രഞ്ജി ട്രോഫിയില്‍ കാസര്‍കോട് ജില്ലയില്‍ നിന്ന് ആറാമനായി ശ്രീഹരി എസ്. നായര്‍; മുഹമ്മദ് അസ്ഹറുദ്ദീന്‍ വീണ്ടും ടീമില്‍

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ നിന്ന് രഞ്ജി ട്രോഫി ക്രിക്കറ്റിലേക്ക് ഒരു താരം കൂടി. നീലേശ്വരം സ്വദേശി ശ്രീഹരി എസ്. നായരാണ് ജില്ലയില്‍ നിന്നുള്ള ആറാമത്തെ രഞ്ജി താരമായി തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിലേക്കുള്ള കേരള ടീമില്‍ കാസര്‍കോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീനൊപ്പം ശ്രീഹരി എസ്. നായരും കളിക്കും. സച്ചിന്‍ ബേബിയാണ് ടീമിനെ നയിക്കുന്നത്. ഇരുവരെയും കാസര്‍കോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ അഭിനന്ദിച്ചു.

നെല്ലിക്കുന്ന് സ്വദേശി ഭാസ്‌കരനാണ് കാസര്‍കോട് ജില്ലയില്‍ നിന്ന് ആദ്യമായി രഞ്ജിയില്‍ കളിച്ചത്. അടുക്കത്ത്ബയല്‍ സ്വദേശി ചന്ദ്രശേഖര, നീലേശ്വരം പടന്നക്കാട് സ്വദേശി പി. മനോജ്, കാസര്‍കോട് പള്ളം സ്വദേശി അന്‍ഫല്‍ പി.എം, തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവര്‍ പിന്നാലെ രഞ്ജി ക്രിക്കറ്റിലെത്തി. അസ്ഹറുദ്ദീന്‍ ഇപ്പോഴും രഞ്ജി ക്രിക്കറ്റിലെ മികച്ച കേരള താരമായി തിളങ്ങുകയാണ്. ഇതിന് പിന്നാലെയാണ് ശ്രീഹരി എസ്. നായര്‍ രഞ്ജി ക്രിക്കറ്റില്‍ ഇടം നേടിയത്. ജില്ലാ ക്രിക്കറ്റ് അക്കാദമിയിലൂടെയും കെ.സി.എ സീനിയര്‍ അക്കാദമിയിലൂടെയും വളര്‍ന്ന് വന്ന ശ്രീഹരി അണ്ടര്‍-16, 19, 23 ജില്ലാ ടീമുകള്‍ക്ക് വേണ്ടി കളിച്ചാണ് പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് കടന്നത്. അണ്ടര്‍-19, 23 ജില്ലാ ക്രിക്കറ്റില്‍ ക്യാപ്റ്റനായിരുന്ന ഈ ലഫ്റ്റ് ഹാന്റ് സ്പിന്നര്‍ അണ്ടര്‍-23, 25 കേരളാ ടീമിന് വേണ്ടിയും കളിച്ചു. യൂണിവേഴ്‌സിറ്റി ചാ മ്പ്യന്‍ഷിപ്പില്‍ എം.ജി യൂണിവേഴ്‌സിറ്റി ആദ്യമായി ജേതാക്കളായപ്പോള്‍ ശ്രീഹരി ടീമിലുണ്ടായിരുന്നു.

ത്രിപുരക്കെതിരെ നേടിയ 8 വിക്കറ്റ് നേട്ടം കേരളത്തിന് വേണ്ടിയുള്ള ഈ താരത്തിന്റെ മികച്ച പ്രകടനമായിരുന്നു. കോഴിക്കോടിന്റെ 8 വിക്കറ്റ് വീഴ്ത്തി ജില്ലയ്ക്ക് വേണ്ടിയും മികച്ച പ്രകടനം നടത്തി. കെ.സി.എല്‍ ടൂര്‍ണമെന്റില്‍ തിരുവനന്തപുരം റോയല്‍സ് ടീം അംഗമായിരുന്നു കാസര്‍കോടിന്റെ ഈ അഭിമാനതാരം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it