കാസര്‍കോട്: 29-ാമത് സംസ്ഥാന റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 2, 3 തീയ്യതികളില്‍ ബോവിക്കാനം-ഇരിയണ്ണി റോഡില്‍ നടക്കും. 14 ജില്ലകളില്‍ നിന്നും സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നുമായി 300 ഓളം താരങ്ങള്‍ വിവിധ കാറ്റഗറികളിലായി മത്സരിക്കും. ബോവിക്കാനം ടൗണില്‍ നിന്ന് അരകിലോമീറ്റര്‍ മാറി ബാവിക്കരയടുക്കം മുതല്‍ ഇരിയണ്ണിവരെയുള്ള 4 കിലോമീറ്റര്‍ റോഡാണ് മത്സരട്രാക്ക്. അനന്തു നാരായണന്‍, അനക്സിയ മറിയ തോമസ് തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും, നാഷണല്‍ ഗെയിംസ് ഉള്‍പ്പെടെ നിരവധി ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ ഒട്ടനവധി താരങ്ങളും മത്സരത്തില്‍ പങ്കെടുക്കും. ഡിസംബര്‍ ആദ്യവാരം ഒറീസയില്‍ നടക്കുന്ന ദേശീയ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള കേരള ടീമിനെ ഈ മത്സരത്തില്‍ നിന്ന് തിരഞ്ഞെടുക്കും.
1ന് വൈകിട്ട് 4ന് ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.വി. വിജയകുമാര്‍ പതാക ഉയര്‍ത്തും. 2ന് രാവിലെ 10 മണിക്ക് സാന്റി അഗസ്റ്റിന്‍ മത്സരം ഫ്‌ളാഗ് ഓഫ് ചെയ്യും. 11 മണിക്ക് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. മത്സരം ഉദ്ഘാടനം ചെയ്യും. 3ന് കലക്ടര്‍ കെ. ഇമ്പശേഖര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ചാമ്പ്യന്‍ഷിപ്പിന്റെ ജേഴ്‌സി സിനിമാനടനും ഡി.വൈ.എസ്.പിയുമായ സിബി തോമസ് പ്രകാശനം ചെയ്തു. പത്രസമ്മേളനത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ ബി.കെ നാരായണന്‍, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ എം. അച്യുതന്‍, കെ.വി വിജയകുമാര്‍, എസ്. വിനോദ്കുമാര്‍, സജീവന്‍ മടപ്പറമ്പത്ത്, കെ. ജനാര്‍ദ്ദനന്‍, മൂസ പാലക്കുന്ന്, രജിത്ത് കാടകം എന്നിവര്‍ പങ്കെടുത്തു.