ശ്രീരംഗപട്ടണം: ബാക്കിയായ ചരിത്രത്തിന്റെ ഇടനാഴി

ശ്രീരംഗപട്ടണം ഒരു ദ്വീപാണ്. കര്‍ണാടകയിലെ മാണ്ഡ്യാ ജില്ലയില്‍ കാവേരി നദിക്ക് നടുവിലുള്ള ഒരു ദ്വീപ്. മൈസൂര്‍ നഗരത്തില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെ, ഒരുകാലത്ത് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്ന തന്ത്രപ്രധാനയിടം. ഈ ദ്വീപ് ആസ്ഥാനമാക്കി 18 വര്‍ഷം വീതം ഭരിച്ച രണ്ട് ധീരരായ രാജാക്കന്മാരുടെ സാമ്രാജ്യത്തിന്റെ തലസ്ഥാനം. ബാംഗ്ലൂര്‍-മൈസൂര്‍ ദേശിയപാതക്കരികിലാണ് ശ്രീരംഗപട്ടണം. ശ്രീരംഗപട്ടണത്തിലേക്ക് സ്വാഗതം ചെയ്യുന്ന കമാനങ്ങള്‍ പിന്നിട്ട് പ്രധാന കവാടം കടന്ന് ആദ്യമെത്തിയത് ലാല്‍ മഹല്‍ പാലസിനു മുമ്പിലാണ്. 90% തകര്‍ക്കപ്പെട്ട ടിപ്പുസുല്‍ത്താന്റെ കൊട്ടാരം. 1799 ല്‍ […]

ശ്രീരംഗപട്ടണം ഒരു ദ്വീപാണ്. കര്‍ണാടകയിലെ മാണ്ഡ്യാ ജില്ലയില്‍ കാവേരി നദിക്ക് നടുവിലുള്ള ഒരു ദ്വീപ്. മൈസൂര്‍ നഗരത്തില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെ, ഒരുകാലത്ത് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്ന തന്ത്രപ്രധാനയിടം. ഈ ദ്വീപ് ആസ്ഥാനമാക്കി 18 വര്‍ഷം വീതം ഭരിച്ച രണ്ട് ധീരരായ രാജാക്കന്മാരുടെ സാമ്രാജ്യത്തിന്റെ തലസ്ഥാനം. ബാംഗ്ലൂര്‍-മൈസൂര്‍ ദേശിയപാതക്കരികിലാണ് ശ്രീരംഗപട്ടണം. ശ്രീരംഗപട്ടണത്തിലേക്ക് സ്വാഗതം ചെയ്യുന്ന കമാനങ്ങള്‍ പിന്നിട്ട് പ്രധാന കവാടം കടന്ന് ആദ്യമെത്തിയത് ലാല്‍ മഹല്‍ പാലസിനു മുമ്പിലാണ്. 90% തകര്‍ക്കപ്പെട്ട ടിപ്പുസുല്‍ത്താന്റെ കൊട്ടാരം. 1799 ല്‍ ബ്രിട്ടീഷ് പട്ടാളം ശ്രീരംഗപട്ടണം പിടിച്ചടക്കിയതോടെ വെടിമരുന്ന് ഉപയോഗിച്ച് തകര്‍ത്തതാണ് ഈ കൊട്ടാരം. അവിടെ നിന്നു നോക്കിയാല്‍ നോക്കെത്താ ദൂരത്തോളം നീണ്ടു നിവര്‍ന്നു കിടക്കുന്ന ശ്രീരംഗപട്ടണത്തെ ചുറ്റിയുള്ള കോട്ടമതില്‍ കാണാം. പലയിടത്തും തകര്‍ക്കപ്പെട്ടിരിക്കുന്നു, പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. ഇങ്ങനെ തകര്‍ക്കപ്പെട്ടതും ആവശേഷിക്കുന്നതുമായ ചരിത്ര പ്രദേശത്തുകൂടിയുള്ള ഒരു ഓട്ടപ്രദക്ഷണമാണ് ഈ യാത്ര.
