ദേശീയ ഗെയിംസ്: നെറ്റ്‌ബോള്‍ കോച്ചിംഗ് ക്യാമ്പില്‍ ഇടം നേടി ബാസ്‌ക്കറ്റ് ബോളിലെ മിന്നുംതാരം
കാഞ്ഞങ്ങാട്: ബാസ്‌ക്കറ്റ് ബോളിലെ മിന്നുംതാരം ദേശീയ ഗെയിംസിലെ കേരളത്തിന്റെ നെറ്റ്‌ബോള്‍ ടീം കോച്ചിംഗ് ക്യാമ്പില്‍ ഇടം നേടി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ്‌ബോള്‍ ടീം ക്യാപ്റ്റനും കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് റാഫിയാണ് സംസ്ഥാന നെറ്റ്‌ബോള്‍ ടീമിന്റെ കോച്ചിംഗ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഉത്തരാഖണ്ഡിലാണ് ദേശീയ ഗെയിംസ് നടക്കുന്നത്. ഇന്ന് മുതല്‍ ഫെബ്രുവരി നാലുവരെ തൃശൂര്‍ കൊരട്ടി നൈപുണ്യ കോളേജില്‍ നടക്കുന്ന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജില്ലയില്‍ നിന്നുള്ള ഏകതാരമാണ് മുഹമ്മദ് റാഫി. കഴിഞ്ഞവര്‍ഷം ബംഗളൂരുവില്‍ നടന്ന അന്തര്‍ സര്‍വകലാശാല ബാസ്‌ക്കറ്റ് ബോള്‍ മത്സരത്തില്‍ കണ്ണൂര്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരുന്നു. സംസ്ഥാന സീനിയര്‍ ബാസ്‌ക്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിലും ജില്ലയെ പ്രതിനിധീകരിച്ചിരുന്നു. തെലങ്കാനയില്‍ നടന്ന സൗത്ത് ഇന്ത്യന്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് വെങ്കല മെഡല്‍ ലഭിച്ചിരുന്നു. നെഹ്‌റു കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്. ഇവിടെ തന്നെ ബിരുദ പഠനത്തിന് ശേഷം ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ഇംഗ്ലീഷ് ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നത്. ഇരിട്ടി സ്വദേശിയായ മുഹമ്മദ് റാഫി അബ്ദുല്‍ ഖാദറിന്റെയും റൈഹാനത്തിന്റെയും മകനാണ്.