ഒമാനെതിരായ ആദ്യ മത്സരത്തില്‍ കേരളത്തിന് മിന്നും ജയം

മസ്‌ക്കറ്റ്: തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്റെ നായകത്വത്തില്‍ ഇറങ്ങിയ കേരള ക്രിക്കറ്റ് ടീമിന് ഒമാന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ മിന്നും ജയം. അമീറാത്ത് ക്രിക്കറ്റ് അക്കാദമിക് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഒമാന്‍ ചെയര്‍മാന്‍ ഇലവനെ കേരളം പരാജയപ്പെടുത്തിയത്. രോഹന്‍ കുന്നുമ്മലിന്റെ സെഞ്ച്വറി മികവിലാണ് (109 ബോളില്‍ 122) കേരളം വിജയം സ്വന്തമാക്കിയത്. നാല് സിക്സറും 12 ബൗണ്ടറിയും അടങ്ങുന്നതായിരുന്നു രോഹന്റെ വെടിക്കെട്ട്. ഒമാന്‍ ഉയര്‍ത്തിയ 327 എന്ന കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ കേരളം പതിയെയാണ് തുടങ്ങിയത്. 11-ാം ഓവറില്‍ ടീം 64ല്‍ നില്‍ക്കെ 23 റണ്‍സെടുത്ത അഹമദ് ഇബ്രാഹിമിന്റെ വിക്കറ്റ് നഷ്ടമായി. അതേ ഓവറില്‍ മുഹമ്മദ് അസ്ഹറുദ്ദീനെയും പുറത്താക്കി ഹുസൈന്‍ അലി ഒമാന് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ഒരറ്റത്ത് രോഹന്‍ കുന്നുമ്മല്‍ പിടിച്ച് നിന്നതോടെ കേരളം സ്‌കോര്‍ ഉയര്‍ത്തി. സല്‍മാന്‍ നിസാറും (87) തിളങ്ങിയതോടെ ആദ്യ മത്സരത്തില്‍ വിജയം ഉറപ്പിക്കാന്‍ കേരളത്തിന് സാധിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഒമാന്‍ ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ്ങിന്റെ ഗംഭീര ഇന്നിങ്സിന്റെ മികവിലാണ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്.