ദേശീയ സ്‌കൂള്‍ ഫുട്‌ബോള്‍ കിരീടം ചൂടിയ ടീമിന്റെ മിന്നും താരം ഷിഫാസിന് നാടിന്റെ സ്‌നേഹോഷ്മള വരവേല്‍പ്പ്

പൊവ്വല്‍: ശ്രീനഗറില്‍ നടന്ന ദേശീയ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കിരീടം ചൂടിയ കേരളാ ടീമിന്റെ വൈസ് ക്യാപ്റ്റനായ പൊവ്വല്‍ സ്വദേശി എം.ബി മുഹമ്മദ് ഷിഫാസ് ജില്ലയ്ക്ക് അഭിമാനമായി. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഷിഫാസ്. വിജയ ടീമിന്റെ ഉപനായകനെന്ന നിലയില്‍ മികച്ച് പ്രകടനമാണ് ഷിഫാസ് നടത്തിയത്. മേഘാലയയെ എതിരില്ലാതെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളം 69-ാമത് ദേശീയ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായത്. ഫൈനല്‍ ഉള്‍ പ്പെടെ കളിച്ച 6 മത്സരങ്ങളില്‍ അഞ്ചിലും ഒറ്റ ഗോള്‍ പോലും വഴങ്ങാതെയായിരുന്നു കേരളത്തിന്റെ കുതിപ്പ്. പ്രതിരോധ നിരയില്‍ കളിച്ച ഷിഫാസിന്റെ മികച്ച പ്രകടനം ടീമിന്റെ മുന്നേറ്റത്തില്‍ നിര്‍ണായകമായി. ജില്ലാ സ്‌കൂള്‍ ജൂനിയര്‍ ടീമിലൂടെയാണ് ഷിഫാസ് ഫുട്‌ബോളിന്റെ മുഖ്യധാരയിലെത്തുന്നത്. പിന്നീട് സംസ്ഥാന ജൂനിയര്‍ സ്‌കൂള്‍ ടീമിലും സീനിയര്‍ സ്‌കൂള്‍ ടീമിലും ഇടം നേടി. കഴിഞ്ഞ വര്‍ഷം ഈസ്റ്റ് ബംഗാളിന്റെ അണ്ടര്‍ 17 ലീഗ് ടീമിലും കളിച്ചിരുന്നു.
കേരളാ ടീമിന് ട്രെയിന്‍ ടിക്കറ്റ് ലഭിക്കാത്തതിനാല്‍ കളിക്കാരുടെ അഭ്യര്‍ത്ഥന പ്രകാരം നാട്ടിലേക്കുള്ള മടങ്ങി വരവിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വിമാനയാത്ര തരപ്പെടുത്തികൊടുത്തിരുന്നു. കഴിഞ്ഞ ദിവസം വിമാനത്തില്‍ തിരുവനന്തപുരത്ത് വന്നിറങ്ങിയ ടീമംഗങ്ങള്‍ കിരീടവുമായി ആദ്യം ചെന്നത് വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ്. അദ്ദേഹത്തോടൊപ്പം പ്രാതല്‍ കഴിക്കുകയും ചെയ്തു.
ഇന്ന് രാവിലെ ട്രെയിന്‍ മാര്‍ഗം തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടെത്തിയ മുഹമ്മദ് ഷിഫാസിന് റെയില്‍വേ സ്റ്റേഷനില്‍ നാട്ടുകാര്‍ സ്വീകരണം നല്‍കി.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എ.ബി. ഷാഫിയുടെയും ആയിഷത്ത് ഷറഫുന്നിസയുടെയും മകനാണ് ഷിഫാസ്.