മൊഗ്രാല്‍: മൊഗ്രാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 1992-93 വര്‍ഷത്തെ എസ്.എസ്.എല്‍.സി ബാച്ച് മുപ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ത്രില്ലടിച്ച-93’ സെക്കന്‍ഡ് എഡിഷന് വ്യത്യസ്തതയാര്‍ന്ന പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി. മൊഗ്രാല്‍ കടപ്പുറം റയാന് റിസോര്‍ട്ടില്‍ രാവിലെ 10 മണിക്ക് ആരംഭിച്ച ക്ലാസ്മേറ്റ്സ് ആന്റ് ഫാമിലി മീറ്റ് രാത്രി 10 മണിയോടെയാണ് സമാപിച്ചത്. വിദ്യാലയ ജീവിതത്തിനിടെ മറക്കാനാവാത്ത അനുഭൂതികള്‍ സമ്മാനിച്ച ഹോട്ടല്‍ ടന്ട്ടണ, പോക്കര് സ്റ്റോര്‍ എന്നീ കടകളെ ഉടമകളായ പഴയ വ്യാപാരികളെ തന്നെ ഇരുത്തി അതേപടി പുനര്‍ജനിപ്പിച്ചു. എ.കെ.എം അഷ്റഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി. കെ അന്‍വര്‍ അധ്യക്ഷത വഹിച്ചു. റിട്ട. ഹെഡ്മാസ്റ്റര് എം. മാഹിന്‍ അധ്യാപന ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചു. ജി.വി.എച്ച്.എസ്.എസ് മൊഗ്രാല്‍ ഹെഡ്മാസ്റ്റര് മുഹമ്മദ് ബഷീര്‍ എം.എ, റഹന ഖലീല്‍ പ്രസംഗിച്ചു. യു.എം മുഹമ്മദലി ശിഹാബ് സ്വാഗതവും അബ്ദുല്‍ റഫീഖ് കെ നന്ദിയും പറഞ്ഞു. അധ്യാപകരമായ എം. മാഹിന്‍ മാസ്റ്റര്‍, അബ്ദുല്‍ ബഷീര്‍ എം.എ എന്നിവര്‍ക്ക് യഥാക്രമം ഉമ്മുഹബീബ, ഷരീഫ് പെര്‍വാഡ് എന്നിവര്‍ ഉപഹാരം സമര്‍പ്പിച്ചു. പഴയകാല വ്യാപാരികളായ ഹോട്ടല്‍ ടന്ട്ടണ ഉടമ അന്തിഞ്ഞി കണ്ണന് വളപ്പ്, പോക്കര് സ്റ്റോര്‍ ഉടമ കെ.വി അബൂബക്കര്‍ എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു. കുസൃതി ചോദ്യങ്ങളും കേക്ക് മുറിക്കലുമായി വൈകിട്ട് നാലുമണിക്ക് ആരംഭിച്ച ഫാമിലി മീറ്റില്‍ 200 ഓളം പേര് പങ്കെടുത്തു. പ്രതിനിധികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ചട്ടി പൊട്ടിക്കല്‍, കസേരകളി, കുപ്പിയില്‍ വെള്ളം നിറക്കല്‍, ബോള്‍ പാസിംഗ് തുടങ്ങിയ നാടന്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. കലാവിരുന്നില്‍ ഇബ്രാഹിം ഖലീല്‍, സ്കൂള്‍ ജീവിതകാലത്തെ മികച്ച ഗായികയായ ഫാത്തിമത്ത് ഫൗസിയ, വനിതാ വിഭാഗം കോഡിനേറ്റര്‍ ഉമ്മു ഹബീബ, ഷരീഫ് പെര്‍വാഡ്, ടി.എം ഫൈസ് തുടങ്ങിയവരും പ്രതിനിധികളുടെ കുടുംബാംഗങ്ങളും ഗാനമാലപിച്ചു. കുരുന്നു മക്കളുടെ നൃത്തവും അരങ്ങേറി. 10 മണിയോടെ ദേശീയഗാനമാലപിച്ച് പരിപാടികള്‍ സമാപിച്ചു. മുനീര്‍ കാവേരി, അബ്ദുല്ല ഗ്രീന്‍പീസ്, റഹീം, സൈനു റോയല്‍, ലത്തീഫ് എന്‍.എം, അതീഖ് റഹ്മാന്, എം.എസ് അബ്ദുല്ല, അഷ്റഫ് മുംബൈ, അബ്ദുല്ല കൊകൊ, സിദ്ദീഖ് കച്ചേരി, മൊയ്തീന് കുഞ്ഞി, ദിനേശ് അപ്പു, സിദ്ദീഖ് കൊടിയമ്മ, റഹ്മാന് എരിയാല്‍, സലീം കൊപ്പളം, മജീദ് കെ, ഷംസുദ്ദീന് ബി.കെ, ഷരീഫ് കൊപ്രബസാര്‍ നേതൃത്വം നല്കി.