ജാമിയ മസ്ജിദ്
1787ല്‍ ടിപ്പു തന്നെയാണ് ഈ മസ്ജിദ് നിര്‍മ്മിച്ചത്. അദ്ദേഹം ഇമാമായി നിന്ന് നമസ്‌കാരത്തിന് നേതൃത്വം നല്‍കിയിരുന്നതും ഇവിടെയാണ്. ഈ പുരാതന നഗരത്തില്‍ ഇന്നവശേഷിക്കുന്ന ഗംഭീരമായി നിര്‍മ്മിതികളിലൊന്ന്. ശ്രീരംഗപട്ടണത്തെ മറ്റു നിര്‍മ്മിതികളില്‍ ഉള്ളതുപോലെ അകത്തളങ്ങളില്‍ പുലിയുടെ തോലിന്റെ നിറത്തോട് സാമ്യമുള്ള ചിത്രപ്പണികളുണ്ട്. കാലപ്പഴക്കവും അവഗണനയും കാരണം അവയൊക്കെ നിറം മങ്ങിയിരിക്കുന്നു. ടിപ്പുവിനു പള്ളിയിലെത്താന്‍ ഒരു രഹസ്യ വാതില്‍ ഉണ്ടായിരുന്നു. അതിപ്പോള്‍ കെട്ടിയടച്ച നിലയിലാണ്. പടികള്‍ കയറി മുകളിലെത്തിയാല്‍ ജന്തര്‍ മന്ദിര്‍ എന്ന് വിളിച്ചിരുന്ന ഘടികാരത്തിന്റെ ബാക്കിയായ ഭാഗങ്ങള്‍ കാണാം. നിഴലിനെ അടയാളമാക്കി സമയം നിശ്ചയിച്ചിരുന്ന ഒരു സംവിധാനം.
പള്ളിയുടെ മതില്‍ക്കെട്ടിനകത്ത് തന്നെ അംഗശുദ്ധിക്കായി ഒരു കുളമുണ്ട്, കാവേരി നദി അതിലേക്ക് കയറി ഇറങ്ങി പോകുന്ന രീതിയിലുള്ള ഒരു നിര്‍മ്മിതിയാണത്.
ടിപ്പു വെടിയേറ്റ് വീണ സ്ഥലം
വൃത്തിയായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ഒരു മതില്‍ക്കെട്ടിനകത്ത് മീസാന്‍ കല്ല് പോലെ അടയാളപ്പെടുത്തിയ, നമ്മള്‍ ഒരുപാട് ചിത്രങ്ങളില്‍ കണ്ടിട്ടുള്ള സ്ഥലം. ചെരുപ്പ് പുറത്ത് വെച്ച് വേണം അകത്ത് കടക്കാന്‍, ഞാന്‍ കണ്ടതില്‍ ഈ ചരിത്ര ദേശത്ത് ഏറ്റവും വൃത്തിയായി സംരക്ഷിക്കപ്പെട്ടിട്ടുള്ളത് ഈ സ്ഥലമാണ്. നാലാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തില്‍ ചതിയിലൂടെ ബ്രിട്ടീഷ് പട്ടാളം കീഴ്‌പ്പെടുത്തിയ ടിപ്പുവിനെ വെടിവെച്ചു കൊന്ന സ്ഥലം. ഇന്ത്യയുടെ ചരിത്രം പുതിയൊരു ദിശയിലേക്ക് മാറിയത് അതിനു ശേഷമാണ്. സമ്പൂര്‍ണ്ണ ബ്രിട്ടീഷ് ആധിപത്യത്തിന് തുടക്കംകുറിച്ചു. ബ്രിട്ടീഷുകാരുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും നിര്‍ണായകമായ സ്ഥലം.
ഒരു ഹിന്ദു പെണ്‍കുട്ടി ശിരസ്സ് നിലത്തുകുത്തി അവിടെ നമസ്‌കരിക്കുന്നു, ശേഷം കൈകൂപ്പി സൂര്യനെ നോക്കി എന്തോ പ്രാര്‍ത്ഥിച്ചു.
ഈ രംഗം ക്യാമറയില്‍ പകര്‍ത്തണം എന്ന് തോന്നി. പ്രത്യേകിച്ച് ചരിത്രം അപനിര്‍മ്മിക്കപ്പെടുകയും തിരസ്‌ക്കരിക്കപ്പെടുകയും ചെയ്യുന്ന ഈ കാലത്ത്.
