ജില്ലയുടെ അഭിമാനമായി ഡിസ്‌കസ് ത്രോയില്‍ റെക്കോര്‍ഡ് കുറിച്ച് സോന

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജൂനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് സോനാ മോഹന്‍ കാസര്‍കോട് ജില്ലയുടെ അഭിമാനമായി. ജൂനിയര്‍ ഡിസ്‌കസ് ത്രോയില്‍ തൃശൂര്‍ സ്വദേശി അതുല്യ ഏഴ് വര്‍ഷം മുമ്പ് കുറിച്ച 37.73 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് 38.64 ദൂരമെറിഞ്ഞ് ചെറുവത്തൂര്‍ സ്വദേശിനി സോന നേട്ടം സ്വന്തമാക്കിയത്. കോച്ച് ഗിരീഷ് കെ.സിയുടെ ശിക്ഷണത്തിലാണ് സോന മികച്ച പ്രകടനം പുറത്തെടുത്തത്. ഓട്ടോ തൊഴിലാളിയായ പി.പി മോഹനന്റെയും ടി. സൗമ്യയുടെയും മൂത്ത മകളായ സോന കുട്ടമത്ത് ജി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ സ്‌കൂള്‍ കായികമേളയില്‍ സോന ജൂനിയര്‍ ഡിസ്‌കസ് ത്രോയില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. സ്വര്‍ണം എറിഞ്ഞെടുത്തും റെക്കോര്‍ഡ് കുറിച്ചും സോന ജില്ലയുടെ അഭിമാനം ഉയര്‍ത്തിയപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് മുന്നോട്ടുള്ള പ്രയാണത്തില്‍ ചോദ്യചിഹ്നമാവുന്നുണ്ട്. കുടുംബത്തിന്റെ ആകെയുള്ള വരുമാനം അച്ഛന്‍ ഓട്ടോ ഓടിക്കുന്നതാണ്. എന്നാല്‍ സോനയുടെ നിരന്തര പരിശീലനത്തിനും മറ്റും കൂടെ പോകേണ്ടി വരുന്നതിനാല്‍ അതും മുടങ്ങിപോകുന്നു. ചെറുവത്തൂരിലെ സ്ഥാപനത്തില്‍ സെയില്‍സ് സ്റ്റാഫായിരുന്ന അമ്മ മികച്ച ആഹാര രീതി ഒരുക്കാനും മറ്റും വേണ്ടി ആ ജോലി ഉപേക്ഷിച്ച് വീട്ടില്‍ തന്നെയാണ്. മകളെ ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും ശ്രദ്ധേയയാക്കുക എന്നതാണ് അച്ഛന്റെയും അമ്മയുടെയും ലക്ഷ്യം. സോനയുടെ പരിശീലനം, യാത്ര, ഭക്ഷണം എന്നിങ്ങനെ ഭാരിച്ച ചെലവുണ്ട്.
വീടെന്ന സ്വപ്‌നം ബാക്കി വെച്ച് മകളുടെ നേട്ടത്തിനുള്ള ഓട്ടത്തിലാണ് ഈ രക്ഷിതാക്കള്‍. നാട്ടിലുള്ള ക്ലബ്ബും സംഘടനകളുമൊക്കെ ചെറിയ രീതിയില്‍ സഹായത്തിനുണ്ട്. സുമനസുകള്‍ കനിഞ്ഞാല്‍ സോന മികച്ച രീതിയില്‍ മുന്നേറുമെന്ന് തീര്‍ച്ച.

