ശ്രീനാരായണ ഗുരു

പത്താം ക്ലാസിലെ മലയാളം അടിസ്ഥാന പാഠാവലിയിലെ 'നിലാവു പെയ്യുന്ന നാട്ടുവഴികള്‍' എന്ന യൂണിറ്റിലെ ഒരു പാഠമാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള എഴുതിയ 'ശ്രീ നാരായണഗുരു'. ഗുരുവിന്റെ ജീവിതത്തെയും ദര്‍ശനങ്ങളെയും കുറിച്ചുള്ള പുനര്‍വായനയും വ്യാഖ്യാനവുമാണ് ഈ ലേഖനം. ഗുരുവിനെ നേരില്‍ കണ്ട് മനസ്സിലാക്കിയ അപൂര്‍വ്വം ചില എഴുത്തുകാരില്‍ ഒരാളാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള. ഗുരുവുമായുള്ള തന്റെ ആദ്യ സമാഗമത്തെക്കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞതിങ്ങനെയാണ്. 'ഉടനെ പരിചാരകനെ വിളിച്ച് കുറേ പഴം കൊണ്ടു വരാന്‍ പറഞ്ഞു. അയാളില്‍ നിന്ന് അത് വാങ്ങി സ്വാമി […]

പത്താം ക്ലാസിലെ മലയാളം അടിസ്ഥാന പാഠാവലിയിലെ 'നിലാവു പെയ്യുന്ന നാട്ടുവഴികള്‍' എന്ന യൂണിറ്റിലെ ഒരു പാഠമാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള എഴുതിയ 'ശ്രീ നാരായണഗുരു'. ഗുരുവിന്റെ ജീവിതത്തെയും ദര്‍ശനങ്ങളെയും കുറിച്ചുള്ള പുനര്‍വായനയും വ്യാഖ്യാനവുമാണ് ഈ ലേഖനം. ഗുരുവിനെ നേരില്‍ കണ്ട് മനസ്സിലാക്കിയ അപൂര്‍വ്വം ചില എഴുത്തുകാരില്‍ ഒരാളാണ് കുറ്റിപ്പുഴ കൃഷ്ണപിള്ള. ഗുരുവുമായുള്ള തന്റെ ആദ്യ സമാഗമത്തെക്കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞതിങ്ങനെയാണ്. 'ഉടനെ പരിചാരകനെ വിളിച്ച് കുറേ പഴം കൊണ്ടു വരാന്‍ പറഞ്ഞു. അയാളില്‍ നിന്ന് അത് വാങ്ങി സ്വാമി എനിക്ക് തന്നു. അന്നത്തെ സന്ദര്‍ശനം മധുരഫലാസ്വാദനത്തില്‍ കലാശിച്ചു. തുടര്‍ന്ന് അഞ്ചാറു കൊല്ലം ശ്രീനാരായണഗുരു ആലുവയില്‍ വിശ്രമിക്കാന്‍ വരുമ്പോഴൊക്കെ അദ്ദേഹവുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്താനും ആ ഗുരുമുഖത്ത് നിന്ന് പല വിശിഷ്‌ടോപദേശങ്ങള്‍ കേള്‍ക്കാനും എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്'.
അഞ്ചാറു കൊല്ലത്തെ ഗുരുവുമായുള്ള അദ്ദേഹത്തിന്റെ ഗാഢബന്ധം സ്വജീവിതത്തില്‍ ഗുരു മാര്‍ഗ്ഗദര്‍ശിയായി മാറുന്നതിന് ഏറെ സഹായകമായി. അതുവഴി ശ്രീ നാരായണന്റെ ജീവിതത്തെയും സന്ദേശങ്ങളെയും ദേശകാലോചിതമായി വ്യാഖ്യാനിക്കുക എന്ന കാലഘട്ടത്തിന്റെ ആവശ്യം സാര്‍ത്ഥകമാക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചു. ശ്രീനാരായണഗുരു എന്ന ലേഖനം സ്വന്തം മോക്ഷം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സന്ന്യാസിമാരില്‍ നിന്ന് ഗുരു എങ്ങനെ വ്യത്യസ്തനാകുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. ഭാരതീയ നവോത്ഥാനത്തിന് അധ:കൃതവര്‍ഗ്ഗോദ്ധാരണം ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണെന്ന് കുറ്റിപ്പുഴ സമര്‍ത്ഥിക്കുന്നു. റാം മോഹന്റായ്, ദയാനന്ദ സരസ്വതി, രാമകൃഷ്ണ പരമഹംസന്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയ കര്‍മ്മയോഗികള്‍ അതിനുവേണ്ടി എങ്ങനെ പ്രവര്‍ത്തിച്ചുവോ അതേ മാര്‍ഗ്ഗം തന്നെയാണ് ഗുരുവും അവലംബിച്ചതെന്നദ്ദേഹം വ്യക്തമാക്കുന്നു. ഒരു യോഗിയായിട്ടും തപശ്ശക്തികൊണ്ട് വികസിച്ച സ്വകീയമായ വ്യക്തിമഹത്വത്തെ സമൂഹ നന്മയ്ക്ക് വേണ്ടി ഗുരു വിനിയോഗിച്ചു. അതുവഴി ഗുരു അനേകം പേരുടെ ജീവിതത്തെ പ്രകാശമാനമാക്കി. ജാതി പിശാചിനെ ഉച്ചാടനം ചെയ്ത് കേരളീയരെ മനുഷ്യത്വം പഠിപ്പിച്ച ഏക ഗുരുനാഥനായി മാറി.
ഇന്ത്യന്‍ സന്ന്യാസിമാര്‍ക്ക് ശ്രീനാരായണന്റെ സേവന സമര്‍പ്പിതമായ ജീവിതം മഹത്തായ മാതൃകയാണെന്നും മനുഷ്യ ജാതിയെന്ന വിശ്വവിശാലമായ ആശയത്തിന്റെ പ്രഥമാവതാരാകനാണദ്ദേഹമെന്നും കുറ്റിപ്പുഴ സമര്‍ത്ഥിക്കുന്നു. മനുഷ്യജാതി എന്ന ഗുരുവിന്റെ തത്ത്വം കുറ്റിപ്പുഴയുടേത് കൂടിയായിരുന്നു. മറ്റ് മതപ്രചാരകന്‍മാര്‍ അവനവന്റെ മതമാകുന്ന പുഴയുടെ ആഴവും നീളവും അളന്നു കാട്ടി പ്രചാരണ പെരുമ്പറ മുഴക്കിയപ്പോള്‍, ശ്രീ നാരായണഗുരു ഹിന്ദുമതത്തെപ്പറ്റി ഒരക്ഷരവും പറയാതെ എല്ലാ മതനദികളും ചെന്നു ചേരുന്ന മഹാസമുദ്രത്തെപ്പറ്റിയാണ് സംസാരിച്ചതെന്ന സംഗതി ഏറ്റവും അര്‍ത്ഥവത്താണെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ഒരു പ്രത്യേക മതത്തെ ആസ്പദമാക്കി ഗുരു ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത് നിരക്ഷരരായ അധ:സ്ഥിതരെ പടിപടിയായി ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ഉപാധിയാണെന്ന് കുറ്റിപ്പുഴ വിലയിരുത്തുന്നു.
വിദ്യാഭ്യാസം, വ്യവസായം, സംഘടന, ജീവിത ശുദ്ധി എന്നിവയാണ് അധ:കൃത വര്‍ഗ്ഗോദ്ധാരണത്തിന് വേണ്ടതെന്ന ഗുരുവചനത്തെ അദ്ദേഹം ലേഖനത്തില്‍ ഊന്നിപ്പറയുന്നുണ്ട്. ആദര്‍ശശാലിതയും പ്രായോഗികബുദ്ധിയും ഇണങ്ങിച്ചേര്‍ന്ന യുഗചാര്യനാണ് ശ്രീനാരായണഗുരുവെന്ന് സോദാഹരണം അദ്ദേഹം സമര്‍ത്ഥിക്കുകയും ചെയ്യുന്നു. ഗുരുവിന്റെ ജീവിതവും സന്ദേശങ്ങളും ജാതി മതാന്ധതയില്‍ പെട്ടുപോയ നമ്മുടെ നാടിന് മാനവികതയുടെ, സാമൂഹിക സമഭാവനയുടെ മനോഭാവം ഊട്ടി വളര്‍ത്തുന്നതില്‍ ഏറെ സഹായിച്ചിട്ടുണ്ടെന്ന് സമര്‍ത്ഥിക്കുന്ന ഈ ലേഖനം കുട്ടികള്‍ക്ക് വേറിട്ട പഠനാനുഭവം പ്രദാനം ചെയ്യുന്നു.

-ഡോ.ജയരാജന്‍ കാനാട്

Related Articles
Next Story
Share it