വാട്ടര്‍ഗേറ്റ്
കോട്ടയില്‍ നിന്ന് കാവേരി നദിയിലേക്ക് തുറക്കുന്ന കമാനമാണിത്. കാവേരി നദിയില്‍ നിന്ന് വെള്ളം എടുക്കാനും ജലഗതാഗതത്തിനുമൊക്കെ ഉപയോഗിച്ചിരുന്നത് ആയിരിക്കണം. ഇന്ന് അവഗണന പേറി കിടക്കുന്നു. 1799ല്‍ മിര്‍ സാദിഖ് എന്ന ടിപ്പുവിന്റെ വിശ്വസ്തതനെ വിലക്കെടുത്ത് ടിപ്പുവിനെ കൊല്ലാനായി ബ്രിട്ടീഷുകാര്‍ കോട്ടയ്ക്കകത്ത് പ്രവേശിച്ചത് ഈ ഗേറ്റ് വഴിയാണ്.
വാട്ടര്‍ഗേറ്റില്‍ നിന്ന് കുറച്ചകലെയായി എലിഫന്റ് ഗേറ്റും കാണാം, ആനക്ക് കടന്നുപോകാന്‍ തക്ക ഉയരത്തില്‍ നിര്‍മ്മിച്ചിറ്റുള്ള കോട്ടയില്‍ നിന്ന് പുറത്തു
കടക്കാനുള്ള മറ്റൊരു വഴി.
കേണല്‍ ബെയ്ലിയുടെ തടവറ
ടിപ്പുവിന്റെ ശ്രീരംഗപട്ടണത്തെ ജയിലാണിത്. 1782ല്‍ കേണല്‍ ബെയിലി ഈ ജയിലില്‍ വച്ച് മരിച്ചത് കൊണ്ടാണ് ആ പേരില്‍ അറിയപ്പെടുന്നത്. നിരവധി ബ്രിട്ടീഷ് പട്ടാള ഓഫീസര്‍മാര്‍ക്ക് ക്രൂര മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വന്ന തടവറ.
ഈ ജയിലിനെയും കാവേരി നദിയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. തുറങ്കിലടക്കപ്പെട്ടിരുന്ന തടവുകാരെ കൈകള്‍ രണ്ടും മതിലില്‍ ബന്ധിപ്പിച്ചു നിര്‍ത്തി, തടവു മുറിയിലേക്ക് ഒരു ദ്വാരത്തിലൂടെ കാവേരി ജലം കടത്തിവിടും അങ്ങനെ കഴുത്തറ്റം വെള്ളത്തില്‍ നിര്‍ത്തി തടവുകാരെ സത്യം പറയിപ്പിക്കും.
ജയിലിനകത്ത് പ്രധാന കാഴ്ച ഒരു വലിയ പീരങ്കിയാണ്. ജയിലിനു മുകളിലായിരുന്നത്രെ ഈ പീരങ്കി ആദ്യം ഉണ്ടായിരുന്നത്, പിന്നീട് മേല്‍ക്കൂര പിളര്‍ന്നു താഴെ വീണതാണ്. അതിന്റെ അടയാളമായി രണ്ട് ദ്വാരങ്ങള്‍ മേല്‍ക്കൂരയില്‍ കാണാം.
ടിപ്പുവിന്റെ വേനല്‍ക്കാല കൊട്ടാരം
ദാരിയാ ദൗലത്ത് മഹല്‍ എന്നാണ് ഇതിന്റെ പേര്. ശ്രീരംഗപ്പട്ടണത്തെ ആസ്ഥാന കേന്ദ്രത്തില്‍നിന്ന് കുറച്ചു മാറി, 1784ല്‍ പൂര്‍ണമായും തേക്ക് ഉപയോഗിച്ച് നിര്‍മിച്ചതാണ് ഈ കൊട്ടാരം.
കൊട്ടാരത്തിന്റെ അകത്തും വരാന്തയിലുമൊക്കെയായി ടിപ്പുവിന്റെ പടയോട്ടത്തിന്റെയും വിജയത്തിന്റെയും കഥകള്‍ വിളിച്ച് പറയുന്ന ഒരുപാട് പെയിന്റിങ്ങുകളുണ്ട്. ടിപ്പുവിന്റെ ആയുധങ്ങള്‍, രാജ വസ്ത്രം, ടിപ്പുവിനെ കീഴടക്കിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച മെഡലുകള്‍ ഒക്കെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കൊട്ടാരത്തിനു പുറത്ത് പീരങ്കികളില്‍ ഉപയോഗിച്ചിരുന്ന ഇരുമ്പുകൊണ്ടുള്ള വലിയ ഉണ്ടകള്‍ കൂട്ടിയിട്ടിരിക്കുന്നു.
