കാസര്‍കോട്: ഇസ്ലാമിന്റെ യഥാര്‍ത്ഥ രൂപം പ്രവാചക ചര്യയിലൂടെയും അതിന്റെ സത്യസാക്ഷികളായ അനുയായികളുടെ മാതൃകയിലൂടെയുമാണ് പില്ക്കാല സമൂഹങ്ങള്‍ മനസ്സിലാക്കിയതെന്നും ആ പാരമ്പര്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമായ സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെന്നും പ്രസിഡണ്ട് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. സമസ്ത കാസര്‍കോട് ജില്ലാ കമ്മിറ്റി മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഉലമാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍.
ജനങ്ങള്‍ക്കിടയില്‍ മതമൂല്യങ്ങളെ കളങ്കമേല്ക്കാതെ കാത്തു സൂക്ഷിക്കുകയെന്ന വലിയ ഉത്തരവാദിത്വമാണ് പതിറ്റാണ്ടുകളായി സമസ്ത നിര്‍വഹിച്ചു വരുന്നത്. സമൂഹത്തിലെ എല്ലാവരുമായും സ്നേഹവും സൗഹൃദവും നിലനിര്‍ത്തി മുന്നോട്ട് പോവുകയെന്ന ക്രിയാത്മകമായ ശൈലിയാണ് സമസ്ത ഇതിനായി സ്വീകരിച്ചു വരുന്നത്. വിദ്വേഷവും നശീകരണ പ്രവണതയും സമസ്തയ്ക്ക് പരിചയമില്ല. പുതിയ തലമുറകളെ അതിന് പ്രാപ്തമാക്കാന്‍ വേണ്ടിയാണ് മദ്രസാ പ്രസ്ഥാനം ആരംഭിച്ചത്. ഇതിനകം 10600 ല്‍ പരം മദ്റസകള്‍ കേരളത്തിലും പുറത്തുമായി നടന്നു വരുന്നു. അത് പോലെ സമസ്തയ്ക്ക് നിലവില്‍ 15 ഓളം കീഴ് ഘടകങ്ങളുണ്ട്. സമൂഹത്തിലെ വിവിധ തട്ടുകളിലുള്ളവര്ക്കിടയില് ആ ദൗത്യം അഭംഗുരം നിര്‍വഹിക്കാന്‍ വേണ്ടിയാണിത്. അതിനാല്‍ ഇതിലെ തങ്ങള്‍ക്ക് അനുരൂപമായ ഓരോ ഘടകങ്ങളുമായി സഹകരിച്ചു സമസ്തയുടെ മുഖ്യധാരയുടെ ഭാഗമാകാന്‍ എല്ലാവരും മുന്നോട്ട് വരണമെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു.
ഉലമാ സമ്മേളനത്തിന് തുടക്കം കുറിച്ച് സമസ്തകേന്ദ്ര കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ട് യുഎം അബ്ദുല്‍ റഹ്മാന് മൗലവി പതാക ഉയര്‍ത്തി. എം.എസ് തങ്ങള്‍ മദനി പ്രാര്‍ത്ഥന നടത്തി. സമസ്ത ജില്ലാ പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി അല്‍ അസ്ഹരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുസ്സലാം ദാരിമി ആലമ്പാടി ആമുഖപ്രഭാഷണം നടത്തി. വിവിധ സെഷനുകള്‍ക്ക് അലവി ഫൈസി കുളപ്പറമ്പ്, എം ടി അബൂബക്കര്‍ ദാരിമി, മുജ്തബാ ഫൈസി ആനക്കര എന്നിവര്‍ നേതൃത്വം നല്കി. ജില്ലാ ട്രഷറര്‍ കെ ടി അബ്ദുല്ല ഫൈസി, വര്‍ക്കിങ്ങ് സെക്രട്ടറി ചെങ്കളം അബ്ദുല്ല ഫൈസി, മൊയ്തു മൗലവി പുഞ്ചാവി, സിദ്ദീഖ് നദ്വി ചേരൂര്‍, അബ്ബാസ് ഫൈസി പുത്തിഗെ, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിച്ചു. ജിഎസ് അബ്ദുല്‍ ഹമീദ് ദാരിമി നായന്മാര്മൂല, പി എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, സയ്യിദ് ഹുസൈന് തങ്ങള്‍ മാസ്തികുണ്ട്, ഇ പി ഹംസത്ത് സഅദി, സി എച്ച് ഖാലിദ് ഫൈസി ചേരൂര്‍, അബ്ദുല്‍ ഖാദര്‍ ബാഖവി മാണിമൂല, ഹാഷിം ദാരിമി ദേലംപാടി, താജുദ്ധീന്‍ ദാരിമി പടന്ന, ടി എച്ച് അബ്ദുല്‍ ഖാദര്‍ ഫൈസി, മജീദ് ബാഖവി തളങ്കര, സി കെ കെ മാണിയൂര്‍, റഷീദ് ബെളിഞ്ചം, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, എം എച്ച് മുഹമ്മദ്, അബ്ദുല്‍ ഖാദര്‍ സഅദി, ടി.വി അഹമ്മദ് ദാരിമി, അലി അക്ബര്‍ ബാഖവി, അബുല്‍ അക്രം മൗലവി, അബ്ദുല്‍ ഹമീദ് മദനി, ഫസല്‍ റഹ്മാന് ദാരിമി സ്വാലിഹ് മൗലവി ചൗക്കി, ഇബ്രാഹിം മുസ്ലിയാര് സംബന്ധിച്ചു.
പരിപാടിയില്‍ ജില്ലയിലെ പള്ളി ഖതീബുമാര്‍, ശരീഅത് കോളേജുകള്‍, പള്ളിദര്സുകള്, മദ്രസകള്‍ എന്നിവയിലെ പ്രധാന അധ്യാപകര്‍, മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍, ജംഇയ്യത്തുല്‍ ഉലമാ, മുഅല്ലിമീന്‍, മുദരിസീന്‍, ഖുതബാ നേതാക്കള്‍, പ്രവര്‍ത്തകര്‍ അടക്കമുള്ള 1000ല്‍ പരം പ്രതിനിധികള്‍ പങ്കെടുത്തു.