മൊഗ്രാലില്‍ തെരുവ് നായ്ക്കളുടെ പരാക്രമം രൂക്ഷം: വീട്ടുപകരണങ്ങളും വാഹനങ്ങളുടെ സീറ്റുകളും നശിപ്പിക്കുന്നു

മൊഗ്രാല്‍: മൊഗ്രാലിലും പരിസരങ്ങളിലും തെരുവ് നായ്ക്കളുടെ പരാക്രമം രൂക്ഷമാകുന്നു. വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊല്ലുന്നതിനൊപ്പം വീട്ടുപകരണങ്ങളും വാഹനങ്ങളിലെ സീറ്റുകളും നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. മൊഗ്രാലിലെ വിവിധ പ്രദേശങ്ങളിലായി പത്തോളം ആടുകളെയും നിരവധി കോഴികളെയുമാണ് തെരുവ് നായക്കൂട്ടം കൊന്നൊടുക്കിയത്. വളര്‍ത്തുമൃഗങ്ങളുടെ കൂട് തകര്‍ത്താണ് പരാക്രമം. വളര്‍ത്തു പൂച്ചകളെ പോലും നായ്ക്കള്‍ വെറുതെ വിടുന്നില്ല.മൊഗ്രാല്‍ റഹ്മത്ത് നഗര്‍, ബദ്‌രിയാ നഗര്‍, മൈമൂന്‍ നഗര്‍, ഖുത്ത്ബി നഗര്‍, സ്‌കൂളിന് സമീപം എന്നിവിടങ്ങളിലാണ് നായ്ക്കളുടെ ശല്യം ഏറെയുള്ളത്. വളര്‍ത്തു മൃഗങ്ങളെ കടിച്ചു കൊല്ലുന്നതോടൊപ്പം വീട്ടുമുറ്റത്ത് നിര്‍ത്തിയിടുന്ന ഓട്ടോറിക്ഷകളുടെ […]

മൊഗ്രാല്‍: മൊഗ്രാലിലും പരിസരങ്ങളിലും തെരുവ് നായ്ക്കളുടെ പരാക്രമം രൂക്ഷമാകുന്നു. വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊല്ലുന്നതിനൊപ്പം വീട്ടുപകരണങ്ങളും വാഹനങ്ങളിലെ സീറ്റുകളും നശിപ്പിക്കുന്നതും പതിവായിരിക്കുകയാണ്. മൊഗ്രാലിലെ വിവിധ പ്രദേശങ്ങളിലായി പത്തോളം ആടുകളെയും നിരവധി കോഴികളെയുമാണ് തെരുവ് നായക്കൂട്ടം കൊന്നൊടുക്കിയത്. വളര്‍ത്തുമൃഗങ്ങളുടെ കൂട് തകര്‍ത്താണ് പരാക്രമം. വളര്‍ത്തു പൂച്ചകളെ പോലും നായ്ക്കള്‍ വെറുതെ വിടുന്നില്ല.
മൊഗ്രാല്‍ റഹ്മത്ത് നഗര്‍, ബദ്‌രിയാ നഗര്‍, മൈമൂന്‍ നഗര്‍, ഖുത്ത്ബി നഗര്‍, സ്‌കൂളിന് സമീപം എന്നിവിടങ്ങളിലാണ് നായ്ക്കളുടെ ശല്യം ഏറെയുള്ളത്. വളര്‍ത്തു മൃഗങ്ങളെ കടിച്ചു കൊല്ലുന്നതോടൊപ്പം വീട്ടുമുറ്റത്ത് നിര്‍ത്തിയിടുന്ന ഓട്ടോറിക്ഷകളുടെ സീറ്റുകള്‍ കടിച്ചുവലിച്ച് നശിപ്പിക്കുകയും വീടുകളുടെ വരാന്തയിലുള്ള സോഫാ സെറ്റുകള്‍ അടക്കമുള്ളവ നശിപ്പിക്കുന്നതും പതിവായതോടെ പ്രദേശവാസികള്‍ ആശങ്കയിലാണ്. നായ്ക്കള്‍ നശിപ്പിച്ച സീറ്റുകള്‍ നന്നാക്കാന്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് 2000 രൂപ മുതല്‍ 4000 രൂപ വരെയാണ് ചെലവഴിക്കേണ്ടിവന്നത്.
നായ്ക്കളെ ഓടിച്ച് പിടികൂടാന്‍ നാട്ടുകാര്‍ പലപ്രാവശ്യം ശ്രമിച്ചെങ്കിലും രാത്രിയായതിനാല്‍ ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. നടപടിയെടുക്കേണ്ടവര്‍ കോടതിവിധിക്കായി കാത്തുനില്‍ക്കുന്നതും ദുരിതം വര്‍ധിപ്പിക്കുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
തെരുവുനായ ശല്യം വര്‍ധിച്ചതോടെ കഴിഞ്ഞവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തുവെങ്കിലും നിയന്ത്രണങ്ങളൊന്നും നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. വാക്‌സിനേഷന്‍ നല്‍കാനുള്ള പദ്ധതിയും വന്ധ്യംകരണവും ഫലം കണ്ടില്ല. പുനരധിവാസ ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പോലും മടിച്ചു നിന്നു. നായ്ക്കളെ കൊന്നൊടുക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

Related Articles
Next Story
Share it