ഗുംബസ്
ടിപ്പുവിന്റെ സമാധിസ്ഥലമാണ് ഗുംബസ്. പിതാവായ ഹൈദരലിയുടെ മരണശേഷം 1782-1784 കാലത്ത് ടിപ്പുസുല്‍ത്താന്‍ തന്നെ പണികഴിപ്പിച്ചതാണ് ഗുംബസ്. ടിപ്പുവിന്റെ മാതാവ് ഫക്രുനിസയെയും അടക്കം ചെയ്തിട്ടുള്ളത് ഇവിടെത്തന്നെയാണ്. അവസാനം ടിപ്പുവും. പേര്‍ഷ്യയില്‍ നിന്ന് കടല്‍ കടന്നുവന്ന 36 കറുത്ത ഗ്രാനൈറ്റ് തൂണുകളാണ് ഗുംബസിന് ചുറ്റും സ്ഥാപിച്ചിട്ടുള്ളത്. മുമ്പ് സ്വര്‍ണത്തില്‍ പൊതിഞ്ഞ വാതിലുകള്‍ ഉണ്ടായിരുന്നു.
മൈസൂര്‍ സാമ്രാജ്യം വീണതോടെ ബ്രിട്ടീഷുകാര്‍ അത് കൊള്ളയടിച്ചു.
പിന്നീട് മൈസൂര്‍ രാജാവ് കൃഷ്ണരാജ വാഡിയാര്‍ നല്‍കിയ ആനക്കൊമ്പു കൊണ്ടുള്ള കൊത്തുപണികളുള്ള വാതിലുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. പുലിയുടെ ദേഹത്തെ വരകളെ അനുസ്മരിക്കുന്ന പെയിന്റിംഗ് അകത്തളങ്ങളെ ഭംഗിയാക്കുന്നു.
തൊട്ടടുത്ത് തന്നെ മസ്ജിദ് അക്‌സ എന്ന പള്ളിയുണ്ട്. മാതാവിന്റെയും പിതാവിന്റെയും ഖബര്‍ സന്ദര്‍ശിക്കുമ്പോള്‍ ടിപ്പു പ്രാര്‍ത്ഥിച്ചിരുന്നയിടം. ഭാര്യയുടെ, മക്കളുടെ, സൈനിക ഓഫീസര്‍മാരുടെ അങ്ങനെ നിരവധി ഖബറിടങ്ങള്‍ ഗുംബസിന് ചുറ്റിലുമുണ്ട്.
ഓരോ വളവിലും ഏതെങ്കിലുമൊക്കെ ചരിത്രസ്മാരകങ്ങള്‍ നിറഞ്ഞ ഈ ദ്വീപിന്റെ ഏത് മൂലയില്‍ ഇരുന്ന് ചരിത്രത്തിലേക്ക് കാതോര്‍ത്താലും ആ കുതിര കുളമ്പടികള്‍ കേള്‍ക്കാം, പടയോട്ടങ്ങള്‍ക്കായുള്ള മുന്നൊരുക്കങ്ങള്‍ കാണാം, അന്താരാഷ്ട്ര നയതന്ത്രജ്ഞര്‍ കടന്നു പോകുന്ന തെരുവുകള്‍, മിസൈലുകള്‍ പോലും വികസിപ്പിക്കാന്‍ കഴിയുന്ന ആയുധപുരകള്‍, ക്ഷേത്രങ്ങളും പള്ളികളും എല്ലാം ചേര്‍ന്ന് മനുഷ്യര്‍ സഹവര്‍ത്തിത്തോടെ കഴിഞ്ഞ നഗരം.
ഫതഹ് അലി സാഹേബ് ടിപ്പു എന്ന തെക്കേ ഇന്ത്യയില്‍ അതിശക്തമായ ഭരണ സംവിധാനങ്ങള്‍ക്ക് തുടക്കംകുറിച്ച, ഇന്ത്യ കണ്ട എക്കാലത്തെയും ധീരനായ ഒരു ഭരണാധികാരിയുടെ ആസ്ഥാനത്ത് നിന്ന് തല്‍ക്കാലം വിട.

Related Articles
Next Story
Share it