നൂറാം അന്താരാഷ്ട്ര റാലിക്കൊരുങ്ങി മൂസാ ഷരീഫ്

കാസര്‍കോട്: ഇന്ത്യന്‍ കാര്‍ റാലി ചാമ്പ്യന്‍ മൂസാ ഷരീഫ് അപൂര്‍വ റെക്കോര്‍ഡിനരികില്‍. നൂറാം അന്താരാഷ്ട്ര റാലിയില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ബഹുമതി ഇനി മൂസ ഷരീഫിന് സ്വന്തമാകും. നാളെ ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ ആരംഭിക്കുന്ന ആഫ്രിക്കന്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ കളത്തില്‍ ഇറങ്ങുന്നതോടെയാണ് ഈ നേട്ടം കൈവരിക്കുക. ഇന്ത്യന്‍ റാലി സര്‍ക്യൂട്ടിലെ തന്നെ ഏറ്റവും വലിയ നാഴികക്കല്ലാണിത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 16 വ്യത്യസ്ത ഡ്രൈവര്‍മാരുടെ കൂടെ മത്സരിച്ചാണ് ഇന്ത്യയിലെ നമ്പര്‍ വണ്‍ നാവിഗേറ്ററായ മൂസാ ഷരീഫ് ഈ നേട്ടം കൊയ്യുന്നത്. ഇതിനകം 341 റാലികളില്‍ മത്സരിച്ച ഷരീഫ് എട്ടുതവണ ദേശീയ കാര്‍ റാലി ചാമ്പ്യന്‍പട്ടം മാറോടണച്ചിട്ടുണ്ട്. പ്രശസ്ത ഡ്രൈവര്‍ നവീന്‍ പുലിഗില്ലയോടൊപ്പം ചേര്‍ന്നാണ് നാളെ ആരംഭിക്കുന്ന ആഫ്രിക്കന്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ ഷരീഫ് മത്സരത്തിനിറങ്ങുന്നത്. 320 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 9 സ്‌പെഷ്യല്‍ സ്റ്റേജുകള്‍ അടങ്ങിയ സാഹസികത നിറഞ്ഞ പാതയിലൂടെയുള്ളതാണ് ആഫ്രിക്കന്‍ കാര്‍ റാലി ചാമ്പ്യന്‍ഷിപ്പ്. നേരത്തെ കെനിയയില്‍ നടന്ന സഫാരി റാലിയില്‍ ഈ സഖ്യം ജേതാക്കളായിരുന്നു. തന്റെ നൂറാം അന്താരാഷ്ട്ര റാലിയില്‍ വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് മൊഗ്രാല്‍ പെര്‍വാഡ് സ്വദേശിയായ മൂസാ ഷരീഫ് പറയുന്നു.