ചെന്നൈ: പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ കത്തോലിക്കാ വൈദികന് മദ്രാസ് ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം. മറ്റുള്ള മതത്തെ അവഹേളിച്ചാല്‍ പുരോഹിതനായാലും നിയമനടപടി നേരിടണ്ടേവരുമെന്ന മുന്നറിയിപ്പാണ് ഹൈക്കോടതി നല്‍കിയത്. ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള ഒരു വ്യക്തിയുടെ തീരുമാനത്തെ ബഹുമാനിക്കണമെന്നും മതപരിവര്‍ത്തനം ഗ്രൂപ്പ് അജണ്ടയാകാന്‍ പാടില്ലെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു.
പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന കത്തോലിക്കാ വൈദികന്റെ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്റെ പരാമര്‍ശം. കഴിഞ്ഞ വര്‍ഷം ജൂലായില്‍ കന്യാകുമാരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പുരോഹിതനെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ വിസമ്മതിച്ച ജസ്റ്റിസ് സ്വാമിനാഥന്‍, ഒരു സുവിശേഷകന് മറ്റുള്ളവരുടെ മതത്തെയോ അവരുടെ മതവിശ്വാസങ്ങളെയോ അവഹേളിക്കാന്‍ കഴിയില്ലെന്നും ക്രിമിനല്‍ കേസുകളില്‍ നിന്ന് മുക്തി നേടാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.
സ്റ്റാന്‍ഡ്- അപ്പ് കൊമേഡിയന്‍മാര്‍ മറ്റുള്ളവരെ കളിയാക്കിയാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനാകില്ല. എന്നാല്‍ ഇത്തരത്തില്‍ പുരോഹിതന്‍മാര്‍ക്ക് ഇളവുകള്‍ നല്‍കാനാവില്ല. കൊമേഡിയന്മാരെ പോലെ പുരോഹിതന്മാര്‍ എന്തും പറയുന്നവരാകരുത്. ജസ്റ്റിസ് സ്വാമിനാഥന്‍ വിലയിരുത്തി.