ഇന്നലെ വൈകിട്ട് 5.30 ഓടെ സര്‍ഗം ആര്‍ട്‌സ് ആന്റ്‌സ്‌പോര്‍ട്‌സ് ക്ലബ്ബിന് സമീപത്തുള്ള പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. അയല്‍വാസികളായ ഇരുവരും നേരത്തെ പെരിയാട്ടടുക്കത്തെ സെന്റ് മേരീസ് സ്‌കൂളിലാണ് പഠനം നടത്തിയിരുന്നത്. വൈകിട്ട് ഫുട്‌ബോള്‍ കളി കഴിഞ്ഞ ശേഷം ഇവരടക്കം നാലുകുട്ടികള്‍ കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടെ നന്ദഗോപനും ദില്‍ജിത്തും മുങ്ങിത്താഴുകയാണുണ്ടായത്.
ഇരുവരും വെള്ളത്തില്‍ മുങ്ങിയ വിവരം കൂടെയുള്ള കുട്ടികളാണ് പരിസരവാസികളെ അറിയിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസികളും കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളിലെ അഗ്‌നിരക്ഷാസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ദില്‍ജിത്തിനെ ആദ്യം കണ്ടെത്തി. നന്ദഗോപാലിനെ അഗ്‌നിരക്ഷാ ശമനസേനയും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് കണ്ടെടുത്തത്. ഇരുവരെയും ജില്ലാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെര്‍ക്കാപ്പാറയില്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കാറുള്ള രണ്ടുപേരും നാട്ടുകാര്‍ക്ക് സുപരിചിതരും പ്രിയങ്കരരുമാണ്. അപകടവിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് കുളത്തിന് സമീപം തടിച്ചുകൂടിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, സബ് കലക്ടര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി.എം രാമചന്ദ്രന്‍, പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം കുമാരന്‍ എന്നിവര്‍ ആസ്പത്രിയിലെത്തി. നന്ദഗോപന്‍ ക്രൈസ്റ്റ് സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിയും ദില്‍ജിത്ത് പെരിയ ഗവ.ഹൈസ്‌ക്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയുമാണ്. നന്ദഗോപന്റെ ഏക സഹോദരി നന്ദന(വിദ്യാര്‍ത്ഥിനി, സെന്റ് ക്രൈസ്റ്റ് സ്‌കൂള്‍).

Related Articles
Next Story
Share it