മംഗളൂരു: മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നതിന് അമ്മ വഴക്കുപറഞ്ഞതിന് ഒമ്പതാംക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. മംഗളൂരു കങ്കനാടി പടവ് ബി വില്ലേജിലെ കൊടിമുറയില്‍ റെഡ് ബ്രിക്സ് അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന ജഗദീഷിന്റെയും വിനയയുടെയും മകനായ ജ്ഞാനേഷ് (14) ആണ് മരിച്ചത്. മംഗളൂരു സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ജ്ഞാനേഷ്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ജ്ഞാനേഷ് അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് അമ്മ വഴക്ക് പറഞ്ഞിരുന്നു. കുളിച്ചിട്ട് വരാമെന്ന് പറഞ്ഞ് കുളിമുറിയിലേക്ക് പോയ ജ്ഞാനേഷ് ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് ജഗദീഷ് കുളിമുറിയുടെ ജനാലയില്‍ നിന്ന് നോക്കിയപ്പോഴാണ് ജ്ഞാനേഷിനെ സീലിങ്ങില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. താഴെ ഇറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു. കങ്കനാടി സിറ്റി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.