പുത്തൂര്‍: കര്‍ണാടക പുത്തൂരില്‍ യുവതിയെ വീട്ടില്‍ അതിക്രമിച്ചുകടന്ന് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൂരിലെ പരേതനായ ഗുരുവയുടെ മകള്‍ ജയശ്രീ(23)യെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സുള്ള്യ കനകമജലു വില്ലേജിലെ മുഗെരു മാനെ സ്വദേശി അങ്കാരയുടെ മകന് ഉമേഷിനെ (24)യാണ് പുത്തൂര്‍ റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്ത്. ജനുവരി 17ന് രാവിലെ 11.30 മണിയോടെയാണ് സംഭവം. ജയശ്രീ വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ പ്രതി ഉമേഷ് അകത്ത് കയറി കുത്തുകയായിരുന്നു. ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റ ജയശ്രീയെ ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. ജയശ്രീയെ പ്രതി ഉമേഷ് നിരന്തരമായി ശല്യപ്പെടുത്താറുണ്ടായിരുന്നതായി ജയശ്രീയുടെ അമ്മ ഗിരിജ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. ജയശ്രീക്ക് ഉമേഷിനോട് താല്‍പ്പര്യമില്ലായിരുന്നു. ഇക്കാര്യം ഉമേഷിനോട് ജയശ്രീ വ്യക്തമായി പറഞ്ഞിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്രകോപിതനായാണ് ഉമേഷ് ജയശ്രീയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെ പുത്തൂര്‍ റൂറല്‍ സിഐ രവി ബി എസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഉമേഷ് എത്തിയ സ്കൂട്ടറും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കസ്റ്റഡിയിലെടുത്തു.